കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയപാതാ വിവാദവും മുന്നണികൾക്ക്‌ പ്രചാരണ ആയുധമാകുന്നു. ദേശീയപാത വികസനത്തിന്റെ നേട്ടങ്ങൾ കൊയ്യാൻ ഇടതുമുന്നണിയും എൻ.ഡി.എ.യും മത്സരിക്കുന്നതിനിടയിലാണ് വിവാദവും വന്നിരിക്കുന്നത്. ദേശീയപാതയടക്കമുള്ള കേരളത്തിലെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിരുന്നതും പിന്നാലെ കേരള സർക്കാർ ചടങ്ങ് ബഹിഷ്കരിച്ചതും ഈ ജില്ലയിലെ മൂന്ന് മുന്നണികൾക്കും കരുത്തുറ്റ ആയുധമായിരിക്കുന്നു. ദേശീയപാത വികസനത്തിന്റെ ആദ്യ റീച്ച് പൂർത്തിയായത് തലപ്പാടി-ചെങ്കള റൂട്ടിലാണ്. അതുകൊണ്ടുതന്നെ, ഇടതുമുന്നണി ഇവിടെ പ്രതീകാത്മക ഉദ്ഘാടനം നടത്തി.

To advertise here,

സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. നാടമുറിച്ചായിരുന്നു പ്രതീകാത്മക ഉദ്ഘാടനച്ചടങ്ങ്. പിന്നാലെ എൻ.ഡി.എ. നേതാക്കൾ പ്രസ്താവനയുമായെത്തി. ദേശീയപാതയുടെ മുഴുവൻ ക്രെഡിറ്റും കേന്ദ്ര സർക്കാരിനെന്നായിരുന്നു ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനിയുടെ പ്രതികരണം. കഥകളറിയാതെയുള്ള ആട്ടം കാണലാണെന്ന് തിരിച്ചടിച്ച് ഇടതുമുന്നണി ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ അശ്വിനിക്ക് മറുപടിയും നൽകി. ഇടതുമുന്നണി സർക്കാർ ദേശീയപാതാ വികസനത്തിന് കിഫ്ബി വഴി 5600 കോടി രൂപ നൽകിയത് ആർക്കുമറിയാത്ത കാര്യമല്ലെന്ന് പറഞ്ഞ, സതീഷ് ചന്ദ്രൻ യു.ഡി.എഫും ബി.ജെ.പി.യും തീർത്ത തടസ്സപ്പെടുത്തലുകളെ അതിജീവിച്ചാണ് കേരളത്തിലെ ഇടത്‌ സർക്കാർ ദേശീയപാതാ വികസനം യാഥാർഥ്യമാക്കിയതെന്നും വിശദീകരിച്ചു.

ദേശീയപാതാ വികസനത്തിന്റെ നേട്ടങ്ങൾ ഈ രണ്ട് മുന്നണികളും കൊണ്ടുനടക്കാൻ തുനിഞ്ഞിറങ്ങുന്നതിനിടയിൽ കിട്ടിയ വിവാദം യു.ഡി.എഫും ഉപയോഗിച്ച് തുടങ്ങി. മന്ത്രി റിയാസിനെ ഉദ്ഘാടനച്ചടങ്ങിൽ ഉൾപ്പെടുത്താത്തതിൽ വിയോജിപ്പ് പ്രകടിപ്പിച്ച യു.ഡി.എഫ്., ദേശീയപാതാവികസനം ആരുടെയും അക്കൗണ്ടിൽ സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും ആവർത്തിച്ചു.

കുമ്പള ആരിക്കാടി ടോൾബൂത്തിനെതിരെയുള്ള സമരമായിരുന്നു തൊട്ടുമുൻപുണ്ടായ മറ്റൊരു വിവാദം. ഇത് പ്രചാരണ ആയുധമാക്കിത്തുടങ്ങിയപ്പോഴാണ് മറ്റൊന്ന് കൂടി വീണുകിട്ടുന്നത്. ആരിക്കാടി ടോൾപ്ലാസയിൽ ആദ്യം സമരത്തിനിറങ്ങിയത് എ.കെ.എം.അഷറഫ് എം.എൽ.എ.യായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യുടെ ഇടപെടലിലാണ് ടോൾ നിർത്തിയതെന്ന് പറഞ്ഞ്, ഉണ്ണിത്താന്റെ ഇടപെടൽ കൃത്യമായി എടുത്തുകാട്ടുകയും ചെയ്യുന്നു യു.ഡി.എഫ്. ടോൾപ്ലാസ നിർത്തലാക്കിയത് ആദ്യം ഫെയ്‌സ്ബുക്കിൽ കുറിച്ച് ഒരുമുളം മുൻപേ എറിഞ്ഞത് ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രനാണ്.

ദേശീയപാതയിൽ പലയിടത്തും ജനം ആവശ്യപ്പെട്ടതുപ്രകാരമുള്ള പ്രശ്നങ്ങളുണ്ട്. ഇതും മറ്റൊരു പ്രചാരണ ആയുധമാണ്. ജില്ലാ ആസ്പത്രിക്ക് മുന്നിലും കാഞ്ഞങ്ങാട് മുത്തപ്പനാർക്കാവിലും ചെറുവത്തൂരിലുമൊക്കെ നടക്കുന്ന സമരങ്ങളിൽ എല്ലാ മുന്നണികളും ചേരുന്നു. ജില്ലാ ആസ്പത്രിയിലേക്ക് സർവീസ് റോഡിലൂടെ ആംബുലൻസ് ചീറിപ്പാഞ്ഞുവരുന്നത് എങ്ങനെയെന്ന് ചോദിച്ച് കാഞ്ഞങ്ങാട്ട് എൻ.ഡി.എ. പ്രചാരണം തുടങ്ങി. നാടിനെ രണ്ടായി മുറിച്ചുവെന്നതാണ് പ്രചാരണത്തിലെ മറ്റൊരു ആയുധം. സർവീസ് റോഡിന്റെ ഇരുഭാഗങ്ങളും പടുകൂറ്റൻ മതിലുയർത്തി അങ്ങോട്ടുമിങ്ങോട്ടും കാണാനാകാത്ത വിധം മറച്ചതെന്തിന്, മംഗളൂരുവിലേതുപോലെ പരസ്പരം കാണാൻ പറ്റുന്ന രീതിയിലുള്ള നിർമാണം മതിയായിരുന്നുവല്ലോയെന്ന് പറഞ്ഞുള്ള പ്രചാരണവും നടക്കുന്നു.