പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയിൽ പങ്കുചേരുമെന്ന് വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് അറിയിച്ചു. എന്നാൽ താൻ കോൺഗ്രസിൽ ചേരില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ എപ്പോഴും സ്വതന്ത്ര നിലപാട് കാത്തുസൂക്ഷിക്കുന്ന ആളാണെന്നും കേരളത്തിൽ ഇടതുപക്ഷ മനസ്സ് ശോഷിച്ചുപോകാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവരിൽ ഒരാളാണെന്നും സുരേഷ് പറഞ്ഞു.

To advertise here,

സിപിഎമ്മിന് മൂല്യശോഷണം സംഭവിച്ചിട്ടുണ്ടെന്നും സഖാക്കൾക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി രേഖകളിൽ തന്നെ പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുത്തൽ പ്രക്രിയ നടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ലെന്നും സുരേഷ് പറഞ്ഞു.

കഴിഞ്ഞ 13 വർഷമായി താൻ പലതവണ അപമാനിക്കപ്പെട്ടതായും നിരവധി കത്തുകൾ നൽകിയിട്ടും പാർട്ടി നേതൃത്വം മറുപടി പോലും നൽകിയില്ലെന്നും സുരേഷ് പറഞ്ഞു. തന്നെ പാർട്ടി ഗ്രൂപ്പിൽ ഉൾപ്പെടുത്താനുള്ള പ്രാദേശിക ഘടകത്തിന്റെ തീരുമാനം മേൽക്കമ്മിറ്റി ഇടപെട്ട് തടഞ്ഞു.

മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി നിൽക്കാൻ പ്രയാസമില്ലെന്നും സുരേഷ് കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.