ആലപ്പുഴ: പോസ്റ്റൽ ബാലറ്റ് പൊട്ടിച്ചുനോക്കി തങ്ങൾക്കനുകൂലമല്ലാത്തവ തിരുത്തിയിട്ടുണ്ടെന്ന് ജി. സുധാകരൻ കഴിഞ്ഞ മേയിൽ പ്രസംഗിച്ചത് തിരഞ്ഞെടുപ്പു കമ്മിഷൻ ഗൗരവമായെടുത്തോ? ഏതായാലും പോളിങ് ഉദ്യോഗസ്ഥരുടെ വിട്ടിലോട്ടുരീതി കമ്മിഷൻ ഇക്കുറി പരിഷ്കരിച്ചു. വീട്ടിലിരുന്ന് വോട്ടുചെയ്ത് ബാലറ്റ് തങ്ങളുടെ സംഘടനകൾക്കു കൈമാറാനാകില്ല. പോളിങ് ഉദ്യോഗസ്ഥരുടെ വോട്ട് കമ്മിഷൻ ഇക്കുറി പ്രത്യേക കേന്ദ്രങ്ങളിലാക്കി.

To advertise here,

ഇതോടെ പോസ്റ്റൽ വോട്ട് ‘ഉറപ്പിക്കാൻ’ സംഘടനകൾക്ക് മാർഗമില്ലാതായിരിക്കുകയാണ്. തിരഞ്ഞെടുപ്പു പരിശീലന ക്ലാസിലെത്തുമ്പോഴോ വോട്ടിങ് സാമഗ്രികൾ വാങ്ങാനെത്തുമ്പോഴോ ഉദ്യോഗസ്ഥർ പ്രത്യേകം ക്രമീകരിച്ച കേന്ദ്രത്തിൽ വോട്ടുചെയ്യണം. അതിനുള്ള സൗകര്യം തിരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. ഫലത്തിൽ, പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന ജി. സുധാകരന്റെ പ്രസംഗം കമ്മിഷൻ ഗൗരവത്തിലെടുത്തതുപോലെയായി.

തിരഞ്ഞെടുപ്പുജോലിയുള്ള ഉദ്യോഗസ്ഥർക്ക് തദ്ദേശ തിരഞ്ഞെടുപ്പുവരെ ബാലറ്റ് പോസ്റ്റ്‌ ഓഫീസ് വഴി വീട്ടിലെത്തിയിരുന്നു. വീട്ടിൽവെച്ച് വോട്ടുചെയ്തശേഷം സംഘടനാ ഭാരവാഹികൾ അതുവാങ്ങി ഒരുമിച്ച് റിട്ടേണിങ് ഓഫീസറെ ഏൽപ്പിക്കുകയായിരുന്നു പതിവ്. അതുകൊണ്ട് പോസ്റ്റൽ വോട്ട് മിക്കവാറും സംഘടനകൾ അനുകൂലിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിക്ക് ഉറപ്പിക്കാനാകുമായിരുന്നു.

എന്നാൽ, ഇത്തവണ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവരുടെ ലിസ്റ്റ് നോക്കിയുറപ്പിച്ച് പ്രത്യേക കേന്ദ്രങ്ങളിൽ വെച്ചേ ബാലറ്റ് പേപ്പർ നൽകൂ. കൈയിൽ മഷി പുരട്ടിയശേഷം ഉദ്യോഗസ്ഥർക്ക് അവിടെ വെച്ച് ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്ത് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കാം. അതു പിന്നീട് വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു മാറ്റും.

ആലപ്പുഴയിൽ 2025 മേയിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിലാണ് ജി. സുധാകരൻ പോസ്റ്റൽ ബാലറ്റ് തിരുത്തിയ സംഭവത്തെക്കുറിച്ചു പ്രസംഗിച്ചത്. അതിങ്ങനെയായിരുന്നു: ‘തപാൽവോട്ടു ചെയ്യുമ്പോൾ എൻ.ജി.ഒ. യൂണിയൻകാർ വേറെ ആളുകൾക്ക് വോട്ടുചെയ്യരുത്. കുറച്ചുപേർ അങ്ങനെ ചെയ്യുന്നുണ്ട്. മുൻപ്, കെ.എസ്.ടി.എ. നേതാവ് കെ.വി. ദേവദാസ് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചപ്പോൾ പാർട്ടി ഓഫീസിൽ പോസ്റ്റൽ ബാലറ്റ് പൊട്ടിച്ചു പരിശോധിച്ച് തിരുത്തിയിട്ടുണ്ട്. 15 ശതമാനംപേരും ചെയ്തത് എതിർസ്ഥാനാർഥിക്കായിരുന്നു. ഇനി എന്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല’. പ്രസംഗത്തിന്റെ പേരിൽ ജി. സുധാകരന്റെ പേരിൽ കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല.