കണ്ണൂർ; ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് നൽകിയാൽ മതിയെന്ന് സ്ഥാനാർഥി നിർണയം ചർച്ചചെയ്യാൻ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനം. ഇതോടെ രണ്ട് ടേം പൂർത്തിയാക്കിയ മുൻ മന്ത്രി കെ.കെ ശൈലജയ്ക്കും(മട്ടന്നൂർ) സ്പീക്കർ എ.എൻ ഷംസീറിനും(തലശ്ശേരി) പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കാരായി രാജന്റെയും പേരുകളാണ് ഈ രണ്ട് സീറ്റുകളിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ തീരുമാനമായിരിക്കുന്നത്.

To advertise here,

തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂർ നഗരസഭ മുൻ ചെയർപേഴ്‌സണുമായ പി.കെ ശ്യാമളയുടെ പേരാണ് പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിൽ തളിപ്പറമ്പ് സീറ്റിലേക്ക് ശ്യാമളയുടെ പേരിൽ ചില എതിർപ്പുകൾ ഉന്നയിക്കപ്പെട്ടു. എന്നാൽ ഈ വിയോജിപ്പ് രേഖപ്പെടുത്തിയാണ് പേര് സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ തീരുമാനിച്ചതെന്നാണ് സൂചന. മറ്റ് സിറ്റിങ് എംഎൽഎമാരായ എം.വിജിൻ(കല്യാശ്ശേരി), കെ.വി സുമേഷ്(അഴീക്കോട്) ടി.ഐ മധുസൂദനൻ(പയ്യന്നൂർ) എന്നിവർ അതാതിടങ്ങളിൽ വീണ്ടും മത്സരിക്കും.

പാർട്ടി ഫണ്ട് മുക്കിയെന്ന കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തൽ പയ്യന്നൂരിൽ വൻ വിവാദമായെങ്കിലും മധുസൂദനന് രണ്ടാം ടേം നൽകാനാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തിരിക്കുന്നത്. മധുസൂദനനെ മാറ്റി നിർത്തിയാൽ അത് പാർട്ടി ഫണ്ട് തട്ടിച്ചു എന്ന ആക്ഷേപം അംഗീകരിക്കുന്നതിന് തുല്യമാകും എന്നത് പരിഗണിച്ചാണ് പേര് അംഗീകരിച്ചത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശകളിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക.

കെ.കെ ശൈലജയുടെ കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിലപാട് നിർണായകമാകും. സമ്മർദം ശക്തമായാൽ അവസാന നിമിഷം തളിപ്പറമ്പിലേക്ക് അവരെ നിയോഗിക്കാനും സാധ്യതയുണ്ട്. മത്സരിക്കുന്നെങ്കിൽ അത് മട്ടന്നൂരിൽ തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ കരുത്തനെ ഇറക്കാനാണ് സിപിഎം ആലോചന. പ്രാദേശിക നേതാക്കൾക്കപ്പുറം ഒരു പൊതുസമ്മതനെ നിർത്തി കടുത്ത പോരാട്ടം നടത്തുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.