കൊച്ചി: എറണാകുളത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാരെ എല്ലാവരേയും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനം. ജില്ലയിൽ അഞ്ച് സിറ്റിങ് എംഎൽഎമാരെ വീണ്ടും കളത്തിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി പി. രാജീവുൾപ്പെടെ മത്സരിക്കും. മുൻ എം.എൽ.എ എം. സ്വരാജും സ്ഥാനാർഥിപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

To advertise here,

വ്യാഴാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ജില്ലയിലെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകളും നിർദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു. പിന്നാലെ സിറ്റിങ് എംഎൽഎമാരായിട്ടുള്ള അഞ്ച് പേരും മത്സരിക്കട്ടേയെന്ന് സെക്രട്ടേറിയറ്റ് നിർദേശിച്ചു. പി. രാജീവ്(കളമശ്ശേരി), കെ.ജെ. മാക്‌സി(കൊച്ചി), കെ.എൻ. ഉണ്ണികൃഷ്ണൻ(വൈപ്പിൻ), പി.വി. ശ്രീനിജൻ(കുന്നത്തുനാട്), ആന്റണി ജോൺ(കോതമംഗലം) എന്നിവരാണ് വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്.

അതേസമയം തൃപ്പൂണിത്തുറ മണ്ഡലത്തിൽ മൂന്ന് പേരുകളാണ് പരിഗണിക്കുന്നത്. മുൻ എംഎൽഎ എം.സ്വരാജിന്റെ പേരിനൊപ്പം കൊച്ചി മുൻമേയർ എം.അനിൽ കുമാർ, കെ.എസ് അരുൺ കുമാർ എന്നിവരുടെ പേരുകളാണ് ശുപാർശ ചെയ്തിരിക്കുന്നത്‌. സിപിഎം വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. സ്വരാജിനെ ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായുള്ള സൂചനകളുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് മറ്റ് രണ്ട് പേരുകൾ കൂടി നിർദേശിച്ചിരിക്കുന്നത്. മികച്ച പോരാട്ടം കാഴ്ചവെച്ചാൽ തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ ആയിരത്തിൽപ്പരം വോട്ടുകൾക്കാണ് കെ.ബാബുവിനോട് സ്വരാജ് തോറ്റത്.

അതോടൊപ്പം പെരുമ്പാവൂർ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലുയർന്നു. എന്നാൽ പിറവം, ആലുവ, തൃക്കാക്കര സീറ്റുകളിൽ തീരുമാനമായില്ല.