ആലത്തൂർ: മുൻമുഖ്യമന്ത്രി ഇ.കെ. നായനാർ ആലത്തൂരിനെ വിശേഷിപ്പിച്ചിരുന്നത് ‘സ്‌ട്രോങ് റെഡ് ഏരിയ’ എന്നായിരുന്നു. കാറ്റിലും കോളിലും ഉലയാത്ത കോട്ട എന്ന സി.പി.എമ്മിന്റെ ഉറച്ചവിശ്വാസം 1991-ൽ മാത്രം ആലത്തൂർ തെറ്റിച്ചു. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുമ്പോൾ എൽ.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് തെല്ലും കുറവില്ല.

To advertise here,

തദ്ദേശ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും സി.പി.എമ്മിന് ഭരണം നേടാനായി. കോൺഗ്രസ് ഭരിച്ചിരുന്ന കുഴൽമന്ദം പിടിച്ചെടുത്തു. തേങ്കുറുശ്ശി, എരിമയൂർ, ആലത്തൂർ, മേലാർകോട്, വണ്ടാഴി, കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തുകൾ നിലനിർത്തി. എരിമയൂർ, ആലത്തൂർ, മേലാർകോട്, കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിൽ കോൺഗ്രസ് സ്ഥിതി മെച്ചപ്പെടുത്തിയപ്പോൾ വണ്ടാഴിയിൽ അംഗബലം കുറഞ്ഞു. മൊത്തം 88 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ എൽ.ഡി.എഫും 38 വാർഡുകൾ യു.ഡി.എഫും ഏഴ് വാർഡുകൾ എൻ.ഡി.എ.യും മൂന്നെണ്ണം സ്വതന്ത്രരും നേടി. ഗ്രാമപ്പഞ്ചായത്ത് വാർഡുതല വോട്ടുനില നോക്കുമ്പോൾ എൽ.ഡി.എഫിന് 18,685 വോട്ടിന്റെ ലീഡുണ്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 34,118 വോട്ടായിരുന്നു.

തുടർഭരണം തേടുന്ന എൽ.ഡി.എഫ്. രണ്ടുടേം നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചാൽ കെ.ഡി. പ്രസേനന് വീണ്ടും കുറിവീഴും. എം.എൽ.എ. എന്നനിലയിൽ കെ.ഡി. പ്രസേനന്റെ ഇടപെടലുകളും വികസനനേട്ടങ്ങളും പാർട്ടിയുടെ സംഘടനാ അടിത്തറയുമാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.

പ്രസേനനെ ഒഴിവാക്കുകയാണെങ്കിൽ സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ്ബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി, ആലത്തൂർ ഏരിയാസെക്രട്ടറി സി. ഭവദാസൻ എന്നിവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. യുവജന-വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ ജില്ലാപഞ്ചായത്തംഗം ഷിബി കൃഷ്ണയും പരിഗണിക്കപ്പെട്ടേക്കാം

കോൺഗ്രസിൽ അരഡസൻ പേരുകളാണ് സാധ്യതാപട്ടികയിൽ. ജില്ലാപഞ്ചായത്തംഗം കെ.എം. ഫെബിൻ, ഡി.സി.സി. സെക്രട്ടറി. എസ്. കൃഷ്ണദാസ്, മുൻ എം.എൽ.എ. കെ.എ. ചന്ദ്രന്റെ മകൻ കെ.സി. പ്രീത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീഷ് മാധവൻ, ഐ.എൻ.ടി.യു.സി. ജില്ലാസെക്രട്ടറി തൃപ്പാളൂർ ശശി, കഴിഞ്ഞപ്രാവശ്യം മത്സരിച്ച പാളയം പ്രദീപ് എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. ആലത്തൂർ സീറ്റ് പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസിന് വിട്ടുകൊടുക്കാനും വ്യാപാരി വ്യവസായി ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള സംഘടനാ പ്രതിനിധിയെ സ്ഥാനാർഥിയാക്കാനും ആലോചന നടക്കുന്നുണ്ട്.

ബി.‍ജെ.പി. ഈസ്റ്റ് ജില്ലാപ്രസിഡന്റ് പ്രശാന്ത് ശിവനായിരുന്നു കഴിഞ്ഞപ്രാവശ്യം എൻ.ഡി.എ. സ്ഥാനാർഥി. ഇക്കുറി പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ലോകനാഥൻ, ജില്ലാസെക്രട്ടറി എ.കെ. ഓമനക്കുട്ടൻ, നിയോജകമണ്ഡലം പ്രസിഡന്റ് എം.ബി. ശ്രീനിവാസ് തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്.