ആലപ്പുഴ ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ടാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നത്. 2021-ൽ ഹരിപ്പാട് ഒഴികെയുള്ള എട്ടു മണ്ഡലങ്ങളും പിടിച്ചെടുത്ത് ഇടതുമുന്നണി സ്ഥാപിച്ച അപ്രമാദിതത്തിന് ഇത്തവണ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.

To advertise here,

2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ നേടിയ 63,513 വോട്ടിന്റെ ഭൂരിപക്ഷവും, തുടർന്ന് 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പ്രകടിപ്പിച്ച അപ്രതീക്ഷിത മുന്നേറ്റവും ഈ രാഷ്ട്രീയ മാറ്റത്തിന്റെ മുന്നോടിയായിരുന്നുവെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആറിടത്തും ഐക്യജനാധിപത്യ മുന്നണി തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയപ്പോൾ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുമുന്നണിക്ക് നിലനിർത്താനായത്.

അമ്പലപ്പുഴ മണ്ഡലത്തിലാണ് കേരളം ഉറ്റുനോക്കിയ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടം നടന്നത്. ആറു പതിറ്റാണ്ടിലേറെ നീണ്ട കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ജി. സുധാകരൻ 74,324 വോട്ടുകൾ നേടി കരുത്ത് തെളിയിച്ചു. 27,663 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം സിറ്റിങ് എം.എൽ.എ എച്ച്. സലാമിനെ പരാജയപ്പെടുത്തിയത്. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ ബ്ലോക്കിലും പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലും യു.ഡി.എഫ് നേടിയ ഭരണം ഈ വിജയത്തിന് അടിത്തറയൊരുക്കിയിരുന്നു.

ആലപ്പുഴ മണ്ഡലത്തിൽ കെ.എസ്.യു. മുൻ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് 21,015 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 81,065 വോട്ടുകൾ തോമസ് നേടിയപ്പോൾ സിറ്റിങ് എം.എ.ൽഎ പി.പി. ചിത്തരഞ്ജന് 60,050 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ലത്തീൻ വോട്ടുകളുടെ ഏകീകരണവും യുവസ്ഥാനാർത്ഥിയെന്ന നിലയിൽ തോമസിന് ലഭിച്ച സ്വീകാര്യതയും ഇവിടെ നിർണായകമായി. കുട്ടനാട്ടിൽ വ്യവസായിയായ റെജി ചെറിയാൻ 20,600 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം കൊയ്തു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ 13 ഗ്രാമപ്പഞ്ചായത്തുകളിൽ എട്ടെണ്ണവും യു.ഡി.എഫ് പിടിച്ചെടുത്തത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.

ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല തന്റെ അജയ്യത ഒരിക്കൽ കൂടി തെളിയിച്ചു. 68,184 വോട്ടുകൾ നേടിയ അദ്ദേഹം 23,377 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഞ്ചാം തവണയും നിയമസഭയിലെത്തുന്നത്. ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി 31,022 വോട്ടുകൾ നേടിയെങ്കിലും ചെന്നിത്തലയുടെ വോട്ട് ബാങ്കിനെ ബാധിച്ചില്ല. കായംകുളത്ത് സിറ്റിങ് എം.എൽ.എ യു. പ്രതിഭയെ പിന്നിലാക്കി ലിജു എം. 76,651 വോട്ടുകൾ നേടി വിജയിച്ചു. 15,572 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലിജു ഇവിടെ നേടിയത്. അരൂരിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം ഷാനിമോൾ ഉസ്മാൻ 9,324 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചു. 74,468 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഇത്തവണ സഭയിലെത്തുന്നത്.

അതേസമയം, മൂന്ന് മണ്ഡലങ്ങളിൽ തങ്ങളുടെ സ്വാധീനം കാത്തുസൂക്ഷിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചു. ചേർത്തലയിൽ മന്ത്രി പി. പ്രസാദ് 83,216 വോട്ടുകൾ നേടി 14,489 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു. മാവേലിക്കരയിൽ സിറ്റിങ് എം.എൽ.എ എം.എസ്. അരുൺ കുമാർ 15,736 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തന്റെ സീറ്റ് നിലനിർത്തി. അദ്ദേഹം 67,180 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിലെ മുത്തര രാജിന് 51,444 വോട്ടുകൾ ലഭിച്ചു. ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ 10,292 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഹാട്രിക് വിജയം സ്വന്തമാക്കി. ജാതി സമവാക്യങ്ങളും കുടിയേറ്റ പ്രശ്നങ്ങളും ചർച്ചയായ ചെങ്ങന്നൂരിൽ 57,859 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് നേടിയ ഭരണപരമായ മേൽക്കൈയും സമുദായ സംഘടനകളുടെ നിലപാടുകളും 2026-ലെ ഈ വോട്ടിങ് രീതിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.