കൊല്ലം: ഇരവിപുരം മണ്ഡലത്തിൽ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് ആർഎസ്പി  സ്ഥാനാർഥിയാകുമെന്ന അഭ്യൂഹംതള്ളി പാർട്ടിയിലെ മുതിർന്ന നേതാവ് എ.എ. അസീസ്. ആർക്കും സ്വന്തംനിലയ്ക്ക് തീരുമാനം എടുക്കാനാവില്ല. ആർവൈഫിൽനിന്നുള്ള യുവജനനേതാവ് മണ്ഡലത്തിൽ സ്ഥാനാർഥിയാകും. താൻ മത്സരരംഗത്തുണ്ടാവില്ലെന്നും അസീസ് പറഞ്ഞു. നിലവിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല അസീസിനാണ്.

To advertise here,

പേര് പരിഗണിക്കപ്പെടുന്നുണ്ടെന്ന് കാർത്തിക് പറഞ്ഞതായി ചൂണ്ടിക്കാണിച്ചപ്പോൾ ആ പയ്യനല്ലല്ലോ തീരുമാനിക്കുന്നത് എന്നായിരുന്നു അസീസിന്റെ പ്രതികരണം. എന്നാ ഏർപ്പാടാ ഇത്. വേറെ വല്ലതും ചോദിക്ക്. ഈ പേരിനൊന്നും ഒരു പ്രസക്തിയുമില്ല. അതുമാത്രമല്ല, ഒന്നിലധികം ആളുകളുടെ പേര് വരും. അതൊരു പാനലാകും. അത് ജില്ലാകമ്മിറ്റിക്ക് മുന്നിൽവെക്കും. ജില്ലാ കമ്മിറ്റിയിൽനിന്നും വേറെ പേരുകൾ നിർദേശിക്കപ്പെട്ടാൽ അത് ഉൾക്കൊള്ളിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റിയിലേക്ക് പോകും. അല്ലാതെ ഒരാളെ ഉടനെ തീരുമാനിക്കകയല്ല ചെയ്യുന്നത്. അങ്ങനെ റിപ്പോർട്ട് ചെയ്യരുത്. നടക്കുന്ന കാര്യമല്ല അത്, അസീസ് പറഞ്ഞു.