ന്നര പതിറ്റാണ്ടിലേറെക്കാലം വി.എസിന്റെ സന്തത സഹചാരി. 13 വർഷത്തോളം പാർട്ടിക്ക് പുറത്ത്. ഒടുവിൽ നീതി കിട്ടാതെ യുഡിഎഫ് ചേരിയിൽ. നൂറ് തവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന കൂടി വന്നതോട് കൂടിയാണ് തന്റെ മുന്നിൽ മറ്റൊരു വഴിയില്ലാതെ വന്നതെന്നും മറുചേരിയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും പറയുന്നു പാലക്കാട്ടെ എ സുരേഷ്. എ സുരേഷാണ് ഇത്തവണ പോൾ ടോക്കിൽ നമ്മളോടൊപ്പം.

To advertise here,

പുറത്താവുക, തിരിച്ചുവരിക എന്നതൊക്കെ ഒരു സ്വാഭാവിക പാർട്ടി നടപടിയാണ്. പക്ഷേ താങ്കളുടെ കാര്യത്തിൽ മാത്രം തിരിച്ചുവരവ് എന്നത് എന്തുകൊണ്ടാണ് സംഭവിക്കാതിരുന്നത്. 13 വർഷത്തോളം പുറത്തു നിന്നില്ലേ?

2012 ജൂൺ മാസത്തിലോ മറ്റോ ആണ് പാർട്ടി സംസ്ഥാന കമ്മിറ്റി ഞാൻ ഉൾപ്പെടെയുള്ള മൂന്ന് ആളുകളെ പുറത്താക്കാൻ വേണ്ടി തീരുമാനിച്ചത്. ആ തീരുമാനം നടപ്പിലായത് 2013 മേയ് 13, 14 തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ്. സ്വാഭാവികമായിട്ടും മനസ്സിൽ വലിയ വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു അത്. കാരണം പാർട്ടിയായിരുന്നു എനിക്ക് എല്ലാം. അന്ന് പാർട്ടിയിൽ നിന്ന് പുറത്ത് പോകുമെന്ന് എനിക്കറിയാമായിരുന്നു. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാൽ പിന്നെ മറ്റൊരു തിരുത്തൽ ഉണ്ടാവില്ല. ശേഷം ഞാൻ പ്രവാസിയായി. കുറച്ചുകാലം പണിയെടുക്കാൻ പോയി തിരിച്ച്​വന്നു. അതിനുശേഷമാണ് പാർട്ടിക്ക് അപ്പീൽ കൊടുക്കുന്നത്. ആദ്യം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിക്ക് അപ്പീൽ കൊടുത്തു. അദ്ദേഹം നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു. പുരോഗതിയൊന്നും ഇല്ലാത്തതുകൊണ്ട് വീണ്ടും സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ കൊടുത്തു.

അതുപോലെതന്നെ എ വിജയരാഘവൻ ആക്ടിംഗ് സെക്രട്ടറി ആയപ്പോൾ അദ്ദേഹത്തിന് അപ്പീൽ കൊടുത്തു. ഇതുവരെ ജില്ലാസെക്രട്ടറിക്കുപ്പെടെ നാല് അപ്പീൽ കൊടുത്തു. പക്ഷേ, ഒരു മറുപടിക്കത്ത് പോലും കിട്ടിയിട്ടില്ല. തിരിച്ചെടുക്കുന്ന യാതൊരു ലക്ഷണവും കണ്ടില്ല. എന്തുകൊണ്ടാണ് അവർ ഇത്രത്തോളം കഠിനമായിട്ട് പുറത്തിരുത്തിയത് എന്നുള്ളത് എനിക്ക് അറിയാത്ത കാര്യമാണ്.

കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദന്റെ വാർത്താ സമ്മേളനത്തിലാണ് നൂറ് തവണ അപ്പീൽ നൽകിയാലും താങ്കളെ തിരിച്ചെടുക്കില്ലെന്ന് പറഞ്ഞത്. ഇത്ര കർക്കശമായ നിലപാട് എടുക്കുന്ന രീതിയിലേക്കൊക്കെ പോവാൻ അത്ര വലിയ തെറ്റൊക്കെ ചെയ്തിട്ടുണ്ടോ?

അതാണ് എനിക്കും അറിയാത്തത്. അത്തരമൊരു പ്രസ്താവന കണ്ടപ്പോൾ അത്ഭുതം തോന്നി. കാരണം, എത്രയോ ആളുകൾ പാർട്ടിയിൽ നിന്ന് പുറത്തുപോയി. അതിനുശേഷം മാസങ്ങൾക്കുള്ളിൽ തിരിച്ചുവന്ന ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. മാധ്യമപ്രവർത്തകരുമായിട്ടുള്ള ബന്ധമാണ് ഞാൻ ചെയ്ത പ്രധാന തെറ്റായി പാർട്ടി കണ്ടെത്തിയത്. മറ്റൊന്ന് വി.എസ്സിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് വിതരണം ചെയ്തു എന്നുള്ളതാണ്. അതേപോലെ കേന്ദ്രകമ്മറ്റിയിലെയും പിബിയിലേയുമെല്ലാം വാർത്ത ചോർത്തി എന്നും. ഞാൻ ഒരു പി.എ ആയിരുന്നു. പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും ഒക്കെ പി.എ. സ്വാഭാവികമായിട്ടും മാധ്യമപ്രവർത്തകർ പിഎയെ ആണ് പല കാര്യത്തിനും ബന്ധപ്പെടുക. അങ്ങനെയുള്ള ബന്ധം വെച്ചിട്ടാണ് വാർത്ത ചോർത്തലിന്റെ കാര്യം പാർട്ടി കണ്ടെത്തിയത്. ഞാൻ ഒരു പാർട്ടി അംഗം മാത്രമാണ്. സാധാരണ ഒരു പാർട്ടി അംഗം. സംസ്ഥാന കമ്മറ്റിയിലെയും കേന്ദ്ര കമ്മിറ്റിയിലെയും പിബിയിലെയുമെല്ലാം വാർത്ത ചോർന്നതിന് ഞാനാണ് കാരണം എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക?

ഇപ്പോഴും വാർത്തകൾ ചോരുന്നുണ്ട്. അതുപോലെതന്നെ അന്നും വാർത്തകൾ ചോർന്നിട്ടുണ്ട്. അത് പാർട്ടിക്ക് അകത്ത് പരിശോധിക്കേണ്ട കാര്യമാണ്. പാർട്ടി കമ്മിറ്റിയുടെ അകത്ത് നടക്കുന്ന കാര്യങ്ങൾ എങ്ങനെ പുറത്തു പോകുന്നു എന്നുള്ളത് പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യേണ്ട കാര്യമാണ്. പുറത്തു നിൽക്കുന്ന എന്നെ പോലുള്ള സാധാരണ പ്രവർത്തകർക്ക് അതിന് സാധിക്കില്ലല്ലോ.

നൂറുതവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന് ഗോവിന്ദൻ മാഷ് പറഞ്ഞതോടെ എനിക്ക് ക്ലാരിറ്റി ആയി. ഇനി ഒരിക്കലും എന്നെ തിരിച്ചെടുക്കാൻ പോകുന്നില്ല എന്നതാണ് സത്യം. ആ തിരിച്ചറിവാണ് എന്ന യുഡിഎഫ് ചേരിയിലേക്കെത്തിച്ചത്. ഗോവിന്ദൻ മാഷിന്റെ വാക്ക് ഒരു വ്യക്തിയെ ഇൻസൽട്ട് ചെയ്യുന്നതിന്റെ മാക്‌സിമം ആണ്. വളരെ ക്രൂരമായിട്ടാണ് അദ്ദേഹം അത് പറഞ്ഞത്. എങ്കിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു ദേഷ്യവും ഇല്ല.

ഞാൻ താങ്കളുടെ അഭിമുഖത്തിന് വരുമ്പോൾ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സമയത്ത് നൽകിയ ഒരു അഭിമുഖം വായിച്ചിരുന്നു. ഞാൻ ഒരുകാലത്തും പാർട്ടിയെ ഒറ്റുകൊടുക്കില്ല എന്നാണ് അന്ന് നിങ്ങൾ അതിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ താങ്കൾ പങ്കെടുത്തു. അപ്പോൾ ഒറ്റുകൊടുക്കലല്ലേ നടന്നത്?

ഒരിക്കലുമല്ല. ഞാൻ ഇന്നലെ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ നിങ്ങൾക്കത് മനസ്സിലാകും. ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. ഇന്നും നാളെയും അങ്ങനെ ആയിരിക്കും. കഴിഞ്ഞദിവസം നടന്ന സ്വീകരണ പരിപാടിയിലും ഇതാണ് പറഞ്ഞത്. പാർട്ടിക്ക് അകത്തും പുറത്തും എന്നെപ്പോലെ അസംതൃപ്തരായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. പാർട്ടിയുടെ നയങ്ങളിലെ മാറ്റവും മൂല്യച്യുതിയുമൊക്കെ കണ്ട് മനസ്സിൽ വല്ലാത്ത മടുപ്പ് തോന്നിയിട്ടുള്ള ഒരുപാട് ആളുകളുണ്ട്. ഞാനും അത്തരത്തിലുള്ള ആളാണ്. പാർട്ടി തിരുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. തദ്ദേശ തോൽവി വന്നു. പാർലമെന്റ് തോൽവി വന്നു. ആ സമയത്തൊക്കെ പാർട്ടി നന്നായി ചർച്ച ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് തോറ്റു എന്ന് സംസ്ഥാന കമ്മിറ്റി കൂടി വളരെ കൃത്യമായും വസ്തുനിഷ്ഠമായും പരിശോധിച്ചിട്ടുണ്ട്. സഖാക്കളുടെ പെരുമാറ്റവും കമ്യൂണിസ്റ്റ് മൂല്യങ്ങൾ അകന്നു പോകുന്നതും പോലുള്ള കാര്യങ്ങളാണ് പാർട്ടി കണ്ടെത്തിയത്. ഇത് ഞാൻ പറഞ്ഞതല്ല. പാർട്ടി തന്നെ കണ്ടെത്തിയതാണ്. ഇക്കാര്യമേ ഞാനും പറഞ്ഞുള്ളൂ. ഇടതുപക്ഷ മനസ്സ് സിപിഎമ്മിൽ നിന്ന് അന്യംനിന്നു പോകുന്നുവെന്നും അത് കാത്ത് സൂക്ഷിക്കണമെന്നും ഇപ്പോൾ അവരാണ് ആവശ്യപ്പെടുന്നത്. അതൊരു വൈരുധ്യമാണ്. അതുകൊണ്ട് എന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നതിന് മുമ്പ് തിരുത്താൻ തയ്യാറാകണം.

മലമ്പുഴയിൽ താങ്കൾ മത്സരിക്കും എന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. പക്ഷേ താങ്കൾ മത്സരിക്കുകയാണെങ്കിൽ വിഎസിന്റെ മകൻ അവിടെ മത്സരിക്കാനുള്ള ഒരു സാധ്യതയും കാണുന്നുണ്ട്. ഇതിനെ എങ്ങനെയാണ് നേരിടുക?

ഞാൻ മത്സരിക്കുന്നത് സംബന്ധിച്ച് ഞാനല്ല പറയേണ്ടത്. അവർ എന്നോട് കുറച്ചുനാൾ മുമ്പുതന്നെ ഇങ്ങനെയൊരു ആവശ്യം പറഞ്ഞിരുന്നു. ആലോചിക്കാം എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഇപ്പോഴും അതുതന്നെയാണ് പറയുന്നത്. യുഡിഎഫ് നേതാക്കളുമായി എനിക്ക് നേരത്തെ സൗഹൃദമുണ്ട്. അത് രാഷ്ട്രീയമല്ല. സൗഹൃദം വേറെ, രാഷ്ട്രീയം വേറെ. ആ സൗഹൃദം വെച്ചാണ് അവർ എന്നെ സമീപിച്ച് സംസാരിച്ചത്. വളരെ ബഹുമാനപൂർവം ആയിരുന്നു എന്നോട് സംസാരിച്ചത്. ഞാൻ അവരോടും അത്തരത്തിൽ നോക്കാം ആലോചിക്കാം എന്നേ പറഞ്ഞിട്ടുള്ളൂ. കോൺഗ്രസിൽ ഞാൻ ചേരില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു. അപ്പോൾ യുഡിഎഫിന്റെ സ്വതന്ത്രനാവാം എന്നു പറഞ്ഞു. ഇനിയുള്ള കാര്യങ്ങളൊക്കെ അവരുടെ ഭാഗത്ത് നിന്നാണല്ലോ വരേണ്ടത്.

വിഎസിനെ മഹത്തരമായി ചിത്രീകരിച്ചു എന്നായിരുന്നല്ലോ താങ്കൾക്കെതിരെ പാർട്ടി കണ്ടെത്തിയ പ്രധാന കണ്ടുപിടിത്തം. പക്ഷേ, കഴിഞ്ഞ കുറച്ചു കാലമായിട്ടുള്ള പാർട്ടി സംവിധാനം നോക്കിയാൽ പിണറായി വിജയൻ പാർട്ടിയും സർക്കാരും ആവുകയാണ്. പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് പാട്ടുകൾ വരുന്നു, തിരുവാതിര വരുന്നു. പക്ഷേ ആർക്കെതിരെയും നടപടിയെടുത്തത് കണ്ടില്ല?

അതിൽ ഞാനിപ്പോൾ അഭിപ്രായം പറയുന്നില്ല. പക്ഷെ, വിഎസിനെ ഞാൻ മഹത്തരമാക്കണ്ട കാര്യമില്ല. അതിന് ഞാൻ ആയിട്ടുമില്ല. അദ്ദേഹം മഹാനായ ഒരു വിപ്ലവകാരിയാണ്. അദ്ദേഹമാണ് ഈ പാർട്ടി രൂപവത്കരിക്കാൻ നേതൃത്വം കൊടുത്തത്. വിഎസിന്റെ ഇമേജിനെ ബിൽഡ് അപ്പ് ചെയ്യാൻ ഞാൻ ശ്രമിച്ചു എന്നാണ് പാർട്ടി കണ്ടെത്തിയത്. അതിന് വേണ്ടി വാർത്തകൾ സൃഷ്ടിച്ചു വിതരണം ചെയ്തു എന്നാണ് പറഞ്ഞത്. ഞാൻ എത്രയോ താഴെയുള്ള സാധാരണക്കാരനായിട്ടുള്ള പ്രവർത്തകനാണ്. നിലവിലെ സാഹചര്യം മറ്റൊരു വഴിയില്ലാത്തത് കൊണ്ടാണ്. വലിയ സങ്കടമുണ്ട്. സങ്കടം എന്ന് മാത്രം പറയാൻ പറ്റില്ല. അതിന്റെ അപ്പുറത്തെ വാക്കുകളാണ് ഉപയോഗിക്കേണ്ടത്. സ്‌കൂൾ തലം മുതൽ എസ്എഫ്‌ഐ ആയിരുന്നു. എന്റേത് പാർട്ടി കുടുംബമാണ്. അങ്ങനെയുള്ള ഒരാളെ സംബന്ധിച്ച് മറ്റൊരു ഇടത്തേയ്ക്ക് എറിയപ്പെടുക, വലിച്ചെറിയപ്പെടുക എന്നുള്ളത് സ്വാഭാവികമായിട്ടും ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വിഷമം ഉണ്ടാക്കുന്ന സംഗതി തന്നെയാണ്.

ഇടതുപക്ഷം യഥാർഥ ഇടതുപക്ഷം ആകുന്നില്ല എന്ന വലിയൊരു വിമർശനം ഇപ്പോൾ ഉയരുന്നുണ്ട് എന്താണ് താങ്കളുടെ ബോധ്യം?

ഇടതുപക്ഷവും ഇടതുപക്ഷ മൂല്യങ്ങളും കേരളത്തിൽ ആവശ്യമാണ്. കേരളത്തിന്റെ എല്ലാ പുരോഗതിക്കും ഇടതുപക്ഷം സംഭാവന ചെയ്തിട്ടുണ്ട്. അതിന്റെ മൂല്യത്തകർച്ചയെ കുറിച്ച് പണ്ട് എംഎൻ വിജയൻ മാഷ് പറഞ്ഞിട്ടുണ്ട്. ഇതുപോലെ മൂല്യത്തകർച്ച ഉണ്ടായാൽ പാർട്ടി ഉണ്ടാകും ജനങ്ങൾ ഉണ്ടാവില്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. പ്രവാചകതുല്യമായിരുന്നു ആ വാക്കുകൾ. ഈ സാഹചര്യത്തിലൂടെയല്ലേ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

താങ്കളെ ആ സമയത്ത് പുറത്താക്കുക മാത്രമല്ല ഭാര്യയുടെ ജോലി പോയി, താങ്കൾക്ക് പ്രവാസി ആകേണ്ടി വന്നു. അതിന് ശേഷമുള്ള ജീവിതം എങ്ങനെയായിരുന്നു?

വ്യക്തിപരമായി ഞാനും എന്റെ കുടുംബവും കടന്നുപോയത് അതികഠിനമായ അവസ്ഥയിലൂടെയാണ്. പാർട്ടിയിൽ നിന്ന് പുറത്തായതിനു ശേഷം ഞാൻ വിദേശത്തുള്ള ഒരു സുഹൃത്തിന്റെ അഭ്യർഥന മാനിച്ചിട്ട് അദ്ദേഹത്തിന്റെ കമ്പനിയിലേക്ക് പോയി. പഴയ എസ്എഫ്‌ഐ സഖാവായിരുന്നു കൊണ്ടുപോയത്. എന്നാൽ അവിടെ അദ്ദേഹത്തിന്റെ കമ്പനിയും വൻ പ്രതിസന്ധിയിലായിരുന്നു. സത്യത്തിൽ ഇതറിയാതെയാണ് ഞാൻ പോയത്. ഇവിടെ ഭാര്യയുടെ ജോലിയും പോയി. അവൾ നോർക്കയിലായിരുന്നു. അത് വല്ലാത്തൊരു കാലഘട്ടമായിരുന്നു. പിന്നീട് ഞാൻ മറ്റൊരു കമ്പനിയിലേക്ക് മാറാൻ ശ്രമിച്ചു. അതും നടന്നില്ല. കാരണം നിലവിലുള്ള കമ്പനിയിൽ പ്രതിസന്ധി ഉള്ളതുകൊണ്ടും അതിൽ ചെറിയ വിഷയങ്ങൾ ഉള്ളതുകൊണ്ടും വിസ മാറ്റാൻ പറ്റിയിരുന്നില്ല.

ആ സമയത്തൊക്കെ അത്യാവശ്യം സഖാക്കളൊക്കെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ആ കാലം അങ്ങനെ കഴിഞ്ഞുപോയി.

പുറത്താക്കിയ ശേഷം വിഎസിന് താങ്കളോടുള്ള ഒരു നിലപാട് എങ്ങനെ ആയിരുന്നു?

ഞാൻ ആ സമയത്ത് ഡൽഹിയിൽ ആയിരുന്നു. കേന്ദ്ര കമ്മിറ്റിയും പിബിയും നടന്നുകൊണ്ടിരിക്കെ തന്നെ വാർത്തകൾ വന്നുകൊണ്ടിരിന്നു. പുറത്താക്കിയ വാർത്ത അറിഞ്ഞപ്പോൾ അത് തിരുത്തപ്പെടും എന്നായിരുന്നു വിഎസ് പറഞ്ഞത്. ഞാൻ ഉൾപ്പെടെ മൂന്നു പേരെയാണ് പുറത്താക്കിയത്. ആ സമയം വിഎസ് ഭയങ്കര വിഷമത്തിലും ദേഷ്യത്തിലുമായിരുന്നു. തിരിച്ചെടുക്കണമെന്നും ഇക്കാര്യം ഞാൻ വീണ്ടും അവതരിപ്പിക്കും എന്നൊക്കെ പറഞ്ഞു. ഞാൻ അപ്പോൾ ഒറ്റ കാര്യമേ അദ്ദേഹത്തോട് പറഞ്ഞുള്ളൂ. മാധ്യമങ്ങൾ താഴെയുണ്ട്, ഒന്നും പറയരുത്. കാരണം പുറത്തായത് പുറത്തായത് തന്നെയാണ്. അത് അത്ര പെട്ടെന്ന് തിരുത്തപ്പെടില്ലെന്ന് എനിക്ക് നല്ല ബോധ്യവും ഉണ്ടായിരുന്നു.

  • ഞാൻ മാത്രമല്ല മറ്റു മൂന്നാളും പാർട്ടി അംഗങ്ങളായിരുന്നു. വെറും സാധാരണ പാർട്ടി അംഗങ്ങൾ. എങ്കിലും അപ്പീൽ കൊടുക്കാൻ പറഞ്ഞു. ഞാൻ അപ്പീൽ കൊടുത്തു, മറ്റ് രണ്ടു പേരും അപ്പീൽ കൊടുത്തതായിട്ട് എനിക്ക് അറിയില്ല. സംഘടനാപരമായ സംവിധാനത്തിൽ കൂടെ തന്നെയാണ് അപ്പീൽ കൊടുത്തത്. അതിന്റെ അവസ്ഥ ഇങ്ങനെയാണെന്ന് ഇപ്പോൾ മനസ്സിലായല്ലോ. വിഎസ് സംരക്ഷിച്ചില്ല എന്നൊക്കെ അന്ന് വാർത്തകൾ വന്നിരുന്നു. പക്ഷെ വി.എസ് പരമാവധി ശ്രമിച്ചു എന്നുള്ളത് വാസ്തവം തന്നെയാണ്. വിഎസ് ശ്രമിച്ചിട്ടില്ലെന്നോ സംരക്ഷിച്ചിട്ടില്ലെന്നോ ഒരിക്കലും ഞാൻ പറയില്ല.

പാലക്കാട് പാർട്ടിയിൽ വലിയ വിഭാഗീയതയുണ്ട്. ഈ വിഭാഗത്തിൽ പെടുന്നവർ താങ്കളെ ബന്ധപ്പെട്ടിരുന്നോ?
പാലക്കാട് മാത്രമല്ല പല ജില്ലകളിലും പാർട്ടിയോട് അഭിപ്രായ വ്യത്യാസമുള്ള ആളുകളുണ്ട്. പാലക്കാട് കൊഴിഞ്ഞാമ്പാറ പഞ്ചായത്തൊക്കെ പിടിച്ചെടുത്തു. ഇത്തരം കൂട്ടായ്മകളെ ഒരുമിപ്പിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നുണ്ട്. അവർ എന്നെ ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു. കൺവെൻഷൻ നടത്തുന്നുവെന്നും പങ്കെടുക്കണമെന്നും പറഞ്ഞാണ് വിളിച്ചത്. ഞാൻ അതിൽ പങ്കെടുക്കില്ല എന്ന് തന്നെയാണ് പറഞ്ഞത്.
മലമ്പുഴയിൽ സ്ഥാനാർഥി ആവുകയാണെങ്കിൽ ജയിക്കുമോ?

ഞാൻ പറഞ്ഞല്ലോ ഞാൻ സ്ഥാനാർഥി ആണോ അല്ലയോ എന്നുള്ളത് ഞാനല്ല തീരുമാനിക്കേണ്ടത് എന്നത് ഒന്നാമത്തെ കാര്യം. ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും ഞാൻ മത്സരിച്ചിട്ടില്ല. ഒരു പഞ്ചായത്ത് മെമ്പർ പോലും ആവണം എന്ന് ആഗ്രഹിച്ചിട്ടുമില്ല. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. നന്നായി തോറ്റിട്ടുണ്ട്. വിജയത്തിന് അപ്പുറം തിരഞ്ഞെടുപ്പ് നമ്മുടെ രാഷ്ട്രീയം നന്നായി പറയാനുള്ള ഒരു വേദിയാണ് എന്നാണ് ഞാൻ പഠിച്ചത്. അതുകൊണ്ടാണല്ലോ ഇടതുപക്ഷം ജാർഖണ്ഡിലും ഒറീസ്സയിലുമെല്ലാം മത്സരിക്കുന്നത്. നമ്മുടെ രാഷ്ട്രീയ പ്രചരണത്തിന് ഏറ്റവും വലിയ ആയുധം എന്ന് പറയുന്നത് തിരഞ്ഞെടുപ്പാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയണം. അതാണ് ഉദ്ദേശിക്കുന്നതും.

താങ്കൾ മലമ്പുഴയിൽ സ്ഥാനാർഥി ആവുകയാണെങ്കിൽ താങ്കൾക്കെതിരെ നടപടി എടുത്ത കാര്യവും തിരിച്ചെടുക്കാത്തതിന്റെ കാരണവുമെല്ലാം പാർട്ടിക്ക് വീണ്ടും വിശദീകരിക്കേണ്ടി വരില്ലേ?

ഈ വിഷയം വിവാദമായപ്പോൾ തന്നെ ഞാൻ ഒരു എഫ്ബി പോസ്റ്റ് ഇട്ടിരുന്നു. വളരെ വിശദമായി അതിൽ എഴുതിയിട്ടുണ്ട്. ഞാൻ ജനറൽ സെക്രട്ടറിക്ക് എഴുതിയ കത്താണത്. പിന്നെ പാർട്ടിക്ക് പറയേണ്ടി വരില്ലേ എന്നത് അവരെ സംബന്ധിച്ച കാര്യമാണ്. അത് വിശദീകരിക്കേണ്ടത് അവര് തന്നെയാണ്. നൂറ് തവണ അപ്പീൽ കൊടുത്താലും തിരിച്ചെടുക്കില്ല എന്ന് പറയുമ്പോൾ, പടിയടച്ച് പിണ്ഡംവെച്ചു എന്ന് പറയുമ്പോൾ സ്വാഭാവികമായിട്ടും ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്? പാർട്ടി അനുഭാവിയായി തുടരാൻ ഒരു പ്രയാസവുമില്ല. ഞാൻ ഇത്രയും കാലം അങ്ങനെയല്ല ചെയ്തത്. പക്ഷെ ഞാൻ അപമാനിക്കപ്പെടുകയായിരുന്നു. അത് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ ഇൻസൾട്ടാണ്. ഇടതുപക്ഷ മനസ്സോടുകൂടിയാണ് ഞാൻ ജീവിക്കുന്നത് അത് കൈമോശം വന്നിട്ടില്ല. അതുകൊണ്ട് ഞാൻ ഒരു ഒറ്റുകാരനല്ല. അങ്ങനെ ആവാൻ എന്നെക്കൊണ്ട് പറ്റില്ല. എന്തായാലും ഗോവിന്ദൻ മാഷിന്റെ പ്രസ്താവനയോടെ ഇപ്പോ മനസ്സമാധാനം ആയി. കാരണം എനിക്ക് ഇനി പാർട്ടിയിലേക്ക് തിരിച്ചു വരാൻ കാത്തിരിക്കേണ്ട കാര്യമില്ലല്ലോ. എന്റെ കൂടെ ഒരുപാട് പേരുണ്ട് എന്ന് വിചാരിച്ച് നടക്കുന്ന ആളല്ല ഞാൻ. പുറത്താക്കിയപ്പോൾ ആരെങ്കിലും എന്റെ കൂടെ ഉണ്ടായിരുന്നോ.