ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകള്‍, കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭ, ചേലക്കര, പാലക്കാട് നിയമസഭാമണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ വിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതുമണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാനാകും. 13 സംസ്ഥാനങ്ങളിലായി 46 നിയമസഭാ സീറ്റുകളിലേക്കും മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞടുപ്പിന്റെ വോട്ടെണ്ണലും ശനിയാഴ്ച നടക്കും.

To advertise here,

വോട്ടെണ്ണല്‍ ഇങ്ങനെ
വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17-സി.യും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശയുടെ പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ചശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയശേഷം സീല്‍പൊട്ടിക്കും.

തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടിന്റെ ഡിസ്പ്ലേ എജന്റുമാരെ കാണിച്ചശേഷം രേഖപ്പെടുത്തും. ഒന്നുമുതല്‍ 14 വരെയുള്ള ബൂത്തുകളിലെ യന്ത്രങ്ങളാണ് ആദ്യം എണ്ണുക. ഇതോടെ ഒരു റൗണ്ട് പൂര്‍ത്തിയാവും.

ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകന്‍ അതില്‍നിന്ന് ഏതെങ്കിലും രണ്ട് മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ഫലം റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിക്കും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വി.വി. പാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ.

റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ച് പോളിങ് സ്റ്റേഷനിലെ വി.വി. പാറ്റ് സ്ലിപ്പുകള്‍എണ്ണും. ഒരു വി.വി.പാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാവും അന്തിമ വിധിപ്രഖ്യാപനം.