ശ്രീനഗര്‍ : കശ്മീരില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ നാഷണല്‍ കോണ്‍ഫ്രന്‍സ് -കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ തിരിച്ചുവരവിനും കളമൊരുങ്ങുകയാണ്. മത്സരിച്ച രണ്ട് സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഒമര്‍ നടത്തിയിരിക്കുന്നത്. മന്ത്രിസഭ രൂപീകരണം മുന്നില്‍ കണ്ടുകൊണ്ട് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കള്‍ സ്വതന്ത്രരുമായുള്ള ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുള്ള മണ്ഡലത്തില്‍ ജയിലില്‍ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എഞ്ചിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്ക് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ക്ഷീണം ഇനി ഒമറിന് മറക്കാം. മത്സരിച്ച മണ്ഡലങ്ങളായ ഗന്ദര്‍ബാലിലും ബദ്ഗാമിലും കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഒമര്‍ വ്യക്തമായ ലീഡ് നേടിയിരിക്കുന്നത്. ഒമറിന്റെ ഈ നേട്ടം നാഷണല്‍ കോണ്‍ഫറന്‍സിനും ഇന്ത്യാ സഖ്യത്തിനും മാത്രമല്ല, അബ്ദുള്ള കുടുംബത്തിനും വളരെ നിര്‍ണായകമാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ ശപഥമെടുത്തിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ശപഥം മറന്ന് ഒമര്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എതിരാളികളുടെ പരിഹാസത്തിന് പുറമെ സ്വന്തം പാര്‍ട്ടിയിലും പൊട്ടലും ചീറ്റലുമുണ്ടായി. എന്നാല്‍, സഹപ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് രണ്ടുമണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് ഒമര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ജയസാധ്യതയില്‍ പിരിമുറുക്കമേറിയപ്പോള്‍ പ്രചരണ വേദികളില്‍ വൈകാരികതയുടെ കാര്‍ഡുകളും ഒമര്‍ പുറത്തെടുത്തിരുന്നു.
രണ്ട് മണ്ഡലങ്ങളിലും പി.ഡി.പി. സ്ഥാനാര്‍ഥികള്‍ക്ക് പുറമെ പ്രാദേശിക സ്വാധീനമുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ടായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ബി.ജെ.പി പിന്തുണ നല്‍കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. കശ്മീര്‍ വിഷയത്തില്‍ എല്ലാ കാലത്തും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകരായ അബ്ദുള്ള കുടുംബത്തിന്റെയും ഒമറിന്റെയും പരാജയം ഉറപ്പുവരുത്താന്‍ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഒമര്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വന്‍ തിരിച്ചടിയാണ്. കശ്മീരിന്റെ പ്രത്യേക രാഷ്ട്രീയ പ്രാധാന്യം കൊണ്ടുതന്നെ ഇത് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാനും സാധ്യതയുണ്ട്.
Content Highlights: Omar Abdullah, jammu kashmir, National Conferencce, bjp
Published: 08 Oct 2024, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented