ലഖ്നൗ: യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. ബിജെപി എംഎല്‍എ രാഘവേന്ദ്ര സിങ്ങാണ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്ലീങ്ങള്‍ തൊപ്പിയില്‍ നിന്ന് 'തിലക' കുറിയിലേക്ക് മാറുമെന്ന് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

To advertise here,

താന്‍ വീണ്ടും എംഎല്‍എ ആയാല്‍ തൊപ്പികള്‍ അപ്രത്യക്ഷമായതുപോലെ, അടുത്ത തവണ മുസ്ലിങ്ങള്‍ തിലകം ധരിക്കുമെന്ന് രാഘവേന്ദ്ര സിങ് വീഡിയോയില്‍ പറയുന്നു. ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കള്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതെന്നും ദോമരിയഗഞ്ചില്‍ ജനങ്ങള്‍ സലാം പറയുമോ അതോ ജയ് ശ്രീറാം പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

കിഴക്കന്‍ യുപിയിലെ ഡൊമാരിയഗഞ്ചില്‍ നിന്നുള്ള എംഎല്‍എയാണ് രാഘവേന്ദ്ര സിങ്ങ്. തന്റെ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ 'ഇസ്ലാമിക ഭീകരത'യെ ചെറുക്കുന്നതിനുള്ള പ്രസംഗമായിരുന്നു താന്‍ നടത്തിയതെന്ന വ്യാഖ്യാനവുമായി രാഘവേന്ദ്ര സിങ് രംഗത്തെത്തി.

'ഇവിടെ ഇസ്ലാമിക ഭീകരര്‍ ഉണ്ടായിരുന്നപ്പോള്‍, ഹിന്ദുക്കള്‍ തൊപ്പി ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഹിന്ദുവിന്റെ അഭിമാനത്തിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. മുസ്ലീങ്ങള്‍ എന്നെ തോല്‍പ്പിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. ഞാന്‍ മിണ്ടാതിരിക്കില്ല,' രാഘവേന്ദ്ര സിങ് പറഞ്ഞു. 

ഹിന്ദു യുവവാഹിനിയുടെ യുപിയിലെ ചുമതലക്കാരനാണ് സിങ്. രാഘവേന്ദ്രയുടെ ഗുരുതരമായ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കേസെടുത്തതായി യുപി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. 

2017-ല്‍ ഡൊമാരിയഗഞ്ച് സീറ്റില്‍ നിന്ന് 200 വോട്ടിനാണ് രാഘവേന്ദ്ര സിങ് വിജയിച്ചത്. യുപി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഡൊമരിയഗഞ്ചില്‍ വോട്ടെടുപ്പ് നടക്കുക.

Content Highlights: Muslims will wear tilak instead of topi if re elected says up BJP mla