ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റ് നിഷേധിച്ചതിനേ തുടര്‍ന്ന് പരസ്യമായി പൊട്ടിക്കരഞ്ഞ് ബിഎസ്പി നേതാവ് അര്‍ഷാദ് റാണ. അവര്‍ തന്നെ കോമാളിയാക്കിയെന്നും ഇത്തരത്തില്‍ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരാശനായ റാണ എന്താണ് സംഭവിച്ചതെന്ന് വിവരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു നീണ്ട പോസ്റ്റും ഇട്ടിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

" 24 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. 2018 ഡിസംബര്‍ 18-ന്, 2022 ലെ തിരഞ്ഞെടുപ്പില്‍ ചാര്‍ത്തവാലില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി എന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിനുശേഷം നാലുവര്‍ഷമായി അവിടെ പ്രവര്‍ത്തിക്കുന്നു. പക്ഷേ, അവര്‍ എന്നെ കോമാളിയാക്കി. ഇത് സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് സീറ്റ് വാഗ്ദാനം ചെയ്ത ശേഷം അത് മറ്റൊരാള്‍ക്ക് നല്‍കി. പത്രത്തിലും ഹോര്‍ഡിംഗുകളിലും പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകണം. ഞാന്‍ എല്ലാം ചെയ്തു." - അര്‍ഷാദ് റാണ പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി 2018-ല്‍ പാര്‍ട്ടി നേതാവ് ഷംസുദ്ദീന്‍ റെയ്ന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതായാണ് റാണ പറയുന്നത്. എന്നാല്‍ മറ്റൊരു നേതാവായ സതീഷ് കുമാര്‍ 50 ലക്ഷം കൂടി ആവശ്യപ്പെട്ടു. സതീഷ് കുമാറിനെ വിളിച്ച് 25 ലക്ഷം രൂപ തരാമെന്നും ബാക്കി തുക പിന്നീട് നല്‍കാമെന്നും പറഞ്ഞെങ്കിലും ഇക്കാര്യങ്ങള്‍ ഫോണില്‍ പറയരുതെന്ന് അദ്ദേഹം പറഞ്ഞതായി റാണെ ആരോപിച്ചു. ഇതിനെല്ലാം എന്റെ പക്കല്‍ തെളിവുണ്ടെന്നും റാണ പറഞ്ഞു.

Content Highlights: BSP worker Arshad Rana cries after being denied poll ticket