
ഡല്‍ഹിയിലെ മുന്‍ ലഫ്‌നന്റ് ഗവര്‍ണ്ണറും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ നജീബ് ജങ്ങുമായി mathrubhumi.com നടത്തിയ അഭിമുഖത്തില്‍ നിന്ന്
? പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ കരണ്‍ താപ്പറുമായി അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ താങ്കള്‍ നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നും മാര്‍ച്ച് പത്തിന് നടക്കുന്ന വോട്ടെുപ്പിന് ശേഷം എസ് പി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമെന്നുമാണ് താങ്കള്‍ പറഞ്ഞത്. ഇപ്പോഴും അതേ നിലപാടില്‍ താങ്കള്‍ ഉറച്ചു നില്‍ക്കുകയാണോ?
- യുപിയില്‍ ഇക്കുറി അഖിലേഷിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ വരുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. യുപിയില്‍ അടിത്തട്ടില്‍ നിന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ബോദ്ധ്യമാണത്. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളുമായി അതിന് ബന്ധമൊന്നുമില്ല. യുപി തിരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ മുന്നേറ്റം എന്തുകൊണ്ടാണെന്നതിന് കരണുമായുള്ള അഭിമുഖത്തില്‍ ഞാന്‍ വ്യക്തമായ കാരണങ്ങള്‍ നിരത്തിയിരുന്നു.
? ഇക്കുറി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. യുപി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരമൊരു ബജറ്റ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ജനകീയ പദ്ധതികളുടെ ആവശ്യമില്ലെന്നും ഹിന്ദുത്വ മാത്രം മതിയെന്നുമുള്ള ധാരണയാണോ ഇപ്പോള്‍ ബിജെപിയെ നയിക്കുന്നത്?
- ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് യുപിയില്‍ അവര്‍ ചെയ്ത പല നല്ല കാര്യങ്ങളും - റേഷന്‍ സാധനങ്ങള്‍ കൂടുതലായി ലഭ്യമാക്കിയത്, ശൗചാലയങ്ങളുടെ നിര്‍മ്മാണം, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ട് പണം നല്‍കിയത് - എന്നിവയൊക്കെ ഊന്നിപ്പറയാമായിരുന്നു. പക്ഷേ, യോഗിയും ബിജെപിയും ഊന്നല്‍ നല്‍കുന്നത് ഹിന്ദുത്വയ്ക്കാണ്. ഇസ്ലാമിക് ഭീകരത , മുസ്ലിം മാഫിയ, യാദവ - മുസ്ലിം കൂട്ടുകെട്ട് സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ -എന്നിവ ഉയര്‍ത്തിക്കാട്ടി യുപിയില്‍ ഭരണം നിലനിര്‍ത്താമെന്നാണ് അവര്‍ കരുതുന്നത്.ഹിന്ദുത്വയുടെ കുതിരപ്പുറത്താണ് ബിജെപിയുടെ സഞ്ചാരം. പക്ഷേ, ഞാന്‍ മനസ്സിലാക്കുന്നത് ഈ കുതിരയ്ക്ക് ഇപ്പോള്‍ യുപിയില്‍ വലിയ ജിവനൊന്നുമില്ലെന്നാണ്. യുപിയുടെ ഉള്‍പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കുന്നവരെ കണ്ടുമുട്ടിയേക്കാം. പക്ഷേ, അവര്‍ ഇക്കുറി വോട്ടു ചെയ്യാന്‍ പോകുന്നത് ഇതിന്റെ പുറത്തായിരിക്കില്ല. ആളുകള്‍ വോട്ടു ചെയ്യുന്നത് അവരുടെ ജീവിതങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ ചൊല്ലിയാണ്. പൊതു ജനത്തിന്റെ ഓര്‍മ്മകള്‍ക്ക് ആയുസ്സ് കുറവാണെന്ന അനുമാനത്തോട് എനിക്ക് യോജിപ്പില്ല.
? 2017 ല്‍ യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. അന്നദ്ദേഹം ഗൊരഖ്പൂരില്‍ നിന്നുള്ള എംപിയായിരുന്നു. ജനങ്ങളല്ല , ബിജെപിയാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയത്. തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയപ്പോള്‍ ബിജെപിയാണ് യോഗിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഒരു മഠാധിപതിയെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപിയുടെ തീരുമാനം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് പ്രമുഖ നിയമജ്ഞന്‍ ഫലി എസ് നരിമാന്‍ അഭിപ്രായപ്പെട്ടിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് യോഗി നിയമസഭയിലേക്ക് മത്സരിക്കുകയാണ്. ഹിന്ദുത്വയുടെ നിറവേറലിന് യോഗി ജനസമ്മതി തേടുന്നുവെന്നര്‍ത്ഥം. ഈ പരിസരത്തിലാണ് യുപിയില്‍ ഇക്കുറി യോഗിയുമായി മുഖാമുഖം നില്‍ക്കുന്നത് മതേതര ഇന്ത്യയാണെന്ന നിരീക്ഷണം ഉയരുന്നത്. താങ്കള്‍ക്കെന്താണ് പറയാനുള്ളത്?
- ഇതേക്കുറിച്ച് എന്റെ അഭിപ്രായം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ പോരാട്ടം ആദിത്യനാഥും അഖിലേഷും തമ്മിലാണ്. പ്രധാനമന്ത്രി മോദിയായിരുന്നു ഈ തിരഞ്ഞെടുപ്പിലും ബിജെപിയുടെ മുഖമെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുമായിരുന്നു. 2017 ല്‍ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ മോദിയായിരുന്നു ബിജെപിയുടെ മുഖവും ശബ്ദവും. പക്ഷേ, ഇക്കുറി യുപി തിരഞ്ഞെടുപ്പിന്റെ മുന്‍ നിരയില്‍ മോദിയില്ല. യോഗിയാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുന്നത്. നരിമാന്റെ നിരീക്ഷണത്തെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. അദ്ദേഹം ഭരണഘടന വിദഗ്ദനാണ്. ഈ അഭിമുഖത്തില്‍ എന്റെ അഭിപ്രായങ്ങള്‍ യുപി തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുക. ജനങ്ങളുടെ വോട്ട് നേടി വിജയിക്കാനുള്ള തരത്തിലുള്ള പ്രകടനം യോഗി സര്‍ക്കാരിന് കാഴ്ചവെയ്ക്കാനായി എന്ന് ഞാന്‍ കരുതുന്നില്ല. യുപിയിലെ ജനങ്ങള്‍ രാഷ്ട്രീയപരമായി അത്യധികം പ്രബുദ്ധരാണ്. അടിക്കടി സര്‍ക്കാരുകളെ മാറ്റുന്ന പ്രവണതയുള്ളവരാണവര്‍. 1990 കള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യംവ്യക്തമാവും. അന്ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് റാവു സര്‍ക്കാര്‍ ഹിന്ദി ബെല്‍റ്റില്‍ പല സര്‍ക്കാരുകളെയും പിരിച്ചുവിട്ടിരുന്നു. ഹിന്ദുത്വ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന സമയമായിരുന്നു അത്.
? 1993 മുതല്‍ യുപിയില്‍ കോണ്‍ഗ്രസിന് കഷ്ടകാലമാണ്?
- അതല്ല ഞാന്‍ പറഞ്ഞു വന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് തൊട്ട് പിന്നാലെ നടന്ന തിരഞ്ഞെടുപ്പുകളിലൊന്നിലും ബിജെപിക്ക് ജയിക്കാനായില്ല. വര്‍ഗ്ഗീയത പറഞ്ഞ് വോട്ട് നേടുന്നതിന് ഒരു പരിധിയുണ്ട്. ഇന്ത്യയില്‍ ജനങ്ങള്‍ എപ്പോഴും വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തിലല്ല വോട്ട് ചെയ്യുന്നത്. ഹിന്ദുത്വയുടെ പരിമിതി മനസ്സിലാക്കുന്നതില്‍ ആദിത്യനാഥ് പരാജയപ്പെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ പല നല്ല കാര്യങ്ങളും യോഗിക്ക് മുന്നോട്ട് വെയ്ക്കാമായിരുന്നു. എന്നാല്‍ അദ്ദേഹമോ അദ്ദേഹത്തിന്റെ മന്ത്രിമാരോ അത് ചെയ്യുന്നില്ല.അതൊരു മണ്ടത്തരമാണ്.
? യുപിയില്‍ ഒരു ഗുജറാത്ത് തീര്‍ക്കാനാണ് ആര്‍എസ്എസ്സും ബിജെപിയും ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നുണ്ട്. 2002 ല്‍ മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായതിന് ശേഷം ബിജെപിക്ക് അവിടെ ഇതുവരെ അധികാരം നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, യുപിയെ ഗുജറാത്താക്കുക എളുപ്പമല്ല. മോദിക്കൊപ്പം ഒരു പുതിയ മദ്ധ്യവര്‍ഗ്ഗം ഗുജറാത്തില്‍ രൂപപ്പെട്ടിരുന്നു. ഹിന്ദുത്വയുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഈ മദ്ധ്യവര്‍ഗ്ഗമാണ് അവിടെ ബിജെപിയുടെ തുടര്‍ഭരണം സാദ്ധ്യമാക്കുന്നതെന്നാണ് നിരീക്ഷണം. പക്ഷേ, യുപിയില്‍ ഇത്തരമൊരു മദ്ധ്യവര്‍ഗ്ഗമില്ല. മണ്ഡല്‍ രാഷ്ട്രീയത്തിലൂടെ ഉരുത്തിരിഞ്ഞ ജാതി സമവാക്യങ്ങളാണ് യുപി രാഷ്ട്രീയം നിര്‍ണ്ണയിക്കുന്നതിലെ ഒരു പ്രധാന ഘടകം. താങ്കള്‍ ഈ നിരീക്ഷണത്തോട് യോജിക്കുന്നുണ്ടോ?
- യുപിയില്‍ ജാതി സമവാക്യങ്ങള്‍ സുപ്രധാനമാണ്. ജാതികളും സമുദായങ്ങളും യുപി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. മായാവതിയുടെ വളര്‍ച്ച ഓര്‍ത്താല്‍ ഇത് വ്യക്തമാവും. യുപിയിലെ ഒരു ചെറിയ ജില്ലയായ ബിജ്‌നോറില്‍ നിന്നാണ് മായാവതി വരുന്നത്. അവിടെ രാഷ്ട്രീയ ചുവടുകള്‍ വെച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യുപി മുഖ്യമന്ത്രിയാവാന്‍ അവര്‍ക്കായി. ദളിത് അവബോധം ഉണര്‍ത്തിയെടുക്കാന്‍ മായാവതിക്കായി എന്നതിന്റെ ഫലമായിരുന്നു ഇത്. അതുവരെ ദളിതര്‍ കോണ്‍ഗ്രസിനായിരുന്നു വോട്ട് ചെയ്തുകൊണ്ടിരുന്നത്. കാന്‍ഷി റാമും മായാവതിയും ഈ സമവാക്യങ്ങള്‍ മാറ്റിമറിച്ചു. യാദവ ഇതര പിന്നാക്ക സമുദായങ്ങളുടെ വോട്ടിനായി അഖിലേഷും കുറെ നാളുകളായി ഇതേ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. യുപിയിലെ ജനസംഖ്യയില്‍ 46 ശതമാനത്തോളം വരുന്ന വിഭാഗമാണിത്. 2017 ലെ തിരഞ്ഞെടുപ്പില്‍ ഇവര്‍ വലിയ തോതില്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. ഇക്കുറി ഇതില്‍ നിന്നും പത്ത് ശതമാനം വോട്ട് മാറി വീണാല്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കെതിരാവും.
? താങ്കള്‍ മായാവതിയെ പരാമര്‍ശിച്ചതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഒരു ചോദ്യമാവാമെന്ന് കരുതുന്നു. മായാവതി ഇത്തവണ ഒന്ന് പിന്‍വാങ്ങി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായിരിക്കാം ഇതിന്റെ കാരണം? ആര്‍ക്കാണ് ഇതുകൊണ്ട് ഗുണമുണ്ടാവുക?
- എന്തുകൊണ്ടാണ് മായാവതി ഇങ്ങനെയൊരു നിലപാടെടുത്തിരിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം ചൂണ്ടിക്കാണിക്കാം. ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും ബിഎസ്പിയുടെ വോട്ട് 22 , 23 ശതമാനത്തിന് താഴേക്ക് പോയിട്ടില്ല. യുപി ജനസംഖ്യയുടെ ഒമ്പത് ശതമാനത്തോളം വരുന്ന ജാദവരായ ദളിതരുടെ മേല്‍ മായാവതിക്കുള്ള സ്വാധീനം ഏകദേശം സമ്പൂര്‍ണ്ണമാണ്. എന്നാല്‍ ജാദവ ഇതര ദളിതരെ ഇത്തവണ മായാവതിയുടെ നിലപാട് ആശയക്കുഴപ്പത്തിലാക്കാനിടയുണ്ട്. അവരില്‍ കുറെപ്പേര്‍ മറ്റ് ക്യാമ്പുകളിലേക്കെത്തിയേക്കാം.
? എസ് പി സഖ്യമാണ് യുപിയില്‍ അധികാരത്തില്‍ വരികയെന്നതിന് കരണുമായുള്ള അഭിമുഖത്തില്‍ താങ്കള്‍ നിരവധി കാരണങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. കര്‍ഷക രോഷം , വില വര്‍ദ്ധന, തൊഴിലില്ലായ്മ, ജാദവ ഇതര ദളിത് , യാദവ ഇതര പിന്നാക്ക വര്‍ഗ്ഗ വോട്ടുകള്‍ എസ് പി ക്യാമ്പിലേക്ക് വരുന്നത്, ബ്രാഹ്മണവോട്ടുകള്‍ കോണ്‍ഗ്രസിലേക്കെത്തുന്നത്, മുസ്ലിം വോട്ടുകളുടെ 80 ശതമാനമെങ്കിലും അഖിലേഷിന്റെ മുന്നണിക്കനുകൂലമാവുന്നത് എന്നിവയാണ് അവയില്‍ മുഖ്യം. ഈ ഘടകങ്ങളെല്ലാം തന്നെ എസ് പി മുന്നണിയുടെ വിജയം ഉറപ്പാക്കുന്നുണ്ടെന്നാണ് താങ്കള്‍ പറയുന്നത്?
- അതെ. ഇവിടെയെല്ലാം തന്നെ ബിജെപിക്കാണ് നഷ്ടം. 2017 ലെ തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. ഇത്തവണ അതില്‍ അഞ്ച് ശതമാനം വരെ നഷ്ടമായാലും ബിജെപിക്ക് അധികാരം നിലനിര്‍ത്താനാവും. പക്ഷേ, എന്റെ കണക്ക്കൂട്ടല്‍ ബിജെപിയുടെ നഷ്ടം ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ്. യോഗിയുടെ സര്‍ക്കാര്‍ ഠാക്കൂര്‍ സമുദായത്തിന്റെ അധീശത്വത്തിന് കാരണമായെന്ന തോന്നല്‍ യുപിയിലെ പിന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ ശക്തമാണ്. ബ്രാഹ്മണര്‍ക്കും ഇതേ വികാരമുണ്ട്. ബ്രാഹ്മണര്‍ പക്ഷേ, എസ് പിക്ക് വോട്ട് ചെയ്യാന്‍ മടിച്ചേക്കും. അവരുടെ ചായ്‌വ് ഇക്കുറി കോണ്‍ഗ്രസിലേക്കാവാനാണ് സാദ്ധ്യത. ഏതു നിലയ്ക്ക് നോക്കിയാലും തിരിച്ചടി ബിജെപിക്കായിരിക്കുമെന്നതാണ് വസ്തുത.
? കോവിഡ് 19 ന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവുമധികം സഹിക്കേണ്ടി വന്ന സംസ്ഥാനമാണ് യുപി. ഗംഗയില്‍ ഒഴുകി നടന്ന ശവങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിഷയമല്ലേ? അതോ , ജനങ്ങള്‍ അതെല്ലാം മറന്നുകഴിഞ്ഞോ?
- കോവിഡിന്റെ രണ്ടാം വരവിന്റെ ആഘാതം ഒരിക്കലും കുറച്ച് കാണാനാവില്ല. സ്വന്തം മാതാ പിതാക്കളേയോ, ഭാര്യയേയോ, സഹോദരങ്ങളേയോ തോളുകളില്‍ ചുമന്ന് കൊണ്ടുപോയവര്‍ക്ക് അതൊരിക്കലും മറക്കാനാവില്ല. ജീവിത കാലമത്രയും നീണ്ടു നില്‍ക്കുന്ന മുറിവാണത്. ആ മുറിവിന്റെ വേദന പോളിങ് ബൂത്തിലെത്തുമ്പോഴുമുണ്ടാവും.
? അടിത്തട്ടിലെ മുറുമുറുപ്പും ജനങ്ങളുടെ പ്രതിഷേധവും യോഗി സര്‍ക്കാരിന് കൃത്യമായി ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എത്തിച്ച് കൊടുക്കുന്നുണ്ടാവില്ലേ? എന്നിട്ടും ഈ പഴുതുകള്‍ അടയ്ക്കാനുള്ള ശ്രമം എന്തുകൊണ്ടാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാവാത്തത്?
- ഈ ചോദ്യത്തിന് എനിക്ക് ഉത്തരം നല്‍കാനാവില്ല. പ്രധാനമന്ത്രി മോദിക്ക് ഇപ്പോഴും ഹിന്ദി ബെല്‍റ്റില്‍ വലിയ സ്വീകാര്യതയുണ്ട്. ഗംഭീരനായ പ്രഭാഷകനാണ് അദ്ദേഹം. ഒരു കാന്തമെന്നത് പോലെ അദ്ദേഹത്തിന് ജനങ്ങളെ ആകര്‍ഷിക്കാനും തിരഞ്ഞെടുപ്പുകളില്‍ അനുകൂല ചലനങ്ങളുണ്ടാക്കാനുമാവും. എന്നിട്ടും ഈ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി പ്രചാരണത്തിന്റെ മുന്‍ നിരയില്‍ മോദിയില്ല. എന്തുകൊണ്ടാണ് മോദി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് എനിക്കറിയില്ല.
? 2025 ആര്‍എസ്എസ്സിന്റെ ശതാബ്ധി വര്‍ഷമാണ്. അന്ന് കേന്ദ്രത്തിലും ഇന്ത്യയുടെ ഹൃദയഭൂമിയായ യുപിയിലും ഒരു ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് സംഘത്തിന് തീരെ താല്‍പര്യമുണ്ടാവില്ല. രാജ്യസഭയിലും ബിജെപിക്ക് യുപിയിലെ ജയം നിര്‍ണ്ണായകമാണ്. നിലവില്‍ 245 അംഗ രാജ്യസഭയില്‍ കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് 26 സീറ്റുകളുടെ കുറവുണ്ട്. ഈ വരുന്ന ജൂലായില്‍ 11 രാജ്യസഭ സീറ്റുകളില്‍ യുപിയില്‍ ഒഴിവ് വരും. രാഷ്ട്രപതി സ്ഥാനത്തേക്കും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും. ഒരു തരത്തിലും യുപി കൈവിടാന്‍ ബിജെപിക്കാവില്ല എന്നതല്ലേ ഇതിന്റെ അര്‍ത്ഥം?
- അതേ , അതുകൊണ്ടു തന്നെയാവണം അവര്‍ ഹിന്ദുത്വ ആയുധമാക്കുന്നത്. യുപി പിടിക്കാനുള്ള ഏറ്റവും മികച്ച ആയുധം അതാണെന്ന് ബിജെപി കരുതുന്നുണ്ടാവണം.
? പക്ഷേ, താങ്കള്‍ പറയുന്നത് യുപിയിലെ വോട്ടര്‍മാര്‍ അത്യധികം രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്നും എസ് പി മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ്?
- യുപിയിലെ വോട്ടര്‍മാരില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. അവര്‍ വിവേകപൂര്‍വ്വം വോട്ടുചെയ്യുന്നവരാണ്. വ്യക്തികളെന്ന നിലയില്‍ ചിലര്‍ ഹിന്ദുത്വയ്ക്ക് അനുകൂലമായിരിക്കാം, ചിലര്‍ മതേതര ചിന്താഗതിയുള്ളവരാവാം, ചിലര്‍ക്ക് വിദ്യാഭ്യാസം , ആരോഗ്യം എന്നിവയെക്കുറിച്ചാവാം ആശങ്കകള്‍. ഇത്തവണ ഹിന്ദുത്വയെ ഈ മറ്റ് ഘടകങ്ങള്‍ മറികടക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
? പക്ഷേ, വിഘടിച്ച് നില്‍ക്കുന്ന പ്രതിപക്ഷം യോഗിക്കും കൂട്ടര്‍ക്കും വലിയ ആശ്വാസമല്ലേ നല്‍കുന്നത്?
- ഈ തിരഞ്ഞെടുപ്പില്‍ യുപിയില്‍ പ്രതിപക്ഷ വോട്ടുകള്‍ വലിയ തോതില്‍ ഭിന്നിക്കില്ല. കാരണം ബിജെപിയുടെ പ്രധാന എതിരാളിയായി എസ് പി ഉയര്‍ന്നുവന്ന് കഴിഞ്ഞു. ഇക്കുറി പോരാട്ടം യോഗിയും അഖിലേഷും തമ്മിലാണ് . ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും രണ്ടാണ്. തമിഴ്‌നാട്ടിലും ബംഗാളിലും കേരളത്തിലും ആന്ധ്രയിലുമൊക്കെയെന്നതുപോലെ ഇത്തവണ യുപിയിലും രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.
? അപ്പോള്‍ മാര്‍ച്ച് പത്തിന് വോട്ടെണ്ണുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം ജനങ്ങളുള്ള സംസ്ഥാനത്ത് ബിജെപിക്ക് വലിയ തിരിച്ചടിയാണുണ്ടാവും എന്ന് തന്നെയാണ് താങ്കള്‍ പറയുന്നത്?
- അതെ, മാര്‍ച്ച് പത്തിന് യുപി കാണുക യോഗിയുടെ പതനവും അഖിലേഷിന്റെ തിരിച്ചുവരവുമായിരിക്കും.
Content Highlights: Yogi will fall in UP and Akhilesh will return-interview with najeeb jung
Published: 07 Mar 2022, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented