ഉത്തരദേശത്ത് പ്രതാപകാലം സ്വപ്നം കാണുകയാണ് കോണ്‍ഗ്രസ്. 1951 മുതല്‍ 89 വരെ പല ഘട്ടങ്ങളിലായി സംസ്ഥാനം ഭരിച്ച പാര്‍ട്ടി നിവര്‍ന്നുനില്‍ക്കാനുളള പെടാപാടിലാണ്. 92ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം സംസ്ഥാന അധികാര ഇടനാഴിയില്‍നിന്നും പതിയെ കുടിയിറക്കപ്പെട്ട പാര്‍ട്ടി പ്രിയങ്ക ഗാന്ധിയെന്ന ബ്രഹ്‌മാസ്ത്രവുമായാണ് മടങ്ങിവരവിന് ശ്രമിക്കുന്നത്. ആര്‍.പി.എന്‍ സിങ്, ജിതിന്‍ പ്രസാദ തുടങ്ങി നിരവധി നേതാക്കള്‍ കളം മാറിയപ്പോഴും ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി നിലകൊണ്ട പ്രിയങ്ക ഗാന്ധിക്ക് പിന്നില്‍ ഉറച്ച പിന്തുണയുമായി സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും ഉണ്ടായിരുന്നു. തുംക്കിരാജ് മണ്ഡലത്തില്‍നിന്നും മൂന്നാം തവണയും മത്സരിക്കുന്ന അജയ് കുമാര്‍ ലക്നൗവില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിച്ചു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എത്രമാത്രം പ്രതീക്ഷയുണ്ട് ?
ഉത്തര്‍ പ്രദേശ് മാറ്റം ആഗ്രഹിക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണ്. അവര്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. കോണ്‍ഗ്രസ് തിരിച്ചുവരും. സര്‍ക്കാരുണ്ടാകും. എന്റേത് വെറും വാക്കല്ല. വോട്ടര്‍മാരുടെ മനസറിഞ്ഞുളള ഉറപ്പാണ്.
പ്രിയങ്ക ഗാന്ധിയുടെ വരവ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ?
പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകര്‍ക്ക് ആവേശമാണ്. അവര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായശേഷം ഐതിഹാസിക തീരുമാനനമെടുത്തു. തിരഞ്ഞെടുപ്പില്‍ 40ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കി. ഇതിന്റെ പ്രതിഫലനം മറ്റു പാര്‍ട്ടികളിലുമുണ്ടായി. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും ബി.എസ്.പിയുമെല്ലാം ഇത്തവണ കൂടൂതല്‍ സീറ്റ് വനിതകള്‍ക്ക് നല്‍കേണ്ടിവന്നു. ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. യുപിയിലെ നാരീശക്തി കോണ്‍ഗ്രസിനൊപ്പമാണ്. ഇതു വോട്ടായി മാറുമെന്ന് ഉറപ്പാണ്.
യുപി നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്താണ് ?
യുപിയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. യുവാക്കള്‍ പ്രതീക്ഷയറ്റവരായി കഴിയുന്നു. ക്ഷേത്രത്തിന്റേയും മസ്ജിദിന്റേയും പേരില്‍ തമ്മിലടിപ്പിക്കാന്‍ സമയം കളയുന്ന ബിജെപി യുവാക്കള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് മാത്രമാണ് യുവാക്കള്‍ക്കായി പ്രത്യേക പ്രകടനപത്രിക പുറത്തിറക്കിയത്. ഞങ്ങള്‍ 20ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കും. തൊഴിലവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നുണ്ട്. കരാര്‍ തൊഴില്‍ അവസാനിപ്പിക്കും. താത്കാലികരെ സ്ഥിരപ്പെടുത്തും. ഇതാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന പ്രധാന വാഗ്ദാനം.
കര്‍ഷക സമരങ്ങള്‍ കോണ്‍ഗ്രസിനു ഗുണം ചെയ്യുമോ ? ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രിയങ്കയും രാഹുലും നേരിട്ട് ഇടപെട്ടിരുന്നല്ലോ?
കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് ഏറ്റെടുത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. ഇന്ധനവിലയും വൈദ്യുതി നിരക്കും വര്‍ധിപ്പിച്ച ബിജെപി സര്‍ക്കാര്‍ കാര്‍ഷിക വിളകളുടെ വില കൂട്ടിയില്ല. കര്‍ഷകര്‍ രോഷത്തിലാണ്. പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി നേതാക്കള്‍ക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ പോലും കഴിഞ്ഞില്ല. ബിജെപി വെറും ഇവന്റ് രാഷ്ട്രീയമാണ് കളിക്കുന്നത്. വന്‍കിട പിആര്‍ കമ്പനികളെ ഉപയോഗിച്ച് വന്‍തോതില്‍ പണമിറക്കി രാഷ്ട്രീയം കളിക്കുന്നു. ഇതു സാധാരണക്കാരിലും കര്‍ഷകരിലും യാതൊരു ചലനവും ഉണ്ടാക്കിയില്ല. കര്‍ഷകര്‍ കോണ്‍ഗ്രസിനൊപ്പമാണ്.
ആര്‍.പി.എന്‍ സിങ് ഉള്‍പ്പടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടല്ലോ. പാര്‍ട്ടിയുടെ വിജയ സാധ്യതകള്‍ക്ക് ഇതു മങ്ങലേല്‍പ്പിക്കില്ലേ ?
ആരാണ് നേതാവെന്ന് പ്രവര്‍ത്തകര്‍ക്കറിയാം. ജിതിന്‍ പ്രസാദയും ആര്‍.പി.എന്‍ സിങും ആള്‍ക്കൂട്ട നേതാക്കളല്ല. കോണ്‍ഗ്രസില്‍ കയറികൂടി സ്ഥാനമാനങ്ങള്‍ നേടിയവരാണ്. താഴെത്തട്ടില്‍ അവര്‍ക്ക് ജനപിന്തുണയില്ല. ഭാഗ്യാന്വേഷികള്‍ കൂടു മാറുന്നത് സ്വാഭാവികമാണ്. ഇതൊന്നും കോണ്‍ഗ്രസിനു തിരിച്ചടിയല്ല. സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും.
മാര്‍ച്ച് 10നു യുപിയില്‍ എന്തു സംഭവിക്കും ?
കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ സര്‍ക്കാരുണ്ടാക്കും. പാര്‍ട്ടിയെ എഴുതിത്തളളിയവര്‍ക്കുളള കാലത്തിന്റെ മറുപടിയായിരിക്കുമത്. തിരിച്ചുവരവിന്റെ പാതയിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ഇതു വ്യക്തമാകും.
Content Highlights: Uttar Pradesh congress leader Ajay Kumar Lallu interview
Published: 17 Feb 2022, 04:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented