
ബുലന്ദ്ശഹര്‍ ജില്ലയിലെ സ്യാന നിയമസഭാ മണ്ഡലത്തിലുള്ള മഹാവ് ഗ്രാമം. പ്രദേശത്തെ വയലില്‍ പശുവിന്റെ ജഡാവശിഷ്ടം കണ്ടതിന്റെ പേരില്‍ മൂന്നുവര്‍ഷം മുന്‍പ് ലഹളയുണ്ടായ ഇടം. തുടര്‍ന്നു നടന്ന ആള്‍ക്കൂട്ടാക്രമണത്തില്‍ സ്യാന പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുബോധ് കുമാറും ഗ്രാമീണനായ സുമിത് കുമാറും വെടിയേറ്റു മരിച്ചു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് കേസ്.
കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികള്‍ ബജ്രംഗ്ദള്‍ യൂണിറ്റ് കണ്‍വീനര്‍ യോഗേഷ് രാജിനും യുവമോര്‍ച്ച മുന്‍ പ്രസിഡന്റ് ശിഖര്‍ അഖര്‍വാളിനും കഴിഞ്ഞ മാസം അലഹബാദ് കോടതി ജാമ്യം അനുവദിച്ചു. സുബോധ് കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ വെള്ളിയാഴ്ച സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു. കേസ് ഇങ്ങനെ തുടരുന്നുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ ബുലന്ദ് ശഹറില്‍ അന്നത്തെ കലാപത്തിന്റെ ഓര്‍മകളേ ഇല്ല. പക്ഷേ, പശുവിന്റെ പ്രശ്നം തീര്‍ന്നിട്ടില്ല താനും; ജഡാവശിഷ്ടം കണ്ട മഹാവ് മേഖലയില്‍ പ്രത്യേകിച്ചും.
ഗ്രാമത്തിലെ പ്രധാനി പ്രേജിത്ത് സിങ്ങിന്റെ വയലിലായിരുന്നു അന്ന് പശുവിന്റെ അവശിഷ്ടം കണ്ടത്. അദ്ദേഹം ഒരു വര്‍ഷം മുമ്പ് മരിച്ചു. പശുവിന്റെ അവശിഷ്ടം അന്ന് എങ്ങിനെ വന്നെന്ന് അറിയില്ലെന്നും എന്നാല്‍ പശുക്കളെക്കൊണ്ട് ഇപ്പോഴും ശല്യം തുടരുകയാണെന്നും പ്രേംജിത്ത് സിങ്ങിന്റെ സഹോദരന്‍ ജുമീന്ദര്‍ പാല്‍ സിങ് പറഞ്ഞു. കറവ വറ്റിയ പശുക്കളെ പോറ്റാന്‍ നിവൃത്തിയില്ലാത്തതിനാല്‍ കര്‍ഷകര്‍ ഇവയെ വഴിയില്‍ ഉപേക്ഷിക്കുകയാണെന്ന് ജുമീന്ദറിന്റെ ഭാര്യ അനിത ചൗധരിയും വെളിപ്പെടുത്തി.
മഹാവില്‍ ഗോശാല ഇല്ലാത്തതിനാല്‍ ഇവയെല്ലാം രാത്രികാലങ്ങളില്‍ വയലുകളില്‍ ചുറ്റിത്തിരിയുന്നു. കരിമ്പിന്റെ ഇളം ഇലകളാണിവയ്ക്ക് പ്രിയം. അതിനാല്‍ അതു തിന്നാന്‍ കരിമ്പു പാടം മുഴുവന്‍ ചവിട്ടി മെതിക്കും. ബുലന്ദ്ശഹറിലെങ്ങും കരിമ്പ്, കടുക്, മാങ്ങ കൃഷിയാണ് കൂടുതല്‍. കടുക് പശു തിന്നില്ലെങ്കിലും അതിലൂടെ കടന്നു പോവുമ്പോള്‍ കായ മുഴുവന്‍ ഇളകി വീഴും. ഇതും കര്‍ഷകര്‍ക്ക് പ്രശ്നമാണ്. 'ദേഷ്യത്തിന് കര്‍ഷര്‍ പശുക്കളെ തല്ലിക്കൊല്ലാനും മതി'- ജുമീന്ദര്‍ ചിരിക്കുന്നു.
ജുമീന്ദറിന്റെ വയലിനോട് ചേര്‍ന്നാണ് 40-കാരനായ സര്‍വേശ് കുമാറിന്റെ 27 ഏക്ര കരിമ്പ്-കടുക് കൃഷിയിടം. അലഞ്ഞു തിരിയുന്ന പശുക്കളെക്കൊണ്ട് വന്‍ നഷ്ടമാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നതെന്ന് സര്‍വേശ് സാക്ഷ്യപ്പെടുത്തുന്നു. സമീപ ഗ്രാമങ്ങളില്‍ ഗോശാലകളുണ്ടെങ്കിലും മഹാവില്‍ അതില്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
'സമാജ് വാദി പാര്‍ട്ടിയുടെ കാലത്ത് ഗുണ്ടകളായിരുന്നു പ്രശ്നം. അതിപ്പോള്‍ ഒഴിഞ്ഞു. വികസനവും ഉണ്ട്. അതിനാല്‍ വോട്ട് യോഗിക്കു തന്നെ ചെയ്യും'- ബി.ജെ.പി.യും എസ്.പി.-ആര്‍.എല്‍.ഡി. സഖ്യവും മിക്കയിടങ്ങളിലും നേര്‍ക്കു നേര്‍ മത്സരിക്കുന്ന ബുലന്ദ്ശഹറില്‍ ബി.ജെ.പി.ക്കാരനാണെന്നത് മറച്ചുവെക്കാതെ സര്‍വേശ് പറഞ്ഞു.
സമീപ ഗ്രാമങ്ങളിലെ ഗോശാലകളുടെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകളും കര്‍ഷകരെ ബാധിക്കുന്നതായി മറ്റൊരു കര്‍ഷകനായ ഓംകേശ് ശര്‍മ പറഞ്ഞു. 'ഓരോ പശുവിനും ദിവസം തിന്നാന്‍ നല്ലൊരു തുകയുടെ ഭക്ഷണം നല്‍കണം. അതിനാല്‍ ഗോശാല നടത്തിപ്പുകാര്‍ ഇവയെ രാത്രിയില്‍ വെളിയില്‍ ഇറക്കിവിടും. അവ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിവരും. ഈ പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല'- ഓംകേശ് ശര്‍മ പരാതിപ്പെട്ടു.
ബുലന്ദ്ശഹറിലായാലും മുസാഫര്‍ നഗറിലായാലും മീററ്റിലായാലും അലഞ്ഞു തിരിയുന്ന പശുക്കള്‍ ഉത്തര്‍പ്രദേശില്‍ ഭീഷണിയായി തുടരുകയാണ്. കാര്‍ഷിക നാശത്തിന്റെ രൂപത്തിലും അല്ലാതെയും...
content highlights: Uttar pradesh assembly election bulandshar
Published: 07 Feb 2022, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented