ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴുഘട്ടങ്ങളിലായാണ് യു.പിയില്‍ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ 54 നിയോജക മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. അസംഗഢ്, മാവു, ജോന്‍പുര്‍, ഘാസിപുര്‍, മിര്‍സാപുര്‍ തുടങ്ങിയ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 

To advertise here,

രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം ആറുമണിക്ക് അവസാനിക്കും. ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്ന മേഖലയിലെ 29 സീറ്റുകളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളുമായിരുന്നു വിജയിച്ചിരുന്നത്. അന്ന് എസ്.പി. 11 സീറ്റുകളിലും ബി.എസ്.പി. ആറു  സീറ്റുകളിലും വിജയിച്ചിരുന്നു. 

പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസിയിലെ സീറ്റുകളിലേത് ബി.ജെ.പിക്ക് അഭിമാനപോരാട്ടമാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നു മന്ത്രിമാര്‍ ഇവിടുത്തെ മണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടുന്നുണ്ട്. യു.പി. തിരഞ്ഞെടുപ്പിന്റെ അവസാനനഘട്ടം ബി.ജെ.പിയുടെ സഖ്യകക്ഷികളായ അപ്‌നാദള്‍ (സോനേലാല്‍), നിഷാദ് പാര്‍ട്ടി എന്നിവയ്ക്കും നിര്‍ണായകമാണ്. കൂടാതെ എസ്.പി. സഖ്യകക്ഷികളായ അപ്‌നാദള്‍ (കമെരാവാദി), സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി.) എന്നിവയ്ക്കും ഈ ഘട്ടം നിര്‍ണായകമാണ്. എസ്.ബി.എസ്.പി. അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍, സഹൂറാബാദില്‍നിന്ന് ജനവിധി തേടുന്നുണ്ട്. മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി മാവു സദറില്‍നിന്നും മത്സരിക്കുന്നു. 

പാര്‍ട്ടികള്‍ വന്‍പ്രചാരണമായിരുന്നു മേഖലയില്‍ നടത്തിയത്. നരേന്ദ്ര മോദി നിരവധി തിരഞ്ഞെടുപ്പു റാലികളും വാരണാസിയില്‍ മെഗാ റാലിയും സംഘടിപ്പിച്ചിരുന്നു. വാരണാസിയില്‍ മൂന്നുദിവസം മോദി ക്യാമ്പ് ചെയ്തിരുന്നു. 

എസ്.പി. സഖ്യം വന്‍പ്രചാരണമായിരുന്നു മേഖലയില്‍ നടത്തിയത്. അഖിലേഷ് യാദവ്, ആര്‍.എല്‍.ഡി. നേതാവ് ജയന്ത് ചൗധരി എന്നിവര്‍ വമ്പന്‍ റാലി സംഘടിപ്പിച്ചിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും റാലിയില്‍ പങ്കെടുത്തിരുന്നു. 

പൂര്‍വാഞ്ചല്‍ മേഖലയില്‍ ബി.എസ്.പി. നേതാവ് മായാവതിയും പോള്‍ റാലികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മേഖലയില്‍ നിരവധി റോഡ് ഷോകളില്‍ പങ്കെടുത്തിരുന്നു.