ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മുന്നൂറ് സീറ്റില്‍ അധികം നേടി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് ബി.ജെ.പി. നേതാക്കളുടെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദങ്ങളെ നിരാകരിക്കുംവിധത്തിലുള്ള ഫലമാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേയില്‍നിന്ന് വ്യക്തമാകുന്നതെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ അടുത്ത സര്‍ക്കാര്‍ രൂപവത്കരണം ബി.ജെ.പിക്ക് അത്ര എളുപ്പമാവില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെട്ട ലഖിംപുര്‍ ഖേരി സംഘര്‍ഷത്തേക്കാള്‍, മുഖ്യപ്രതിപക്ഷമായ എസ്.പിക്കൊപ്പം രാഷ്ട്രീയ ലോക്ദള്‍ ചേര്‍ന്നതാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്ന പ്രധാന തിരിച്ചടി. പട്ടിക ജാതികളുടെയും പിന്നാക്ക സമുദായങ്ങളുടെയും മേല്‍ ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. എന്നാല്‍, ന്യൂനപക്ഷ ധ്രുവീകരണവും യാദവരും ഉന്നതജാതിക്കാരായ കര്‍ഷകരും എസ്.പി. നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തോട് അനുകൂലസമീപനം സ്വീകരിച്ചതും ബി.ജെ.പിയുടെ നില പരുങ്ങലിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂനപക്ഷ വോട്ടുകളില്‍ ഏതെങ്കിലും തരത്തിലുള്ള വിഭജനം കൊണ്ടുവരാന്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് സാധിച്ചിട്ടില്ലെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ന്യൂനപക്ഷങ്ങള്‍ എസ്.പി. നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളോടാണ് ചായ്‌വു കാണിച്ചുവരുന്നത്. എന്നാല്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, എസ്.സി. വോട്ടുകളിലും മറ്റ് അങ്ങേയറ്റം ന്യൂനപക്ഷമായ സമുദായങ്ങളുടെ വോട്ടുകളിലും ക്രമേണ വിള്ളല്‍ വരുത്തുന്നുണ്ട്. ഇത് നാലാംഘട്ട വോട്ടെടുപ്പ് കഴിയുമ്പോഴേക്കും ബി.ജെ.പിക്ക് സഹായകമാകുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ജാട്ട്, യാദവ് വോട്ടുകള്‍ ഏറെയുള്ള 150-ല്‍ അധികം സീറ്റുകളില്‍ എസ്.പി.-ആര്‍.എല്‍.ഡി. സഖ്യം ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള പരിമിതികളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമുള്ള റാലികളിലൂടെ മറികടക്കാനാകുമെന്നാണ് ബി.ജെ.പി. കരുതുന്നത്. പാര്‍ട്ടി മുന്നൂറില്‍ കുറയാത്ത സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നിരുന്നാലും ഉത്തര്‍ പ്രദേശില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ വോട്ടെണ്ണലിനു ശേഷമുള്ള സഖ്യത്തിന് ബി.ജെ.പിക്ക് ശ്രമിക്കേണ്ടി വന്നേക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Content Highlights: tough fight-bjp internal survey on uttar prasesh assembly elections
Published: 02 Mar 2022, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented