ലഖ്നൗ: ഉത്തര്പ്രദേശില് യോഗിസര്ക്കാര് അധികാരമേറ്റതോടെ എണ്പതിലേറെ കേസുകളാണ് സമാജ്വാദി പാര്ട്ടിയുടെ മുതിര്ന്നനേതാക്കളിലൊരാളായ അസംഖാന്റെ തലയിലായത്. അതില് പോത്തിനെയും ആടിനെയും കോഴികളെയുമൊക്കെ കട്ട കേസുകള്മുതല് ഭൂമികൈയേറ്റം വരെയുണ്ട്. കേസുകള് ഒന്നൊന്നായി കുത്തിപ്പൊക്കി 2020 ജനുവരിമുതല് അസംഖാനെ സിതാപുര് ജയിലിലടച്ചിരിക്കുകയാണ്.
അഴികള്ക്കകത്താണെങ്കിലും തിരഞ്ഞെടുപ്പെത്തുമ്പോള് എഴുപത്തിമൂന്നുകാരനായ ഖാന് ചോര തിളയ്ക്കും. ബി.ജെ.പി. സര്ക്കാരിന്റെ 'കൊടുംചതി'ക്ക് മത്സരിച്ചുകൊണ്ട് പകരംവീട്ടുമെന്നാണ് പ്രഖ്യാപനം. കള്ളക്കേസില് കുടുക്കി ഖാനുനേരെ പകപോക്കുകയാണ് യോഗിയും സംഘവുമെന്ന് പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവ് ആവര്ത്തിക്കുന്നു. രാംപുര് സദര് മണ്ഡലത്തില്നിന്ന് അസംഖാന് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവില് രാംപുരില്നിന്നുള്ള ലോക്സഭാംഗമാണ് അസംഖാന്. ഒമ്പതുതവണയാണ് രാംപുരിനെ നിയമസഭയില് ഖാന് പ്രതിനിധാനംചെയ്തത്. എസ്.പി.ക്ക് ഖാനെ എന്തുകൊണ്ട് തള്ളിപ്പറയാനാവില്ലെന്നത് അതിലൂടെ വ്യക്തം.
പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കണമെന്ന അഭ്യര്ഥനയുമായി ഖാന് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തന്നെ തിരഞ്ഞെടുപ്പുപ്രചാരണരംഗത്തുനിന്ന് തടയുകയെന്ന ലക്ഷ്യവുമായി കേസുകളിലെ നിയമനടപടികള് യോഗിസര്ക്കാര് നീട്ടിക്കൊണ്ടുപോവുകയാണെന്ന് അദ്ദേഹം ഹര്ജിയില് കുറ്റപ്പെടുത്തുന്നു. കോടതി കനിഞ്ഞാലുമില്ലെങ്കിലും മത്സരരംഗത്തുണ്ടാകുമെന്ന് ഖാന് തറപ്പിച്ചുപറയുന്നു.
അസംഖാന്റെ ഭാര്യ തന്സീന് ഫാത്തിമയാണ് രാംപുര് സദറില് നിലവിലുള്ള എം.എല്.എ. ഭര്ത്താവിനുനേരെയുള്ള ഒട്ടേറെ കേസുകളില് ഇവരും കൂട്ടുപ്രതിയാണ്. ജയിലിലടയ്ക്കപ്പെട്ടെങ്കിലും 2020 ഡിസംബറില് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
അസംഖാന് മാത്രമല്ല, കഴിഞ്ഞയാഴ്ചമാത്രം ജയിലില്നിന്നിറങ്ങിയ അദ്ദേഹത്തിന്റെ മകന് അബ്ദുള്ള ഖാനും ഇക്കുറി അഖിലേഷ് സീറ്റുനല്കിയിട്ടുണ്ട്. രാംപുര് ജില്ലയിലെത്തന്നെ സുവര് മണ്ഡലത്തില്നിന്നാണ് 'മകന് ഖാന്' മത്സരിക്കുന്നത്. 2017-ലെ തിരഞ്ഞെടുപ്പില് ഇതേ മണ്ഡലത്തില് മത്സരിച്ച അദ്ദേഹം ജേതാവായിരുന്നു. എന്നാല്, നാമനിര്ദേശപത്രിക സമര്പ്പിക്കുമ്പോള് 25 വയസ്സായില്ലെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കി. വ്യാജ ജനനസര്ട്ടിഫിക്കറ്റുണ്ടാക്കി എന്നതുള്പ്പെടെയുള്ള കുറ്റങ്ങള് ചുമത്തിയാണ് അബ്ദുള്ള ഖാനെ ജയിലിലടച്ചിരുന്നത്.
Content Highlights: sp leader azam khan will contest in assembly election
Published: 26 Jan 2022, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented