ലിബ്ബറേഡി (ഉത്തരാഖണ്ഡ്): ഗാന്ധിയും അദ്വാനിയും ഒരേ വീട്ടില്‍ താമസിക്കുന്നു എന്നറിഞ്ഞാണ് തന്‍ഷിപ്പൂര്‍ ഗ്രാമത്തിലെത്തിയത്. കരിമ്പും കടുകും വിളയുന്ന തന്‍ഷിപ്പൂരിന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും ഇവരുടെ വീട്ടിലാണ്. വീടിനുമുന്നില്‍ കയറുകട്ടിലില്‍ ഇരിക്കുകയായിരുന്നു ഗാന്ധിയുടേയും അദ്വാനിയുടേയും ചേട്ടന്‍ രവീന്ദര്‍ ത്യാഗി. 'അദ്വാനി കരിമ്പുമായി മില്ലിലേക്ക് പോയല്ലോ... ഗാന്ധി ഇലക്ട്രിക്കല്‍ പണിക്കും പോയി..ഇനി വരാന്‍ ആറുമണി കഴിയും...'

To advertise here,

placeholder
കര്‍ഷകഗ്രാമത്തിലെ ഈ വീട്, രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രമാണ്. കൃഷിപ്പണിയെല്ലാം കഴിഞ്ഞ് വൈകുന്നേരം വീടിനു മുന്നില്‍ കയറുകട്ടിലുകള്‍ നിരത്തിയിട്ട് 'ചൗപാല്‍' (ചര്‍ച്ച കൂട്ടം) ചേരും. രാത്രി വൈകുവോളം രാഷ്ട്രീയചൂടിനു ചുറ്റുമായിരിക്കും ഗ്രാമവാസികളിലേറെയും. ഈ വീട്ടിലെ ചേട്ടാനിയന്‍മാരാണ് ഗാന്ധിയും അദ്വാനിയും. ഇവരുടെ ശരിക്കുള്ള പേരുകള്‍ രജനീഷ് ത്യാഗിയെന്നും സഞ്ജയ് ത്യാഗിയെന്നുമാണ്. മൂത്തയാളായ രജനീഷാണ് അദ്വാനി, ഇളയവനായ സഞ്ജയാണ് ഗാന്ധി. രണ്ടാള്‍ക്കും അറുപതിനടുത്താണ് പ്രായം. പണ്ടെപ്പോഴോ ഗ്രാമവാസികള്‍ ചാര്‍ത്തിക്കൊടുത്ത പേരുകളാണിത്.

അദ്വാനി രഥയാത്ര നടത്തിയ കാലം മുതല്‍ രജനീഷ് ബി.ജെ.പി.ക്കൊപ്പമാണ്. ചൗപാല്‍ ചര്‍ച്ചകളില്‍ ബി.ജെ.പി.ക്കെതിരേ ശബ്ദമുയര്‍ന്നാല്‍ രജനീഷ് വാശിയോടെ അവരെ നേരിടും. അങ്ങനെ വീണ പേരാണ് 'അദ്വാനി'. ഇളയവനായ സഞ്ജയ് ശാന്തനും സമാധാനപ്രിയനുമാണ്. ചര്‍ച്ചയ്ക്കിടയില്‍ അടിപൊട്ടുമെന്ന് കണ്ടാല്‍ ഇടപെട്ട് രംഗം ശാന്തമാക്കും. അങ്ങനെ അയാള്‍ 'ഗാന്ധി' യായി. ഗ്രാമത്തിലെ ഇപ്പോഴത്തെ തലമുറയ്ക്ക് ഇവരുടെ ശരിക്കുള്ള പേരുകള്‍ അറിയില്ല. ഗാന്ധിയെന്നും അദ്വാനിയെന്നും പറഞ്ഞാലേ വീടുപോലും കണ്ടുപിടിക്കാനാകു.

അദ്വാനിയെ കാണാന്‍ തന്‍ഷിപ്പൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ലിബ്ബറേഡി ഗ്രാമത്തിലേക്ക് തിരിച്ചു. കരിമ്പുപാടങ്ങളും മഞ്ഞപ്പൂക്കള്‍ വിടര്‍ന്ന കടുകുപാടങ്ങളും കടന്ന് ലിബ്ബറേഡിയിലെത്തി. അവിടെ ഉത്തം ഷുഗര്‍ മില്ലിന്റെ വളപ്പിലേക്ക് ട്രാക്ടറുകളില്‍ കരിമ്പുമായി കര്‍ഷകര്‍ കയറിപ്പോകുന്നു. നൂറിലധികം ട്രാക്ടറുകള്‍ ഊഴം കാത്തു കിടക്കുകയാണ്. കരിമ്പു തൂക്കി കൊടുത്ത് പണം വാങ്ങി വേണം കര്‍ഷകര്‍ക്ക് മടങ്ങാന്‍.

ഊഴം കാത്ത് ട്രാക്ടറിലിരിക്കുന്ന 'അദ്വാനി'യെ കണ്ടെത്തി. 'അപ്പനപ്പൂപ്പന്‍മാരുടെ കാലം മുതലുള്ളതാണ് ചൗപാല്‍. കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഞങ്ങളും പോയിരിക്കും. പണ്ട് എല്‍.കെ. അദ്വാനി റൂര്‍ക്കിയില്‍ വന്നപ്പോള്‍ പോയി കണ്ടിരുന്നു. ഇവിടെ കരിമ്പു കൊടുത്ത് ഗ്രാമത്തിലെത്തുമ്പോഴേക്കും ചൗപാലിനുള്ള സമയമാകും. വോട്ട് ഇത്തവണയും ബി.ജെ.പിക്കു തന്നെ. ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വരും സംശയമില്ല...' അദ്വാനി ചിരിച്ചു കൊണ്ടുപറഞ്ഞു. 'അദ്വാനിയെന്ന പേരും വെച്ച് ഇയാളെങ്ങനെ ബി.ജി.പി.ക്കല്ലാതെ വോട്ടു ചെയ്യും...' ചുറ്റുംനിന്ന മറ്റു കരിമ്പുകര്‍ഷകര്‍ കൂട്ടച്ചിരിയോടെ പറഞ്ഞു.

ലിബ്ബറേഡിയില്‍ നിന്നും മടങ്ങുമ്പോഴാണ് 'ഗാന്ധിജിയെ' കണ്ടത്. ഒരു വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികളിലായിരുന്നു ഗാന്ധിജി. 'പണ്ടൊക്കെ ചൗപാലില്‍ രാവിലെ മുതല്‍ ആളുകള്‍ വരുമായിരുന്നു പത്തിരുപത് പേരുണ്ടാകും. അവര്‍ പോകുമ്പോള്‍ അടുത്ത സംഘം എത്തിയിട്ടുണ്ടാകും...' താമരചിഹ്നങ്ങളുള്ള കാവി ഷാള്‍ കഴുത്തില്‍ ചുറ്റിയാണ് 'ഗാന്ധി'യുടെ കറക്കം. 'കുടംബം മുഴുവന്‍ പണ്ടേ ബി.ജെ.പി.ക്കൊപ്പമാണ്. അങ്ങനെ ഞാനും ബി.ജെ.പി.ക്കാരനായി. ഉത്തരാഖണ്ഡില്‍ ഇത്തവണ 40 സീറ്റോടെ ബി.ജെ.പി. അധികാരത്തിലെത്തും' ഗാന്ധിജി പറഞ്ഞു!.

Content Highlights: Uttarakhand  Assembly Election 2022