സിഖ് നേതാക്കളോടൊപ്പം പ്രധാനമന്ത്രി | Photo: twitter.com|narendramodi
ന്യൂഡല്‍ഹി: ഇന്ത്യയുണ്ടായത് 1947 ല്‍ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ വസതിയില്‍ മുതിര്‍ന്ന സിഖ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്.
'ഇന്ത്യ പിറന്നത് 1947ല്‍ അല്ല. നമ്മുടെ ഗുരുക്കന്മാര് ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് നാം വലിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. അക്കാലത്ത് ഞാന്‍ ഒളിവിലായിരുന്നു. സിഖുകാരുടെ വേഷം ധരിച്ചായിരുന്നു അക്കാലത്ത് ഞാന്‍ ഒളിച്ചു കഴിഞ്ഞിരുന്നത്', പ്രധാനമന്ത്രി സിഖ് നേതാക്കളോട് പറഞ്ഞു.
1947-ലെ വിഭജനകാലത്ത് സിഖ് ആരാധനാലയമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയെ ഇന്ത്യയുടെ ഭാഗമാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പഞ്ചാബില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുരുദ്വാരയെ ഇന്ത്യയില്‍ നിലനിര്‍ത്താനായി പാകിസ്താനുമായി ധാരണയിലെത്താന്‍ അവര്‍ക്കായില്ല.
നയതതന്ത്ര ബന്ധങ്ങളുപയോഗിച്ച് താന്‍ അതിനായി ശ്രമിച്ചു. പഞ്ചാബില്‍ വരുമ്പോഴെല്ലാം ദൂരദര്‍ശിനിയിലൂടെ താന്‍ ഗുരുദ്വാരയിലേക്ക് നോക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്തെങ്കിലും ചെയ്യണമെന്ന് തന്റെ മനസ്സ് പറഞ്ഞു. ഗുരുക്കന്മാരുടെ അനുഗ്രഹത്താല്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞു. ദൈവാനുഗ്രഹമില്ലായിരുന്നെങ്കില്‍ നമുക്കത് സാധിക്കില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിഖ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരെ ഷാള്‍ പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.
Content Highlights: PM To Senior Sikh Leaders Ahead Of Punjab Polls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..