അമൃത്സര്‍: പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ വിവാദ പരാമര്‍ശവുമായി നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയുന്നതിനെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയെ അരികില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ചന്നിയുടെ പരാമര്‍ശം.

To advertise here,

പ്രിയങ്കാ ഗാന്ധിയെ 'പഞ്ചാബിന്റെ മരുമകള്‍' എന്നു വിശേഷിപ്പിച്ച ചന്നി, യുപിയില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള 'ഭയ്യമാര്‍ക്ക്' 'ഇവിടെ വന്ന് ഭരിക്കാന്‍ കഴിയില്ല' എന്നും പ്രസ്താവിച്ചു. യുപി, ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 'ഭയ്യ'മാരെ പഞ്ചാബില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും റാലിയില്‍ ചന്നി പറഞ്ഞു.

ചന്നിയുടെ പരാമര്‍ശത്തെ പാര്‍ട്ടി ഭേദമന്യേ നേതാക്കള്‍ അപലപിച്ചു. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികളായ ആം ആദ്മി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഈ പരാമര്‍ശത്തെ 'ലജ്ജാകരം' എന്നാണ് വിശേഷിപ്പിച്ചത്.

ബിജെപി നേതാവും പാര്‍ട്ടിയുടെ ഐടി സെല്‍ മേധാവിയുമായ അമിത് മാളവ്യയും ചന്നിയെ വിമര്‍ശിച്ച് രംഗത്തുവന്നു. ചന്നിയുടെ പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് 'പ്രിയങ്ക വദ്രയ്ക്കൊപ്പം വേദിയില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി യുപിയിലെയും ബിഹാറിലെയും ജനങ്ങളെ അപമാനിക്കുന്നു. ഇങ്ങനെയാണോ കോണ്‍ഗ്രസ് യുപിയെയും രാജ്യത്തെയും വികസിപ്പിക്കുക?, എന്ന് അദ്ദേഹം ചോദിച്ചു.

ഫെബ്രുവരി 20-നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളായ യുപി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവയ്ക്കൊപ്പം മാര്‍ച്ച് 10-ന് ഫലം പ്രഖ്യാപിക്കുക.

Content Highlights: charanjith singh channi makes controversial remarks days before election