പനജി: ഗോവയില്‍ എങ്ങനേയും ഭരണം നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തിലാണ് ബിജെപി. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് പുറമേ ഇത്തവണ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും കൂടി  കളത്തിലുള്ളതിനാല്‍ കടുത്ത മത്സരം ഉറപ്പാണ്. വലിയ ഒറ്റകക്ഷി അല്ലാതിരുന്നിട്ടുകൂടി കഴിഞ്ഞ തവണ ഭരണംപിടിക്കാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസവും ബിജെപി നേതൃത്വത്തിനുണ്ട്. ബിജെപിയുടെ സാധ്യതകളെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും മുഖ്യമന്ത്രി ഡോ പ്രമോദ് പി സാവന്ത് സംസാരിക്കുന്നു. 

To advertise here,

എങ്ങനെ പോകുന്നു തിരഞ്ഞെടുപ്പ് പ്രചാരണം?

placeholder
ഇത്തവണ ബിജെപി വളരെ മികച്ച പ്രകടനം കാഴ്ച്ചവെക്കും. സര്‍വേ റിപ്പോര്‍ട്ടുകളെല്ലാം ഞങ്ങള്‍ക്ക് അനുകൂലമാണ്. പ്രചാരണത്തിനിറങ്ങുമ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് കിട്ടുന്നത് പ്രതീക്ഷക്കപ്പുറം സീറ്റുകള്‍ കിട്ടുമെന്ന സൂചനയാണ്. തിരഞ്ഞെടുപ്പ് സമിതി നന്നായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. 100 അല്ല 110 ശതമാനം ഉറപ്പാണ് ബിജെപി വീണ്ടും അധികാരത്തില്‍ വരും. 

ഇത്തവണ കടുത്ത മത്സരം ആണല്ലോ?

അതെ, അത് യാഥാര്‍ഥ്യമാണ്. ഇത്തവണ കടുത്ത മത്സരം ഉണ്ട്. ഗോവയില്‍ നവാഗതരായി തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ട്. ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. എക്കാലത്തെയും രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസും മറ്റു പ്രാദേശിക പാര്‍ട്ടികളും എതിരാളികളായുണ്ട്. എല്ലാവരുടെയും മത്സരം ബിജെപിയോടാണ്. വിവിധ മണ്ഡലങ്ങളില്‍ വിവിധ പാര്‍ട്ടികളോട് പൊരുതുകയാണ് ബിജെപി. പക്ഷേ ഞങ്ങള്‍ അധികാരത്തുടര്‍ച്ച നേടുമെന്ന കാര്യത്തില്‍ സംശയമില്ല. 

ആരുമായാണ് ബിജെപിക്ക് നേരിട്ട് മത്സരം ?

ഓരോ മണ്ഡലത്തിലും കഥ വ്യത്യസ്തമാണ്. ഓരോയിടത്തും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളോടാണ് മത്സരം. പൊതു സ്വഭാവമുള്ള രാഷ്ട്രീയ എതിരാളികളല്ല ബിജെപിക്ക് മുന്നിലുള്ളത്. ചിലയിടങ്ങളില്‍ കോണ്‍ഗ്രസുമായാണെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ കടുത്ത മത്സരം തൃണമൂല്‍ കോണ്‍ഗ്രസുമായാണ്. ചിലയിടത്താകട്ടെ ആം ആദ്മി പാര്‍ട്ടി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 

കുറേപേര്‍ ഭിന്നസ്വരമുയര്‍ത്തി ബിജെപി വിടുകയാണല്ലോ? തിരഞ്ഞെടുപ്പിനെ ബാധിക്കില്ലേ?

പാര്‍ട്ടി വിട്ടവരൊക്കെ സീറ്റ് മോഹികളാണ്. മന്ത്രിസഭ അംഗമായിരുന്ന മൈക്കിള്‍ ലോബോ കോണ്‍ഗ്രസില്‍ പോയത് ഭാര്യക്ക് സീറ്റ് കൊടുക്കാത്തത് കൊണ്ടാണ്. ഇത്തരക്കാര്‍ പാര്‍ട്ടി വിടുന്നതൊന്നും ബിജെപിയെ ബാധിക്കില്ല. അദ്ദേഹം മത്സരിക്കുന്ന മണ്ഡലത്തില്‍ പോലും ബിജെപിക്ക് വിജയം ഉറപ്പാണ്. 

ഭരണവിരുദ്ധവികാരം യാഥാര്‍ത്ഥ്യമാണ്, എങ്ങനെ മറികടക്കും?

ഭരണവിരുദ്ധവികാരം മറികടക്കാന്‍ പോന്ന വിധം വികസനപ്രവര്‍ത്തനങ്ങള്‍ ഗോവയില്‍ ഉണ്ടായിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി വളരെ മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് ജനങ്ങള്‍ക്ക് ഒരുക്കിയത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയുള്ള വന്‍കിട പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി. ജനങ്ങള്‍ക്കു മുന്നില്‍ ഇതെല്ലാം തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് അവതരിപ്പിക്കും. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധവും വളരെ മികച്ചതായിരുന്നു. ഇതൊക്കെ ഉയര്‍ത്തിക്കാട്ടി ഞങ്ങള്‍ മൂന്നാം ഊഴം തേടും.

ആരായിരിക്കും ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി?

തന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണത്തുടര്‍ച്ചയും തന്റെ നേതൃത്വത്തില്‍ തന്നെയാകും. മറ്റു കാര്യങ്ങള്‍ ബിജെപി ഹൈക്കമാന്‍ഡ് നിശ്ചയിക്കും പോലെ പോകും.

content highlights: goa assembly election, interview with CM Pramod Sawant