പനജി: വീട്ടമ്മമാര്‍ക്ക് മാസം 5000 രൂപവീതം നല്‍കുന്ന ഗൃഹലക്ഷ്മി കാര്‍ഡ്. യുവാക്കള്‍ക്ക് 20 ലക്ഷം രൂപ നാലുശതമാനം നിരക്കില്‍ വായ്പ നല്‍കുന്ന യുവശക്തികാര്‍ഡ്. വീടില്ലാത്തവര്‍ക്ക് അരലക്ഷം വീടു നിര്‍മിച്ചുനല്‍കാന്‍ 'എന്റെ വീട് ' പദ്ധതി.

To advertise here,

placeholder
ഗോവന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ബദലാവാന്‍ അരയും തലയും മുറുക്കി, ആദ്യമായിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വാഗ്ദാനങ്ങളോടെ പ്രകടനപത്രിക പുറത്തിറക്കി. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി നേരത്തേ സഖ്യം പ്രഖ്യാപിച്ച ടി.എം.സി., ശനിയാഴ്ച വൈകീട്ടോടെയാണ് 10 വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക പ്രകാശനംചെയ്തത്.

നാലുമാസം മുമ്പാണ് മുന്‍മുഖ്യമന്ത്രി ലുസീഞ്ഞോ ഫെലെയ്‌റോയെ സംസ്ഥാനനേതാവാക്കി ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചത്. പശ്ചിമബംഗാളില്‍നിന്ന് അദ്ദേഹത്തെ രാജ്യസഭാ എം.പി.യുമാക്കി. ഫെലെയ്‌റോയുടെ പരിചയം മുന്‍നിര്‍ത്തി ഗോവന്‍ ജനതയുടെ മനസ്സറിഞ്ഞാണ് പ്രകടനപത്രിക തയ്യാറാക്കിയതും. 1976 മുതല്‍ ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം നല്‍കുമെന്ന പ്രധാനവാഗ്ദാനം ഇതിലൊന്നാണ്.

40 സീറ്റിലേക്കായി 587 സ്ഥാനാര്‍ഥികള്‍

നാമനിര്‍ദേശപത്രിക നല്‍കേണ്ട അവസാനസമയവും പിന്നിട്ടപ്പോള്‍ 40 സീറ്റിലേക്കായി പത്രിക നല്‍കിയത് 587 പേര്‍. ഏറ്റവുംകൂടുതല്‍പേര്‍ ബി.ജെ.പി. ടിക്കറ്റിലാണ് മത്സരിക്കുന്നത് 40 പേര്‍. കോണ്‍ഗ്രസിനുവേണ്ടി 37 പേരും ആംആദ്മിക്കുവേണ്ടി 39 പേരും തൃണമൂല്‍ കോണ്‍ഗ്രസിനായി 23 പേരും മത്സരരംഗത്തുണ്ട്. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി.