കാണ്‍പൂര്‍: ഗോവയിലെ ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരു റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത് തൃണമൂല്‍ തുറന്നു സമ്മതിച്ചതാണെന്നും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

To advertise here,

ബിജെപി ഭരിക്കുന്ന ഗോവയിലെ 40 സീറ്റുകളിലേക്ക് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിനിടെയായിരുന്നു പ്രധാനമന്ത്രി പ്രതികരണം. തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണത്തിലൂടെ ഗോവയില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. 

സുധിന്‍ ധവലിക്കറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായോ എംജിപിയുമായോ ഉള്ള സഖ്യം ഗോവയിലെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നത് തടയുമെന്ന് ഗോവയുടെ ചുമതലയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വടക്കന്‍ ഗോവയിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചായിരുന്നു മഹുവയുടെ പരാമര്‍ശം. അവിടെ എംജിപി 13 അല്ലെങ്കില്‍ 14 സീറ്റുകളില്‍ ബിജെപിയുമായി നേരിട്ടുള്ള മത്സരം നടക്കുമെന്ന് അവര്‍ പറഞ്ഞു. സഖ്യത്തിന്റെ സഹായമില്ലാതെ ഒരു പാര്‍ട്ടിയും ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും മഹുവ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണമെന്നാണ് വിലയിരുത്തല്‍.

അതേസമയം അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയെയും റാലിയില്‍ നരേന്ദ്ര മോദി കടന്നാക്രമിച്ചു. ഇവര്‍ ഉത്തര്‍പ്രദേശ് രാവും പകലും കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'ഇക്കൂട്ടര്‍ തിരഞ്ഞെടുപ്പിന്‌ വരുമ്പോഴെല്ലാം പുതിയ പങ്കാളിയുമായാണ് വരുന്നത്. പങ്കാളികളെ മാറ്റുന്നവര്‍ നിങ്ങളെ സഹായിക്കുമോ?' ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളുമായുള്ള സമാജ്വാദി പാര്‍ട്ടിയുടെ സഖ്യത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സഖ്യം.

എല്ലാ തവണയും അവര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം തങ്ങളുടെ പങ്കാളികളെ കുറ്റപ്പെടുത്താറുണ്ടെന്നും മാര്‍ച്ച് 10ന് ശേഷം അവര്‍ എങ്ങനെ പരസ്പരം കുറ്റപ്പെടുത്തുമെന്ന് നിങ്ങള്‍ക്ക് കാണാമെന്നും നരേന്ദ്ര മോദി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Content Highlights: narendra modi accuses trinamool of splitting hindu votes in goa