മര്‍മഗോവ: മാതൃവാത്സല്യം തൊട്ടുതന്ന സിന്ദൂരം മായാതെ സൂക്ഷിച്ചും കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും വീട്ടിനുള്ളില്‍ കയറിച്ചെന്ന് കാര്യങ്ങളന്വേഷിക്കുന്ന അതിഥിയായും രാഹുല്‍ഗാന്ധി മര്‍മഗോവ മണ്ഡലത്തിലെ ആയിരങ്ങളുടെ മനംതൊട്ടു. ഒപ്പം ഗോവയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു.

To advertise here,

തിരഞ്ഞെടുപ്പിന് ആവേശം പകരാനെത്തിയ രാഹുല്‍ മര്‍മഗോവ ജി.ആര്‍.ബി. കോളനിയിലാണ് ആദ്യമെത്തിയത്. ഇവിടെ 10 വീടുകളില്‍ക്കയറി വോട്ടുചോദിച്ചു. പ്രദേശത്തിന്റെ പ്രശ്‌നങ്ങളറിഞ്ഞു. ഒരുമണിക്കൂറോളം കോളനിയില്‍ ചെലവഴിച്ചു. കോളനിയിലെ ഷൈലജ ഹലങ്കാര്‍ രാഹുലിനെ സിന്ദൂരമണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് വീടുകളില്‍ക്കയറി മധുരപലഹാരം കഴിച്ചും വെള്ളം കുടിച്ചും അവരിലൊരാളായി.

കഴിഞ്ഞതവണ വെറും 137 വോട്ടിന് കോണ്‍ഗ്രസിന് നഷ്ടപ്പെട്ട മണ്ഡലമാണ് മര്‍മഗോവ. അന്ന് മത്സരിച്ച സങ്കല്‍പ് പത്മനാഭ് അമോന്‍കറിനെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും ഇറക്കിയിരിക്കുന്നത്. എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഗോവയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പി. ചിദംബരം, ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡോണപോളയിലെത്തിയ രാഹുല്‍ അവിടെ സ്ഥാനാര്‍ഥികളെക്കൊണ്ട് പാര്‍ട്ടി മാറില്ലെന്ന് പ്രതിജ്ഞ ചെയ്യിച്ചു. തുടര്‍ന്ന് വിനോദസഞ്ചാര-വ്യവസായ മേഖലയിലെ പ്രമുഖരുമായി സംവദിച്ചു. വൈകീട്ടോടെ സങ്കാലിയില്‍ വെര്‍ച്വല്‍ റാലിയിലും പങ്കെടുത്തു.