
പഞ്ചാബ് എന്നാല്‍ അഞ്ച് നദികളുടെ നാട്. അതുകൊണ്ടുതന്നെയാവണം, നദികളാല്‍ വേര്‍തിരിക്കപ്പെട്ട മൂന്ന് മേഖലകളിലാണ് പഞ്ചാബിന്റെ രാഷ്ട്രീയം കലങ്ങിമറിയുന്നത്. മാല്‍വ, മാഝാ, ദോആബ എന്നീ മൂന്ന് മേഖലകള്‍ ചേര്‍ന്നതാണ് പഞ്ചാബ്. അതില്‍ ഏറ്റവും വലിയ മേഖലയായ മാല്‍വ പിടിച്ചാല്‍ പഞ്ചാബ് കിട്ടിയെന്ന് രാഷ്ട്രീയക്കാര്‍ പറയും.
സംസ്ഥാന നിയമസഭയിലെ 117 സീറ്റുകളില്‍ 69-ഉം വരുന്നത് മാല്‍വ മേഖലയിലാണ്. പഞ്ചാബ് രാഷ്ട്രീയം അടക്കിവാഴുന്ന പ്രധാന നേതാക്കളായ പ്രകാശ് സിങ് ബാദല്‍, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഇപ്പോഴത്തെ മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നി, ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് സിങ് മാന്‍ തുടങ്ങിയവരെല്ലാം മാല്‍വാ ദേശക്കാരാണ്. പഞ്ചാബിന്റെ രാഷ്ട്രീയചക്രം തിരിക്കുന്നത് മാല്‍വയാണെന്ന് ചുരുക്കം.
കാര്‍ഷികമേഖലയിലെ വലിയ ഭൂവുടമകളുടെ മേഖലകൂടിയായ മാല്‍വയാണ് കര്‍ഷക സമരത്തിന് ഏറ്റവും ഊര്‍ജം നല്‍കിയത്. അതിന് ശേഷം വരുന്ന തിരഞ്ഞെടുപ്പുകൂടിയാണ് ഈമാസം 20-ന് പഞ്ചാബില്‍ നടക്കുന്നത്. സിഖ് സാമുദായിക രാഷ്ട്രീയത്തിന്റെ കേന്ദ്രമായ മാഝായില്‍ 25 സീറ്റുകളുണ്ട്.ആബയെന്നാല്‍ പുഴ. രണ്ട് നദികള്‍ക്കിടയിലെ സ്ഥലമെന്ന് അര്‍ഥമുള്ള ദോആബയില്‍ 23 സീറ്റുകളാണുള്ളത്. അങ്ങനെ അഞ്ച് പുഴകളടങ്ങിയ പഞ്ചാബിനെ തരംതിരിക്കുന്ന രാഷ്ട്രീയമേഖലകളായി മാല്‍വയും മാഝായും ദോആബയും മാറി.

കര്‍ഷക കരുത്തിന്റെ മാല്‍വ
ഹരിയാണയും പഞ്ചാബും വേര്‍തിരിക്കപ്പെട്ട 1966-ന് ശേഷം ഭരിച്ച സംസ്ഥാന മുഖ്യമന്ത്രിമാരില്‍ 83 ശതമാനവും മാല്‍വക്കാരാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നി മത്സരിക്കുന്ന ചംകോര്‍ സാഹിബ്, ചന്നിക്ക് വഴിയൊരുക്കിക്കൊണ്ട് സ്ഥാനമൊഴിയേണ്ടിവന്ന മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പട്യാല, പലതവണയായി 19 വര്‍ഷം പഞ്ചാബ് ഭരിച്ച പ്രകാശ് സിങ് ബാദലിന്റെ ഭട്ടിണ്ട എന്നിവയും മാല്‍വയില്‍ വരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.എ.പി.ക്ക് ലഭിച്ച 20 സീറ്റുകളില്‍ 18-ഉം മാല്‍വ മേഖലയിലാണെന്നത് പാര്‍ട്ടിക്ക് അവിടെയുള്ള വേരോട്ടം വ്യക്തമാക്കുന്നു. ബാക്കി രണ്ട് സീറ്റ് എ.എ.പി. നേടിയത് ദോആബയിലാണ്. മാഝായില്‍ കാലുകുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. മാല്‍വയില്‍ എ.എ.പി. അടക്കിവാണതോടെ അടിപതറിയത് പ്രദേശത്തെ കരുത്തരായ എസ്.എ.ഡി.ക്കാണ്.
ധനികരായ ഭൂവുടമകളുടെ നാട് കൂടിയാണ് മാല്‍വ. ഇവിടെയുള്ള ഭൂവുടമകളില്‍ 27.5 ശതമാനവും പത്ത് ഏക്കറിലേറെയുള്ളവരാണ്. ദോആബയില്‍ ഇത്തരക്കാര്‍ 23 ശതമാനവും മാഝായില്‍ 17 ശതമാനവുമാഎന്ന് പഠനങ്ങള്‍ പറയുന്നു. കൃഷിയില്‍ നിന്ന് വലിയ വരുമാനം ലഭിക്കുന്നതുകൊണ്ടുതന്നെ മറ്റു രണ്ട് മേഖലകളെ അപേക്ഷിച്ച് വിദ്യാഭ്യാസരംഗത്ത് പിന്നില്‍ നില്‍ക്കുന്നത് മാല്‍വയാണ്. ഏറ്റവും ജനസംഖ്യയുള്ള മേഖലയായിട്ടും മാല്‍വയില്‍ ആകെയുള്ള പ്രധാനനഗരം ലുധിയാന മാത്രമാണ്. ഇവിടേയ്ക്കെത്താന്‍ മാല്‍വയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ സഞ്ചരിക്കണമെന്നത് അവരുടെ അവസരങ്ങള്‍ കുറയ്ക്കുന്നു.
ഒരുവര്‍ഷം നീണ്ട കര്‍ഷക സമരത്തില്‍ പ്രധാന പങ്കുവഹിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ (ഉഗ്രഹന്‍) മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചതും മാല്‍വയിലാണ്. കൃഷി ചെയ്യുന്ന ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ഇടത് സംഘടനകളുടെ പിന്‍ബലത്തില്‍ സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍ സമരം നടന്നതും ഈ മേഖലയിലാണ്.
ഒന്നായി ചിന്തിക്കുന്ന മാഝാ
അമൃത്സര്‍, പഠാന്‍കോട്ട്, ഗുരുദാസ്പുര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മാഝാ മേഖല. പാകിസ്താനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബുമായി അമൃത്സറിലെ സുവര്‍ണക്ഷേത്രത്തെ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പുര്‍ ഇടനാഴിയും മാഝായിലാണ്. ഇവിടെ അറുപത് ശതമാനത്തോളം കര്‍ഷകര്‍ക്കും അഞ്ച് ഏക്കറില്‍ താഴെയാണ് ഭൂമി.
മാഝായുടെ മറ്റൊരു പ്രത്യേക, ഇവിടത്തുകാര്‍ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് ഒരേ ദിശയില്‍ ചിന്തിക്കുമെന്നതാണ്. ഒരു തിരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിയെ ഏതാണ്ട് പൂര്‍ണമായി പിന്തുണയ്ക്കുന്നതാണ് മാഝായുടെ പൊതുരീതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 88 ശതമാനവും 2002-ല്‍ 63 ശതമാനവും സീറ്റുകള്‍ കിട്ടിയത് ഈ മേഖലയില്‍ നിന്നാണ്. 2012-ല്‍ അകാലിദളിന് 46 ശതമാനവും 2007-ല്‍ 61 ശതമാനവും 1997-ല്‍ 67 ശതമാനവും സീറ്റുകള്‍ ഇവിടെ നിന്ന് ലഭിച്ചു.ഇത്തവണ ഈ മേഖലയില്‍ കര്‍ഷക സംഘടനയായ സന്‍യുക്ത് സമാജ് മോര്‍ച്ചയ്ക്ക് (എസ്.എസ്.എം) കുറേ വോട്ടുകള്‍ ലഭിച്ചേക്കുമെന്ന് കരുതുന്നവരുണ്ട്.

ദളിത് കേന്ദ്രമായ ദോആബ
പഞ്ചാബില്‍ 23 സീറ്റുകള്‍ മാത്രമുള്ള ചെറിയ മേഖലയായ ദോആബയ്ക്ക് പ്രാധാന്യം നല്‍കുന്നത് ദളിത് വോട്ട്ബാങ്കാണ്. സത്ലെജ്, ബിയാസ് നദികള്‍ക്കിടയില്‍ കിടക്കുന്ന ദോആബ കൃഷിക്ക് മാത്രമല്ല ദളിത് രാഷ്ട്രീയത്തിനും വളക്കൂറുള്ള മണ്ണാണ്. മാല്‍വയില്‍ 31.3 ശതമാനവും മാഝായില്‍ 29.3 ശതമാനവുമാണ് ദളിതരെങ്കില്‍ ദോആബയില്‍ ഇത് 37.4 ശതമാനമാണ്.
പഞ്ചാബിലെ ദളിത് രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി ദോആബ മാറുന്നതിന് കാരണമിതാണ്. മേഖലയിലെ 40 ശതമാനം സീറ്റുകളും ദളിതുകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. മാല്‍വയില്‍ ഇത് 27-ഉം മാഝായില്‍ 24-ഉം ശതമാനമാണ്.
വലിയ ഭൂവുടമകളായ കര്‍ഷകരുടെ എണ്ണം കുറവാണെങ്കിലും വിദേശത്തുപോയി ജോലിയെടുക്കുന്നവരും വിദ്യാഭ്യാസമുള്ളവരും ഏറ്റവും കൂടുതലുള്ളത് ദോആബയിലാണ്. പഞ്ചാബില്‍ നിന്ന് വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് തുടക്കംകുറിച്ചത് ദോആബക്കാരാണ്. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബാണ് ദോആബ.
Published: 08 Feb 2022, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented