തിരുവനന്തപുരം: വി.സിയുടെ അനുമതിയില്ലാതെ നടന്ന സിൻഡിക്കേറ്റ് യോഗം റദ്ദാക്കി നേരിട്ട് ഉത്തരവിറക്കി സാങ്കേതിക സര്‍വകലാശാല വി.സി. അജണ്ടയിലില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ വി.സിയും അംഗങ്ങളുമായി നടന്ന വാഗ്വാദമുണ്ടായിരുന്നു. ഇതിനേത്തുടര്‍ന്ന് വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു. എന്നാല്‍, വിസിയുടെ അഭാവത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങൾ യോഗംചേരുകയായിരുന്നു. ഇതാണ് ഇപ്പോൾ വി.സി റദ്ദാക്കിയിരിക്കുന്നത്.

To advertise here,

യോഗത്തില്‍ പങ്കെടുത്തതിന് വി.സി  രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, ഇതിന് മറുപടി നല്‍കാന്‍ രജിസ്ട്രാര്‍ കൂട്ടാക്കിയില്ല. സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി ഉത്തരവിറക്കണമെന്ന വി.സിയുടെ ഉത്തരവ് പാലിക്കാൻ കഴിയില്ലെന്ന് രേഖാമൂലം വി.സിക്ക് രജിസ്ട്രാര്‍ മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് വി.സി ഡോ.കെ ശിവപ്രസാദ് തന്നെ അനധികൃത സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കികൊണ്ട് നേരിട്ട് ഉത്തരവിറക്കുകയായിരുന്നു. 

സിന്‍ഡിക്കേറ്റിന്‍റെ അജണ്ട വി.സിയുടെ അനുമതിയോടുകൂടി മാത്രമേ ചര്‍ച്ചചെയ്യാന്‍ വ്യവസ്ഥയുള്ളൂ. എന്നാല്‍, സാങ്കേതിക സര്‍വകലാശാലയില്‍ കഴിഞ്ഞ ഏതാനും നാളുകളായി സിന്‍ഡിക്കേറ്റിന്റെ താത്പര്യം കണക്കിലെടുത്താണ് അജണ്ടകള്‍ തീരുമാനിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഡോ.സിസാ തോമസ്  വിസിയായി ചുമതലയേറ്റപ്പോള്‍ അതില്‍ നിയന്ത്രണം നടപ്പാക്കിയത് സിന്‍ഡിക്കേറ്റും വിസിയുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.