ന്യൂഡല്‍ഹി: സര്‍ക്കാര്‍സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് അധ്യാപകനിയമനങ്ങളിലുള്ള അവകാശം സമ്പൂര്‍ണമല്ലെന്നും അതില്‍ സര്‍ക്കാരിന് ഇടപെടാമെന്നും സുപ്രീംകോടതി. പശ്ചിമബംഗാള്‍ മദ്രസ സര്‍വീസ് കമ്മിഷന്‍ നിയമം (2008) ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

To advertise here,

ബംഗാളിലെ സര്‍ക്കാര്‍ സഹായമുള്ള മദ്രസകളിലെ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധി കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രൊട്ടക്ടഡ് അധ്യാപക നിയമനം തുടങ്ങിയ കേസുകളില്‍ നിര്‍ണായകമാകും. സംസ്ഥാനത്തെ സംരക്ഷിത അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ചിന്റെ വിധി.

ന്യൂനപക്ഷ സ്ഥാപനമാണെങ്കിലും അല്ലെങ്കിലും അധ്യാപക നിയമനത്തിന്റെ കാര്യത്തില്‍ പൊതുതാത്പര്യത്തോടെയുണ്ടാക്കിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേരളത്തെ ബാധിക്കുന്നത്

കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നടത്തുമ്പോള്‍ സംരക്ഷിത അധ്യാപകരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ചട്ടമുണ്ട്. ആദ്യ ഒഴിവ് അധ്യാപക ബാങ്കില്‍നിന്നും (സംരക്ഷിത അധ്യാപകരുടെ പട്ടിക) രണ്ടാമത്തെ ഒഴിവിലേക്ക് അല്ലാതെയും നിയമനം നടത്തണമെന്നാണ് വ്യവസ്ഥ.

ഇതിനെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റുകള്‍ എതിര്‍ത്തുവരികയാണ്. സ്ഥാപനങ്ങളില്‍ നിയമനം നടത്താന്‍ ഭരണഘടനയുടെ 30-ാം അനുച്ഛേദപ്രകാരം അവകാശമുണ്ടെന്നാണ് അവരുടെ വാദം. എന്നാല്‍, തിങ്കളാഴ്ചത്തെ സുപ്രീംകോടതിവിധിയില്‍ പറയുന്നത് ആ അവകാശം സമ്പൂര്‍ണമല്ലെന്നാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ ശരിവെക്കുകയും ചെയ്തു.

Content Highlights: State can regulate minority institutions says Supreme Court