മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) 2026-ലെ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. നഴ്സിങ് കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ തലത്തിലുള്ള അലോട്മെൻറ് പ്രക്രിയയുടെ പുതുക്കിയ നിബന്ധനകളും സമയക്രമവും പ്രസിദ്ധീകരിച്ചു.

To advertise here,

അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും ഏകീകരിച്ച അലോട്മെൻറ് പ്രക്രിയയാണെന്നുള്ളത് ഈ വർഷത്തെ പ്രത്യേകതയാണ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായ പ്രവേശന നടപടിക്രമങ്ങളാണ് ഈ വർഷം പ്രഖ്യാപിച്ചിട്ടുള്ളത്.

മാറ്റങ്ങൾ

ഫ്രീസ്: ഒന്നാം/രണ്ടാംറൗണ്ടിൽ സീറ്റ് അലോട്മെൻറ് ലഭിച്ചതിൽ കോഴ്സ്-കോളേജ് തൃപ്തിയായവർ തുടർന്ന് അലോട്മെൻ് പ്രക്രിയയിൽ പങ്കെടുക്കാൻ താത്‌പര്യമില്ലാത്തവരാണെങ്കിൽ തങ്ങളുടെ അലോട്മെൻ് ഫ്രീസ് ചെയ്ത് പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്.

ഫ്ലോട്ട്: ഒന്നാം/രണ്ടാംറൗണ്ടിൽ സീറ്റ് അലോട്മെൻറ് ലഭിച്ചതിൽ തൃപ്തിയല്ലാത്തവർ തുടർന്ന് അലോട്മെൻ് പ്രക്രിയയിൽ പങ്കെടുത്ത് സീറ്റ് അപ്ഗ്രേഡ് ചെയ്യാൻ ഫ്ലോട്ട് ഒാപ്ഷൻ സ്വീകരിക്കണം.

അങ്ങനെയുള്ളവർ അലോട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടുന്നതിനുപകരം അവർ ഓൺലൈനായി പ്രവേശനം നേടാം.

ഇതിന്റെ ഭാഗമായി അവരുടെ പ്രവേശത്തിനായി നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ വ്യക്തതയോടെയുള്ള പകർപ്പുകൾ സ്കാൻചെയ്ത് പ്രവേശനം ലഭിച്ച സ്ഥാപനത്തിലേക്ക് ഓൺലൈനായി സമർപ്പിക്കണം. വ്യക്തതയില്ലാത്ത പകർപ്പുകൾ പ്രവേശനത്തെ വിപരീതമായി ബാധിക്കുമെന്ന് ഓർക്കണം.

ഓൺലൈൻ രജിസ്ട്രേഷൻ

നീറ്റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കുകയും തുടർന്ന് ആവശ്യപ്പെടുന്നതിനസരിച്ച് വിദ്യാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കേണ്ടതാണ് പ്രാഥമികനടപടി.

തുടർന്ന് രജിസ്ട്രേഷൻ ഫീയും സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി അടച്ചതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താൻ സാധിക്കും.

രജിസ്ട്രേഷൻ ഫീയും

സെക്യൂരിറ്റി ഡിപ്പോസിറ്റും

ഓൺലൈൻ രജിസ്ട്രേഷന് ഓരോ അപേക്ഷാർഥിയും അവർ ചോയ്‌സ് ഫില്ലിങ് നടത്താൻ ഉദ്ദേശിക്കുന്ന കോളേജിന്റെ ഘടനയനുസരിച്ച് തിരിച്ച് ലഭിക്കാത്ത രജിസ്ട്രേഷൻ ഫീയും തിരിച്ചുലഭിക്കുന്ന സെക്യൂരിറ്റി ഡി‌പ്പോസിറ്റും ഉണ്ടാകും. അഖിലേന്ത്യക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ 1000 രൂപ രജിസ്ട്രേഷൻ ഫീയും 10000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി രജിസ്ട്രേഷൻ സമയത്ത് അടയ്ക്കണം.

സംവരണ വിഭാഗങ്ങളായ ഒ.ബി.സി./എസ്.സി./എസ്.ടി./അംഗപരിമിതർ എന്നിവയിൽ ഉൾപ്പെടുന്നവർ യഥാക്രമം 500 രൂപയും 5000 രൂപയുമാണ് അടയ്ക്കേണ്ടത്. എന്നാൽ, ഡീംഡ് സർവകലാശാലകളിലെ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗക്കാരും 5000 രൂപ രജിസ്ട്രേഷൻ ഫീയും 2,00,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി രജിസ്ട്രേഷൻ സമയത്ത് അടക്കണം.

ചോയ്‌സ് ഫില്ലിങ്-ലോക്കിങ്

പ്രക്രിയ

ചോയ്‌സ് ഫില്ലിങ് എന്നാൽ, പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ്-കോേളജ് താത്‌പര്യമുള്ള ക്രമപ്രകാരം നൽകേണ്ട ഒാപ്ഷൻ രജിസ്ട്രേഷൻ ആണ്. ലോക്കിങ് പ്രക്രിയയിൽ നിശ്ചിതസമയത്തിനുള്ളിൽ ഒാപ്ഷൻ നൽകിയ ചോയ്സുകൾ ഫൈനലൈസ് ചെയ്ത് അലോട്മെൻറ് പ്രോസസിനുവേണ്ടി കൺഫേം ചെയ്യുക എന്നതാണ്. ലോക്കിങ്ങിനുശേഷം ക്രമപ്പെടുത്തി നൽകിയ ചോയ്‌സുകൾ മാറ്റാനുവദിക്കില്ല. ലോക്ക്ചെയ്യാൻ മറന്നുപോയാൽ ഏറ്റവും അവസാനം സേവ് ചെയ്ത ചോയ്‌സുകൾ ഓട്ടോമാറ്റിക് ആയി ലോക്ക് ആവും.

ഒന്നാംറൗണ്ട് പ്രക്രിയ

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നിബന്ധനകൾക്ക് വിധേയമായി മൂന്ന് റൗണ്ടുകളും ഒരു സ്ട്രേവേക്കൻസി റൗണ്ടുമുൾപ്പെടുന്ന നാല് റൗണ്ടുകളായിട്ടാണ് പ്രവേശനം നടത്തുന്നത്

• അഖിലേന്ത്യാതലത്തിൽ ഒന്നാംറൗണ്ട് ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് അഞ്ച് മുതൽ 12-ന് ഉച്ചയ്ക്ക് മൂന്നുവരെ. ഫീസ് അടയ്ക്കാൻ അന്ന്‌ വൈകീട്ട് ആറുവരെ സമയമുണ്ട്

• ചോയ്‌സ് ഫില്ലിങ്ങിന് ആറുമുതൽ 13-ന് രാവിലെ 11 വരെ

• 12-ന് വൈകീട്ട് നാലുമുതൽ 13-ന് രാവിലെ 11 വരെ ചോയ്സ് ലോക്കിങ്

• 17-ന് അലോട്മെന്റ് പ്രസിദ്ധീകരിക്കും

• പ്രവേശനം നേടാൻ 18 മുതൽ 22 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ഒന്നാംറൗണ്ടിൽ കോഴ്സ്-കോേളജ്-സീറ്റ് അലോട്മെൻറ് ലഭിച്ചതിൽ തൃപ്തിയായവർ തുടർന്ന് അലോട്മെൻ് പ്രക്രിയയിൽ പങ്കെടുക്കാൻ താത്‌പര്യമില്ലാത്തവരാണെങ്കിൽ തങ്ങളുടെ അലോട്മെൻ് ഫ്രീസ് ചെയ്ത് പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ നിർദേശിച്ച എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടാം.

എന്നാൽ, ആദ്യ റൗണ്ടിൽ സീറ്റ് അലോട്മെൻറ് ലഭിച്ചതിൽ തൃപ്തിയല്ലാത്തവർ തുടർന്ന് അലോട്മെന്റ് പ്രക്രിയയിൽ പങ്കെടുത്ത് കോഴ്സ്-കോളേജ്-സീറ്റ് അപ്ഗ്രേഡ് ചെയ്യാൻ ഫ്ലോട്ട് ഒാപ്ഷൻ സ്വീകരിക്കണം. അങ്ങനെയുള്ളവർ അലോട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടുന്നതിനുപകരം അവർ ഓൺലൈനായി പ്രവേശനം നേടാം.

ഇതിന്റെ ഭാഗമായി അവരുടെ പ്രവേശത്തിനായി നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ വ്യക്തതയോടെയുള്ള ശരിപ്പകർപ്പുകൾ സ്കാൻ ചെയ്ത് പ്രവേശനം ലഭിച്ച സ്ഥാപനത്തിലേക്ക് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വ്യക്തതയില്ലാത്ത പകർപ്പുകൾ പ്രവേശനം റദ്ദാകാൻ കാരണമാകും.

തുടർന്നുള്ള റൗണ്ടുകൾ

സീറ്റ് അലോട്മെൻറ് ലഭിക്കാത്തവരും കോഴ്സ്-കോളേജ്-സീറ്റ് അപ്ഗ്രേഡിനുവേണ്ടി ഫ്ലോട്ട് ചെയ്തവരും ഓരോ റൗണ്ടിലും പുതിയതായി ചോയ്‌സ് ഫില്ലിങ് സമയക്രമം അനുസരിച്ച് സമർപ്പിക്കണം. അവർ വീണ്ടും ഫീ അടയ്ക്കേണ്ട. എന്നാൽ, ഒന്നാംറൗണ്ടിൽ പങ്കെടുക്കാത്തവർ രജിസ്ട്രേഷൻ ഫീയും സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി അടച്ചതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താം.

രണ്ടാംറൗണ്ട് ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ 29-ന് ഉച്ചയ്ക്ക് മൂന്നുവരെ

• ചോയ്‌സ് ഫില്ലിങ് 25 മുതൽ 30-ന് രാത്രി 11 വരെ

• ചോയ്സ് ലോക്കിങ് - 30-ന് വൈകീട്ട് നാലുമുതൽ രാത്രി 11 വരെ

• അലോട്മെന്റ് സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിക്കും

• പ്രവേശനം നേടാൻ മൂന്നുമുതൽ എട്ടുവരെ സമയം

മൂന്നാംറൗണ്ടിൽ പുതിയ ഓൺലൈൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 11 മുതൽ 15-ന് ഉച്ചയ്ക്ക് മൂന്നുവരെ

• ചോയ്സ് ഫില്ലിങ് 11 മുതൽ 16-ന് രാവിലെ 11 വരെ

• ചോയ്സ് ലോക്കിങ് 15-ന് വൈകീട്ട് നാലു മുതൽ 16-ന് രാവിലെ 11 വരെ

• അലോട്മെൻറ് 18-ന്

• പ്രവേശനം 19 മുതൽ 26 വരെ

മൂന്നാംറൗണ്ടിൽ അലോട്മെൻറ് ലഭിക്കുന്നവർ നിർബന്ധമായും പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ നിർദേശിച്ച എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരായി പ്രവേശനംനേടണം. പ്രവേശനം നേടാത്തവരെ സ്ട്രേവേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ അനുവദിക്കുകയില്ല. അവരുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് പിഴയായി ഇടാക്കി സംസ്ഥാന കൗൺസലിങ് അതോറിറ്റിയെ അറിയിക്കും.

ഓൺലൈൻ

സ്ട്രേവേക്കൻസി റൗണ്ട്

മൂന്ന് റൗണ്ട് അലോട്മെൻറിനുശേഷം ഒഴിവുകൾ ഉണ്ടെങ്കിൽ ഓൺലൈൻ സ്ട്രേവേക്കൻസി റൗണ്ട് വഴി നികത്തും. സ്ട്രേവേക്കൻസി ഫില്ലിങ് റൗണ്ടിൽ പുതിയ ഓൺലൈൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 28 മുതൽ 30 വരെ

• ഫീസ് അടയ്ക്കാൻ സെപ്‌റ്റംബർ 30-ന് വൈകീട്ട് ആറ് വരെ

• ചോയ്സ് ഫില്ലിങ് 28 മുതൽ 30 വൈകീട്ട് 11 വരെ

• ചോയ്സ് ലോക്കിങ് 30-ന് വൈകീട്ട് നാലുമുതൽ 11 വരെ

• അലോട്മെൻറ് ഒക്ടോബർ മൂന്നിന്

• നേരിട്ട് ഹാജരായി പ്രവേശനം നാലുമുതൽ 10 വരെ

മൂന്നാം റൗണ്ട് അലോട്മെൻറ് ലഭിച്ചവരും സ്ട്രേവേക്കൻസി ഫില്ലിങ് റൗണ്ടിൽ അലോട്മെൻറ് ലഭിച്ചവരും നേരിട്ട് ഹാജരായി പ്രവേശനം നേടണം.

സീറ്റുകൾ

നാഷണൽ മെഡിക്കൽ കമ്മിഷൻ കണക്കു പ്രകാരം ഇന്ത്യയിൽ 2026-’27 പ്രവേശനത്തിന് എം.ബി.ബി.എസ്. കോഴ്സിന് 823 കോളേജുകളിലായി 1,36,939 സീറ്റുകളുണ്ട്. അതിൽ 441 സർക്കാർ കോളേജുകളിലായി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായ എയിംസ്, ജിപ്മർ മുതലായവ ഉൾപ്പെടാതെ 63,296 സീറ്റുകൾ ഉള്ളതിൽ 15 ശതമാനം, ഏതാണ്ട് 9,400 സീറ്റുകൾ നീറ്റ് റാങ്കുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന അഖിലേന്ത്യാ ക്വാട്ട അലോട്മെൻറ് വഴിയാണ്.

കേരളത്തിലെ 14 സർക്കാർ മെഡിക്കൽ കോളേജുകളിലായി 1885 സീറ്റുകൾ ഉള്ളതിൽ 15 ശതമാനമായ 282 സീറ്റുകളും അഖിലേന്ത്യ ക്വാട്ട അലോട്മെൻറിൽ പ്രതീക്ഷിക്കാം.

കോഴ്സുകൾ, കോളേജുകൾ

എം.ബി.ബി.എസ്.

കേന്ദ്ര സർവകലാശാലകളായ ഡൽഹി സർവകലാശാല (ഡി.യു.), ബനാറസ് ഹിന്ദു സർവലാശാല (ബി.എച്ച്.യു.), അലിഗഢ്‌ മുസ്‌ലിം സർവകലാശാല (എ.എം.യു.), ജാമിയ മിലിയ ഇസ്‌ലാമിയ, വിവിധ സംസ്ഥാനങ്ങളിലെ 20 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്), പുതുച്ചേരിയിലേയും കാരയ്ക്കലിലെയും ജവാഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), കേന്ദ്ര സ്ഥാപനങ്ങളായ അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എ.ബി.വി.ഐ.എം.എസ്.), റാം മനോഹർ ലോഹ്യ ഹോസപിറ്റൽ (ആർ.എം.എൽ.), വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് (വി.എം.എം.സി.), സഫ്ദർജങ് ഹോസ്പിറ്റൽ (എസ്.ഡി.ജെ.), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) മെഡിക്കൽ കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ എം.സി.സി. പ്രവേശനം നടത്തുന്ന ഡൊമിസൈൽ ഫ്രീ സീറ്റുകളാണ്.

പ്രസ്തുത സീറ്റുകളിലേക്ക് നീറ്റ് യു.ജി. റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന സംവരണ വിധേയമായ സീറ്റുകളായിരിക്കും.

അതുപോലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. ഡിഗ്രി കോഴ്സുകളിലേക്കുള്ള 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളും കേന്ദ്ര സംവരണ തത്ത്വം അനുസരിച്ച് എം.സി.സി. വഴി വിവിധ റൗണ്ടുകളിലായി നീറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കി അലോട്മെൻറ് നടത്തുന്നു.

• ഡീംഡ് സർവകലാശാലകളിലെ 100 ശതമാനം സീറ്റുകളും സംവരണ തത്ത്വമില്ലാതെ ഉയർന്ന ഫീസിൽ എം.സി.സി. പ്രവേശനം നടത്തുന്നതിൽ 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളാണ്

• ആംഡ്ഫോഴ്സ് മെഡിക്കൽ കോളേജ് (പുണെ) രജിസ്ട്രേഷൻ വഴിയുള്ള പ്രാഥമിക ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതും എം.സി.സി.യാണ്

എം.ബി.ബി.എസ്. ഡൊമിസൈൽ

ഫ്രീ സീറ്റുകൾ

ബി.എച്ച്.യു. മുഴുവൻ സീറ്റുകളും എയിംസ് മുഴുവൻ സീറ്റുകളും ജിപ്മർ ഓപ്പൺ, എ.എം.യു. ഓപ്പൺ സീറ്റുകളും കൂടാതെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളും നീറ്റ് യു.ജി. റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന ഡൊമിസൈൽ ഫ്രീ സീറ്റുകളാണ്.

ബി.ഡി.എസ്.

കേന്ദ്രസ്ഥാപനങ്ങളായ ഡൽഹി സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, അലിഗഢ്‌ മുസ്‌ലിം സർവകലാശാല, ജാമിയ മിലിയ ഇസ്‌ലാമിയ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) എന്നിവയിലെ െഡൻറൽ കോളേജുകളിലെ അലോട്മെൻറിനോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ െഡൻറൽ കോളേജിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളും എം.സി.സി. പ്രവേശനം നൽകുന്നു

ബി.എസ്‌സി. നഴ്സിങ്

ചില കേന്ദ്ര നഴ്സിങ് സ്ഥാപനങ്ങളിലെ ബി.എസ്‌സി. നഴ്സിങ് കോഴ്സിലെ എല്ലാ സീറ്റുകളിലെ പ്രവേശനവും എം.സി.സി.യുടെ അലോട്മെൻറ് വഴിയാണ്.

ആംഡ്ഫോഴ്സ് മെഡിക്കൽ കോളേജിലെ (എ.എഫ്.എം.സി.) മിലിറ്ററി നഴ്സിങ് സർവീസ് ബി.എസ്‌സി. നഴ്സിങ് കോഴ്സിലെ പ്രവേശനവും നീറ്റ് യു.ജി. റാങ്ക് വഴി എം.സി.സി. ഒരേസമയം അലോട്മെൻറിന് ക്ഷണിക്കുന്നതാണ്.

സംവരണ തത്ത്വം

കേന്ദ്ര സംവരണ തത്ത്വം ഒ.ബി.സി. (നോൺക്രീമി ലയർ) 27 ശതമാനം, എസ്.സി. 15, എസ്.ടി. 7.5, അംഗപരിമിതർ അഞ്ച് എല്ലാ വിഭാഗങ്ങളിലുംകൂടി ഇക്കണോമിക്കലി വീക്കർ വിഭാഗം 10 ശതമാനം എന്നിങ്ങനെയാണ്.

പ്രവേശനത്തിന് ഹാജരാക്കേണ്ടവ

1. സീറ്റ് അലോട്മെൻറ് ലഭിച്ചാൽ ഡൗൺലോഡ് ചെയ്തെടുക്കേണ്ട അലോട്മെൻറ് െലറ്റർ

2, എൻ.ടി.എ. നീറ്റ് യു.ജി. അഡ്മിറ്റ് കാർഡ്

3. എൻ.ടി.എ. വെബ്സൈറ്റ് നൽകുന്ന റിസൽട്/റാങ്ക് ലറ്റർ

4. ജനന സർട്ടിഫിക്കറ്റ്

5. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്

6. പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ്

7. പന്ത്രണ്ടാം ക്ലാസ് മാർക്ക് ലിസ്റ്റ്

8. അപേക്ഷിൽ നൽകിയ പാസ്പോർട്ട് സൈസ് ഫോട്ടോയുടെ കോപ്പികൾ

9. ഐഡൻറിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ (ആധാർ, പാസ്പോർട്ട്, പാൻ )

10. ബാധകമാവുന്ന മറ്റ് സർട്ടിഫിക്കറ്റുകൾ

ഫ്രീ എക്സിറ്റ്

ഒന്നാംറൗണ്ട് അലോട്മെൻറിന് ശേഷം ഫ്രീസ്/ഫ്ലോട്ട് ചെയ്‌ത വിദ്യാർഥികൾക്ക് സംസ്ഥാന കൗൺസിലിങ്ങിൽ പങ്കെടുക്കാം. സംസ്ഥാന സീറ്റിൽ പ്രവേശനം നേടണമെങ്കിൽ ഓൾ ഇന്ത്യ ക്വാട്ട സീറ്റ് സറണ്ടർ ചെയ്യണം. ഫ്രീസ് ചെയ്ത് പ്രവേശനം നേടിയവർക്ക് അതതു കോളേജിൽപ്പോയി വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങണം.ഫ്ലോട്ട്‌ വിദ്യാർഥികൾക്ക് ഓൾ ഇന്ത്യ ക്വാട്ട സീറ്റ് സറണ്ടർ ചെയ്യണമെങ്കിൽ ഓൺലൈനായി ലോഗിൻ ചെയ്ത് സീറ്റ് വിടുതൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

പിഴയോടെ എക്സിറ്റ്

രണ്ടാംറൗണ്ട് അലോട്മെൻറിനുശേഷം സെക്യൂരിറ്റി ഡിപ്പോസിറ്റ് പിഴയായി അടച്ച് സീറ്റ് സറണ്ടർ ചെയ്യാം. മൂന്നാംറൗണ്ട് അലോട്മെൻറിനുശേഷം സീറ്റ് വിടുതൽ സാധ്യമല്ല. മൂന്നാംറൗണ്ട് അലോട്മെൻറിന് ശേഷം പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്മെൻറിൽ നിന്ന് ഡീബാർ ചെയ്യും.

പ്രവേശന നടപടികളുടെ ഭാഗമായി വിദ്യാർഥികൾ mcc.nic.in നിരന്തരം സന്ദർശിക്കണം.

സംസ്ഥാന അലോട്മെൻറ്

സമയക്രമം

ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സയർവീസസ് എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സിലേക്കുള്ള സംസ്ഥാന അലോട്മെൻറ് സമയക്രമം പ്രസിദ്ധീകരിച്ചു. ഒന്നാംറൗണ്ട് അലോട്മെൻറ് ഒപ്ഷൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 13 മുതൽ 22 വരെ. അലോട്മെൻറ് നൽകി പ്രവേശനം നേടാൻ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.രണ്ടാം റൗണ്ട് ഓഗസ്റ്റ് 31 മുതൽ സെപ്‌റ്റംബർ എട്ട് വരെ. അലോട്മെൻറ് നൽകി പ്രവേശനം നേടാൻ 14 വരെ സമയം. മൂന്നാംറൗണ്ട് സെപ്റ്റംബർ 16 മുതൽ 26 വരെ. പ്രവേശനം നേടാൻ ഒക്ടോബർ ഒന്നുവരെ സമയം.