കോഴിക്കോട്: പരീക്ഷകഴിഞ്ഞ് ഫലമറിയാൻ മാസങ്ങൾനീണ്ട കാത്തിരിപ്പ്. അതുകഴിഞ്ഞ് സർട്ടിഫിക്കറ്റ് കിട്ടാൻ പിന്നെയും താമസം. മാർച്ചിൽ തീരേണ്ട ഡിഎൽഎഡ് കോഴ്‌സ് കഴിഞ്ഞതിന്റെ സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്നാണ് പഠനം പൂർത്തിയാക്കിയവരുടെ ചോദ്യം.

To advertise here,

എൽപി, യുപി വിദ്യാലയങ്ങളിലെ അധ്യാപക യോഗ്യതാ കോഴ്‌സാണ് ഡിഎൽഎഡ്.

ഇതിന്റെ ജനറൽവിഭാഗം പരീക്ഷയും മൂല്യനിർണയവും ഫലംപ്രഖ്യാപിക്കലും കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് വിദ്യാർഥികളെ ആശങ്കയിലാക്കുന്നത്.

2023 സെപ്റ്റംബറിലാണ് ക്ലാസുകൾ തുടങ്ങിയത്. 2025 മാർച്ചിൽ കോഴ്സ് പൂർത്തിയാകേണ്ടതായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.

നിരന്തരമൂല്യനിർണയം ഏപ്രിലിലാണ് പൂർത്തീകരിച്ചത്. ജൂൺ ആദ്യവാരത്തിലാണ് പൊതുപരീക്ഷ നടത്തിയത്. ഓഗസ്റ്റിൽ മൂല്യനിർണയവും പൂർത്തീകരിച്ചു.

ഒടുവിൽ നാലാം സെമസ്റ്റർ ഫലപ്രഖ്യാപനം വളരെ വൈകി ഒക്ടോബറിൽ വന്നെങ്കിലും സർട്ടിഫിക്കറ്റ് വിതരണം നീണ്ടുപോകുന്നതിനാൽ പലർക്കും ജോലിയിൽ പ്രവേശിക്കാൻകഴിയാത്ത സാഹചര്യമാണ്.

പരീക്ഷാഭവനിൽനിന്ന് സർട്ടിഫിക്കറ്റ് ഡിഇഒ ഓഫീസിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. പുനർമൂല്യനിർണയത്തിന്റെ ഫലംകൂടിവന്ന ശേഷമേ സർട്ടിഫിക്കറ്റ് ലഭ്യമാക്കൂവെന്നാണ് വിദ്യാർഥികൾക്ക് കിട്ടിയ വിവരം.

കെ-ടെറ്റ് വെരിഫിക്കേഷൻ നടത്തണമെങ്കിൽ സർട്ടിഫിക്കറ്റ് വേണം. അതിനുപോലും പറ്റാത്ത സ്ഥിതിയാണെന്നും സർട്ടിഫിക്കറ്റ് നൽകൽ വേഗത്തിലാക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഡിഇഒ ഓഫീസുകളിൽ സർട്ടിഫിക്കറ്റ് എത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.