കൊച്ചി: സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ അവസാന ദിനത്തിൽ ശ്രദ്ധേയമായി വൈസ് ചാൻസിലർമാരുടെ സംവാദം. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി പി.വി.സി. പ്രൊഫ. ഡോ. ജെ. ലത, കണ്ണൂർ സർവ്വകലാശാല മുൻ വി.സി. ഡോ. എസ് ബിജോയ് നന്ദൻ, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ കെ.കെ. സാജു, എപിജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വി.സി. ഡോ. കെ. ശിവപ്രസാദ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. വിജ്ഞാന രൂപീകരണം കേരളത്തിൽ നിന്ന് ആഗോളതലത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ചർച്ച.
കേരളത്തിലെ സർവ്വകലാശാലകൾ മൂല്യവർധിത കോഴ്‌സുകൾ കൂടുതൽ ആരംഭിക്കണമെന്ന് കണ്ണൂർ സർവകലാശാല മുൻ വി.സി ഡോ. എസ് ബിജോയ് നന്ദൻ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, നല്ല അധ്യാപകർ എന്നിവ ഇവിടെ പരിമിതമാണ്. നമ്മൾ ഉപരിപ്ലവ സമൂഹമായി മാറിക്കഴിഞ്ഞെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നമ്മൾ എപ്പോഴും റീഓറിയന്റ് ചെയ്യണമെന്നും പറഞ്ഞു.
മികച്ച പ്രൊഫഷണലുകൾ എല്ലാവരും രാജ്യം വിട്ടു പോകുന്നത് നമുക്ക് ഭൂഷണമല്ലെന്ന് കണ്ണൂർ സർവകലാശാല വി.സി. കെ.കെ സാജു പറഞ്ഞു. നമ്മുടെ വിദ്യാർഥികൾ ജീവിതത്തെ അഭിമുഖീകരിക്കാൻ തയ്യാറാണോ എന്നത് വേറൊരു പ്രധാന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെയിൻ സർവകലാശാല മാറ്റത്തിന്റെ വക്താക്കളാണെന്ന് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി പി.വി.സി പ്രൊഫ.ഡോ.ജെ ലത പറഞ്ഞു. 'സർക്കാർ സ്ഥാപനങ്ങളിലും, പൊതു സർവ്വകലാശാലകളിലും മാറ്റങ്ങൾ കൊണ്ടുവരാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ജെയിൻ യൂണിവേഴ്‌സിറ്റിയിൽ വന്നപ്പോൾ എല്ലാം മാറി. ഇവിടെ മാനേജ്‌മെന്റ് തുറന്ന സമീപനമാണ്. ഈ സമ്മിറ്റിലൂടെ നമ്മൾ മാറ്റത്തിന്റെ വലിയ വാതിലാണ് തുറന്നിട്ടിരിക്കുന്നത്'- അവർ പറഞ്ഞു.
നൈപുണ്യ വികസനമാണ് വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതെന്ന അഭിപ്രായമായിരുന്നു എപിജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വി.സി ഡോ. കെ. ശിവപ്രസാദിന്. നൈപുണ്യ വികസനം വിദ്യാർത്ഥികളുടെ ജീവിതം തന്നെ മാറ്റി മറിക്കും. മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ അവ നിങ്ങളെ മാറ്റും എന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ് മോഡറേറ്ററായിരുന്നു. നിലവിലെ സർവകലാശാലകളിലെ പാഠ്യപദ്ധതിയും പ്രവർത്തന രീതിയും മാറേണ്ടതുണ്ടെന്നും കാലത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ലോകത്തിന് മികച്ച പ്രതിഭകളെ സംഭാവന ചെയ്യാൻ നമുക്ക് കഴിയില്ലെന്നും ഡോ. ടോം ജോസഫ് പറഞ്ഞു.
Content Highlights: Kerala University Summit: VC Panel Discussion
Published: 02 Feb 2025, 09:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented