
ന്യൂഡല്‍ഹി : സഹകരണ വിദ്യാഭ്യാസത്തിന് രാജ്യത്താദ്യമായി കേന്ദ്ര സര്‍വകലാശാല വരുന്നു. ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദിനെ (ഇര്‍മ) ദേശീയസര്‍വകലാശാലയാക്കി മാറ്റാനുള്ള ബില്‍ തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ത്രിഭുവന്‍ സഹകാരി സര്‍വകലാശാല എന്നാകും പേര്. ഡോ. വര്‍ഗീസ് കുര്യന്റെ (അമൂല്‍) നേതൃത്വത്തില്‍ 1979-ല്‍ സ്ഥാപിച്ച 'ഇര്‍മ'യെ സര്‍വകലാശാലയാക്കുന്നതോടൊപ്പം ദേശീയപ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
സഹകരണ സൊസൈറ്റികളിലേക്ക് യോഗ്യരായ ജോലിക്കാരെ സൃഷ്ടിക്കുകയെന്നതാണ് സര്‍വകലാശാലയുടെ മുഖ്യലക്ഷ്യം. നിലവില്‍ രാജ്യത്തെ സഹകരണവിദ്യാഭ്യാസം യോഗ്യരായ ജീവനക്കാരെ സൃഷ്ടിക്കാന്‍ അപര്യാപ്തമാണെന്ന് കേന്ദ്ര സഹകരണവകുപ്പ് സഹമന്ത്രി കൃഷന്‍പാല്‍ ഗുജ്ജര്‍ അവതരിപ്പിച്ച ബില്ലില്‍ പറഞ്ഞു. സഹകരണവിദ്യാഭ്യാസത്തിന് ഏകീകൃതസ്വഭാവമോ ഗുണനിലവാരനിരീക്ഷണ സംവിധാനമോ നിലവിലില്ല. സമഗ്രവും ഏകീകൃത ഘടനയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ത്രിഭുവന്‍ സഹകാരി സര്‍വകലാശാലയിലൂടെ ലക്ഷ്യമിടുന്നത്.
സഹകരണമേഖലയിലെ ആദ്യത്തെ സ്‌പെഷ്യലൈസ്ഡ് സര്‍വകലാശാലയായിരിക്കും ഇത്. സഹകരണവിദ്യാഭ്യാസം, പരിശീലനം, ഗവേഷണം, വികസനം എന്നിവയാണ് ലക്ഷ്യം. ഇതുവഴി രാജ്യത്തെ സഹകരണമുന്നേറ്റത്തിന് ശക്തിവര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനങ്ങളില്‍ അഫിലിയേറ്റഡ് കോളേജുകള്‍
സഹകരണ സൊസൈറ്റികള്‍ ധാരാളമായുള്ള സംസ്ഥാനങ്ങളില്‍ നാലോ അഞ്ചോ അഫിലിയേറ്റഡ് കോളേജുകള്‍ സര്‍വകലാശാലയ്ക്കുകീഴിലുണ്ടാക്കാം. അല്ലാത്തസംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ ആവാം. അഫിലിയേഷന്‍ വൊളന്ററി അടിസ്ഥാനത്തിലായിരിക്കും. സര്‍വകലാശാലയ്ക്ക് ക്ഷീരമേഖല, മത്സ്യബന്ധനം, പഞ്ചസാര, ബാങ്കിങ്, ഗ്രാമീണവായ്പ, സഹകരണധനകാര്യം, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, നിയമം, ഓഡിറ്റ്, ബഹുസംസ്ഥാന സഹകരണ സ്ഥാപനങ്ങള്‍ എന്നീവിഷയങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കാം. രാജ്യത്താകമാനം സര്‍വകലാശാലയ്ക്കുകീഴില്‍ അഫിലിയേറ്റ് ചെയ്യുന്ന വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളും സ്ഥാപിക്കാം.
പശ്ചാത്തലം
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ കീഴില്‍വരുന്ന പുണെയിലെ വൈകുണ്ഠ് മേത്താ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മന്റിനെ സര്‍വകലാശാലയാക്കാന്‍ ആലോചനയുണ്ടായിരുന്നു. പിന്നീടാണ് അമൂല്‍ (ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്) ബ്രാന്‍ഡിലൂടെ പ്രശസ്തമായ ആനന്ദിലേക്ക് തീരുമാനമെത്തിയത്. സഹകരണവും റൂറല്‍ മാനേജ്മെന്റ് പഠനവും ഒന്നിപ്പിച്ചുകൊണ്ടുപോവുക എന്നലക്ഷ്യവും ഇതിനുപിന്നിലുണ്ട്.
Content Highlights: IRMA to become India’s first national co-op university
Published: 04 Feb 2025, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented