നീറ്റ് യുജി റാങ്ക് പട്ടികയിൽ ഇടം നേടി നിർമാണ തൊഴിലാളിയായിരുന്ന 19 കാരൻ. ഒഡിഷയിലെ ഖുർദ ജില്ലയിലെ മുദുലിദിയ ഗ്രാമത്തിൽ നിന്നുള്ള സുബം
സബറാണ് കഠിനാധ്വാനത്തിൻ്റെ പ്രതീകമായി വാർത്തകളിൽ നിറയുന്നത്. 

To advertise here,

പട്ടികവര്‍ഗ വിഭാഗത്തില്‍ 18,212 ാമത്തെ റാങ്ക് നേടിയാണ്‌ സുബം ഒഡീഷയിലെ എംകെസിജെ മെഡിക്കൽ കോളേജിലേക്ക്‌ പ്രവേശനം നേടിയത്. നിർമാണ തൊഴിലാളിയായി ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സ്ഥലത്ത് നില്‍ക്കുമ്പോഴാണ്‌ സബറിനെ തേടി സന്തോഷ വാർത്തയെത്തിയത്. 

' ജൂൺ 14-ന് ബെംഗളൂരുവിലെ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യവേ, അധ്യാപകൻ്റെ ഒരു ഫോൺ വന്നു. മിഠായി വിതരണം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. കാരണം ചോദിച്ചപ്പോൾ NEET പരീക്ഷയിൽ ഞാൻ വിജയിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. എന്റെ സ്വപ്നം സഫലമായ നിമിഷമായിരുന്നു അത്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. അടുത്ത ദിവസം കോൺട്രാക്ടറുടെ അനുമതിയോടെ നാട്ടിലേക്ക് മടങ്ങി'- സബർ പ്രതികരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.  

മൂന്ന് മാസത്തെ ജോലിയിൽ 45,000 രൂപയാണ് സബറിന് കിട്ടിയ വരുമാനം. അതിൽ 25,000 രൂപ സമ്പാദിച്ചു. 

'വളരെ ദരിദ്രമായ അഞ്ചംഗ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. കുടുംബത്തെ സഹായിക്കാൻ മറ്റ് മാർഗമില്ലായിരുന്നു. പരീക്ഷ കഴിഞ്ഞപ്പോൾ, കുടുംബത്തിന് വേണ്ടി കുറച്ച് പണം സമ്പാദിക്കാൻ ഞാൻ തീരുമാനിച്ചു. ഒരു പ്രാദേശിക കോൺട്രാക്ടറെ സമീപിച്ച് ബെംഗളൂരുവിലേക്ക് പോയി.'- ബെംഗളൂരുവിലേക്ക് കുടിയേറ്റ തൊഴിലാളിയായി പോകാൻ കാരണം ചോദിച്ചപ്പോൾ സബർ പിടിഐയോട് പ്രതികരിച്ചു. 

ആദ്യം പോലീസ് ഉദ്യോഗസ്ഥനാകാനായിരുന്നു സബറിൻ്റെ ആഗ്രഹം. എന്നാൽ തയ്യാറെടുുപ്പ് തുടങ്ങിയപ്പോൾ ഡോക്ടറാകാനുള്ള സ്വപ്നം വളർന്നു. അഞ്ച് വർഷത്തെ എംബിബിഎസ് കോഴ്സ് പൂർത്തിയാക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന പ്രതീക്ഷയിലാണ് സബറിൻ്റെ മാതാപിതാക്കൾ.