ചെന്നൈ: വിദ്യാർഥികളുടെ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ക്യൂആർ കോഡുള്ള യൂണിഫോമുകളുമായി തമിഴ്നാട്ടിലെ കോർപ്പറേഷൻ സ്കൂൾ. തിരുച്ചിറപ്പളളി പുതൂരിലുള്ള കോർപ്പറേഷൻ പ്രൈമറി സ്കൂളിലാണ് ഡിജിറ്റൽ യൂണിഫോം അവതരിപ്പിച്ചത്.

To advertise here,

മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള ടീഷർട്ടാണ് യൂണിഫോം. ഇതിലാണ് ക്യുആർ കോഡ് പ്രിന്റ് ചെയ്തിട്ടുള്ളത്. വിദ്യാർഥികളുടെ പേര്, ക്ലാസ്, ഡിവിഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മനസ്സിലാക്കാൻ സാധിക്കും.

വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ആശയം പ്രാവർത്തികമാക്കിയത്. കുട്ടികളെ കാണാതാവുകയോ മറ്റുപ്രയാസങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അവരെ കണ്ടെത്താനും ഇതുപകരിക്കുമെന്ന് അധ്യാപിക ലത റോസ്ലിൻ പറഞ്ഞു. നിലവിൽ കുട്ടികളുടെ സ്കൂൾവിവരങ്ങൾ മാത്രമാണ് ക്യുആർ കോഡിലൂടെ തിരിച്ചറിയാനാവുക. അടുത്തവർഷംമുതൽ മാതാപിതാക്കളുടെ പേരും വിലാസവുമൊക്കെ ഉൾപ്പെടുത്തുമെന്നും അധ്യാപിക അറിയിച്ചു.

പുതൂർ കോർപ്പറേഷൻ സ്കൂളിൽ നിലവിൽ ഒന്നുമുതൽ അഞ്ചാംക്ലാസുവരെ 650 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കോർപ്പറേഷന്റെ കീഴിലുള്ള സ്കൂൾ ആണെങ്കിലും സർക്കാർ ഫണ്ടുകളും ആനുകൂല്യങ്ങളും ഉപയോഗിച്ച് ക്ലാസ് മുറികളും മറ്റു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് പ്രധാനാധ്യാപിക പുഷ്പലത പറഞ്ഞു. ഇതിനകം സ്മാർട്ട് ക്ലാസ്, സ്മാർട്ട് ബോർഡ്, വൈഫൈ തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തീവണ്ടികോച്ചിന്റെ ശൈലിയിൽ ചായംപൂശിയ ക്ലാസ് മുറികളാണുള്ളത്.