തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മലയാള ബിരുദം മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ വേടന്റെ റാപ്പ് ഉൾപ്പെടുത്തിയതിനെതിരേ ലഭിച്ച പരാതി പരിഗണനയിലാണെന്നും നിലവിൽ ഇത് പിൻവലിക്കുന്നതുസംബന്ധിച്ച തീരുമാനമെടുത്തിട്ടില്ലെന്നും വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പറഞ്ഞു. സർവകലാശാലയിലെ ബിജെപി അനുകൂല സിൻഡിക്കേറ്റംഗമായ എ.കെ. അനുരാജ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് വിസിയുടെ പ്രതികരണം.
വേടന്റെ റാപ്പ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്ന് മലയാളം യുജി ബോർഡ് അധ്യക്ഷൻ ഡോ. എം.എസ്. അജിത് പറഞ്ഞു. ഈയടുത്തുണ്ടായ വിവാദങ്ങളുടെ ഭാഗമായല്ല തീരുമാനം. ഒരുവർഷം മുൻപേ ഈ ചർച്ചകൾ തുടങ്ങി. രാഷ്ട്രീയബോധ്യമുള്ള വരികൾ തന്നെയാണ് ഈ റാപ്പ് ഉൾപ്പെടുത്താൻ കാരണം. മലയാളത്തിൽ ഇത്തരം സംഗീതം ജനകീയമാക്കിയ റാപ്പുകളിൽ പ്രധാനമാണ് എന്നതും കാരണമാണ്. ലോകത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളോടുള്ള പ്രതിരോധം എന്നനിലയിലാണ് മൈക്കൽ ജാക്‌സന്റെയും വേടന്റെയും റാപ്പുകൾ ഉപയോഗിക്കുന്നത് -അദ്ദേഹം പറഞ്ഞു.
മൈനർ കോഴ്സായ താരതമ്യപഠനത്തിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. മൈനർ വിഷയമായതിനാൽ മറ്റ് കോർ വിഷയത്തിലെ വിദ്യാർഥികൾക്കും ഇതു പഠിക്കാൻ അവസരമുണ്ട്. വേടന്റെ രചന പഠിപ്പിക്കുന്നത് തെറ്റായ സന്ദേശം സമൂഹത്തിനു പകരുമെന്നുകാട്ടിയാണ് അനുരാജ് പരാതി നൽകിയത്.
വിമർശനങ്ങൾ അപ്രസക്തമാണെന്ന് എഴുത്തുകാരനും മലയാള കേരള പഠനവിഭാഗം അധ്യാപകനുമായ ഡോ. എം.ബി. മനോജ് പറഞ്ഞു. പുതിയകാല ഗാനശാഖകളുടെ പ്രത്യേകതകളും രണ്ടുഭാഷകളിൽ രചിക്കപ്പെട്ട ഗാനങ്ങളും അവയുടെ സാംസ്‌കാരികപശ്ചാത്തലവും മറ്റുമാണ് പഠനവിഷയമാകുക. അതിനാൽ ആ ഗാനം ഒഴിവാക്കണമെന്ന അഭിപ്രായം അപ്രസക്തമാണ്.
Content Highlights: vedan Rap in Calicut University Syllabus: Controversy Explained
Published: 13 Jun 2025, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented