പത്താംക്ലാസ് ജയിച്ചു. സയന്‍സ് വിഷയങ്ങള്‍ ഒഴിവാക്കി തുടര്‍ന്ന് പഠിക്കണമെന്നാണ് താത്പര്യം. ഏതൊക്കെ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരമാണ് ഹയര്‍ സെക്കന്‍ഡറിയിലുള്ളത്.

To advertise here,

അനുരാധ, തൃശ്ശൂര്‍

ഇംഗ്ലീഷ്, ഭാഷാവിഷയം എന്നിവകൂടാതെ നാല് മുഖ്യവിഷയങ്ങളാണ് ഹയര്‍ സെക്കന്‍ഡറിതലത്തില്‍ പഠിക്കേണ്ടത്. നാലുവിഷയങ്ങളുടെ ഒട്ടേറെ കോമ്പിനേഷനുകള്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ലഭ്യമാണ്. ഈ കോമ്പിനേഷനുകളെ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്ന് മൂന്നായി തരംതിരിച്ചിരിക്കുന്നു. സയന്‍സ് ഗ്രൂപ്പില്‍ ഈ നാലുവിഷയങ്ങളും സയന്‍സ് വിഷയങ്ങളായിരിക്കും.

സയന്‍സ് മുഖ്യവിഷയങ്ങളായെടുത്തുള്ള പഠനത്തില്‍ താത്പര്യമില്ലെങ്കില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകള്‍ തിരഞ്ഞെടുക്കാം. പക്ഷേ, അവിടെയും ചില കോമ്പിനേഷനുകളില്‍ സയന്‍സ്/അനുബന്ധമേഖലകളുമായി ചെറിയ തോതിലെങ്കിലും ബന്ധമുള്ള ചില വിഷയങ്ങള്‍ ഉണ്ടെന്നു കാണാം. ഇക്കണോമിക്‌സ്, ജിയോളജി, ജ്യോഗ്രഫി, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളില്‍ ചിലത് ഉള്‍പ്പെടുന്ന ചില കോമ്പിനേഷനുകള്‍ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തിലുണ്ട്.

പത്താംക്ലാസുവരെ പഠിച്ച ശാസ്ത്രവിഷയത്തെക്കുറിച്ചുള്ള ധാരണ, സയന്‍സിനോട് ചെറിയതോതിലെങ്കിലും ആഭിമുഖ്യം എന്നിവയുള്ളവര്‍ക്ക് ഈ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന സയന്‍സ്  ഇതര വിഭാഗങ്ങളിലെ ചില കോമ്പിനേഷനുകളെക്കുറിച്ചു ചിന്തിക്കാം. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് കോമ്പിനേഷനുകളില്‍ പലതിലും ഇക്കണോമിക്‌സ് ഒരുവിഷയമാണെന്നു കാണാം. മറ്റു വിഷയങ്ങളില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, മ്യൂസിക്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, സോഷ്യല്‍വര്‍ക്ക്, ഇസ്‌ലാമിക് ഹിസ്റ്ററി, സോഷ്യോളജി, സൈക്കോളജി, ആന്ത്രോപ്പോളജി, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്‌കൃതസാഹിത്യം, സാന്‍സ്‌ക്രിറ്റ് ശാസ്ത്ര, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബിസിനസ് സ്റ്റഡീസ് തുടങ്ങിയവയും ഉള്‍പ്പെടുന്നു.

2022 പ്രവേശനത്തിന്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് മേഖലകളിലെ വിഷയ കോമ്പിനേഷനുകള്‍ ഏതൊക്കെയെന്ന് ഹയര്‍ സെക്കന്‍ഡറി പ്രവേശന പ്രോസ്പക്ടസില്‍ വ്യക്തമാക്കിയിരിക്കും.

2021ലെ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ www.hscap.kerala.gov.inല്‍ ഉള്ളത് ഇപ്പോള്‍ പരിശോധിക്കാം.

സയന്‍സ് പൂര്‍ണമായും ഒഴിവാക്കണമെങ്കില്‍ പരിഗണിക്കാവുന്ന ചില കോമ്പിനേഷനുകള്‍ ഇവയാണ്.

  • സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ഗാന്ധിയന്‍സ്റ്റഡീസ്
  • ഹിസ്റ്ററി, ഫിലോസഫി, സാന്‍സ്‌ക്രിറ്റ് സാഹിത്യ, സാന്‍സ്‌ക്രിറ്റ് ശാസ്ത്ര
  • ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സൈക്കോളജി

എല്ലാ കോമ്പിനേഷനുകളും എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകില്ല. ഏതൊക്കെ കോമ്പിനേഷനുകള്‍ ഓരോ സ്ഥാപനത്തിലും ലഭ്യമാണെന്ന വിവരവും വെബ്‌സൈറ്റില്‍ ലഭിക്കും. അതു പരിശോധിക്കുക