മുംബൈ: ഡാന്‍സ് ബാറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 17 യുവതികളെ മോചിപ്പിച്ചു. അന്ധേരിയിലെ ദീപ ബാറില്‍നിന്നാണ് യുവതികളെ പോലീസ് രക്ഷപ്പെടുത്തിയത്. ബേസ്‌മെന്റിലെ രഹസ്യമുറിയിലാണ് യുവതികളെ ഒളിപ്പിച്ചിരുന്നത്. മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവില്‍ പോലീസ് ഈ രഹസ്യമുറി കണ്ടെത്തുകയായിരുന്നു.
അന്ധേരിയിലെ ബാറില്‍ യുവതികളെ നൃത്തം ചെയ്യിപ്പിക്കാറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് റെയ്ഡ് നടത്തിയത്. ബാറിലെ ശൗചാലയങ്ങളും അടുക്കളയും സ്‌റ്റോര്‍ റൂമും അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബാര്‍ മാനേജര്‍, കാഷ്യര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ ചോദ്യംചെയ്‌തെങ്കിലും ബാറില്‍ യുവതികളില്ലെന്നായിരുന്നു ഇവരുടെ മൊഴി. ഇതിനിടെയാണ് മേക്കപ്പ് റൂമിലെ വലിയ കണ്ണാടി പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
കണ്ണാടി ചുമരില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തില്‍ വിജയിച്ചില്ല. ചുറ്റിക അടക്കം ഉപയോഗിച്ച് കണ്ണാടി തകര്‍ത്തതോടെയാണ് ബേസ്‌മെന്റിലേക്കുള്ള രഹസ്യഇടനാഴി കണ്ടെത്തിയത്. ഈ വഴിയിലൂടെ പോലീസ് സംഘം ബേസ്‌മെന്റിലെ രഹസ്യമുറിയിലെത്തി പരിശോധിച്ചതോടെ 17 യുവതികളെ കണ്ടെത്തുകയായിരുന്നു.
പോലീസ് റെയ്ഡിന് വരുന്ന വിവരമറിഞ്ഞ് ബാര്‍ ജീവനക്കാരാണ് യുവതികളെ രഹസ്യമുറിയില്‍ ഒളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പോലീസ് വന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന അലാറം സംവിധാനം ഇവിടെ സജ്ജീകരിച്ചിരുന്നു. ഇതിന്റെ സഹായത്താലാണ് പോലീസ് സംഘം ബാറില്‍കടന്നതിന് പിന്നാലെ യുവതികളെ ഒളിപ്പിക്കാനായത്. രഹസ്യമുറിയില്‍ കിടക്കകള്‍, എയര്‍കണ്ടീഷന്‍ സംവിധാനങ്ങള്‍ അടക്കം സജ്ജീകരിച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ബാര്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: police rescued 17 women from a dance bar in mumbai andheri
Published: 13 Dec 2021, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented