ചാലക്കുടി: ദേശീയപാതയില്‍ കൊരട്ടി ചിറങ്ങരയില്‍ 60 ലക്ഷത്തില്‍പ്പരം രൂപയുടെ സംസ്‌കരിച്ച മാംസം കൊള്ളയടിച്ച കേസില്‍ ഒരാളെക്കൂടി ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തു. വരാപ്പുഴ ഞെഴുവിങ്കല്‍ ജെയ്മോന്‍ (23) ആണ് അറസ്റ്റിലായത്.

To advertise here,

കഴിഞ്ഞ വര്‍ഷം ജൂലായ് അവസാനത്തോടെ കൊച്ചിയില്‍നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോയ ഒരു ലോഡ് സംസ്‌കരിച്ച മാംസം ഡ്രൈവറെയും സഹായിയെയും തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയായിരുന്നു. തുമ്പൊന്നും ഇല്ലാതിരുന്ന കേസില്‍ എറണാകുളം ജില്ല കേന്ദ്രീകരിച്ച് മാസങ്ങളോളം നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്കെത്തിച്ചത്.

ആദ്യം പിടിയിലായ ഷനില്‍ പീറ്ററില്‍നിന്ന് ലോറി ഡ്രൈവര്‍, സഹായി, തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതിന്റെ വിശദവിവരങ്ങള്‍ എന്നിവ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. മാംസം ഡിണ്ടിഗല്‍ വഴി വിദേശത്തേക്ക് കടത്തുകയായിരുന്നു. ലോഡ് കൊള്ളയടിക്കുന്നതിനുള്ള ക്വട്ടേഷന്‍ അരൂരില്‍നിന്നാണെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് രണ്ടുപേര്‍ അറസ്റ്റിലായി. നാലുപേരെക്കൂടി പിടികൂടാനുണ്ട്.

ജെയ്മോന്‍ കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ജെയ്മോന്‍ വരാപ്പുഴയില്‍ എത്തിയതറിഞ്ഞ് അന്വേഷണസംഘം അവിടെയെത്തി പിടികൂടി.

നേരത്തേ അറസ്റ്റിലായ കൂട്ടാളികള്‍ക്ക് ജാമ്യം കിട്ടിയതിനാല്‍ ഇനി പോലീസ് അന്വേഷിച്ചുവരില്ലെന്ന വിശ്വാസത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയതെന്ന് ജെയ്മോന്‍ അന്വേഷണസംഘത്തോടു പറഞ്ഞു. കൊരട്ടി സി.ഐ. ബാബു സെബാസ്റ്റ്യന്‍, എസ്.ഐ. രാമു ബാലചന്ദ്രബോസ്, എ.എസ്.ഐ. എം.വി. സെബി, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി എന്നിവരും അന്വേഷണസംഘത്തിലുണ്ടായി.

Content Highlights: meat robbery in koratty thrissur, one arrested