പാലക്കാട്: കാളവണ്ടിയുമായി പോകുന്നതിനിടെ വഴിനൽകാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറയ്ക്ക് സമീപം ഒഴലപ്പതി എന്ന സ്ഥലത്ത് നടന്ന അക്രമത്തിൽ ഷഫീഖ് (24) എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോരംപാറ സ്വദേശികളായ നെൽസൺ, ജെൻസൺ എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

To advertise here,

കാളവണ്ടിയോട്ട മത്സരങ്ങൾ വ്യാപകമായി നടക്കുന്ന സ്ഥലമാണിത്. ഇതുമായി ബന്ധപ്പെട്ട മത്സരസംഘങ്ങളിൽ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലെ അംഗങ്ങളായിരുന്നു ഷെഫീഖും നെൽസണും ജെൻസണും. മത്സരവുമായി ബന്ധപ്പെട്ട് മുമ്പും ഇവരുടെ ഗ്രൂപ്പുകൾ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച രാത്രി നടന്ന ഒരു തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നാണ് വിവരം.

ഞായറാഴ്ച രാത്രി കാളവണ്ടിയോട്ട മത്സരങ്ങളുമായി ബന്ധപ്പെട്ട പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു നെൽസണും ജെൻസണും. ഈ സമയം പിന്നാലെ ബൈക്കിലെത്തിയ ഷഫീഖ് കാളവണ്ടിയെ മറികടന്നു പോകാനായി ഹോൺ അടിച്ചതാണ് തർക്കത്തിന് കാരണമായത്.

ഇടുങ്ങിയ വഴിയിലൂടെ കാളവണ്ടിക്ക് സൈഡ് കൊടുക്കാൻ സാധിക്കാത്തതിനെചൊല്ലി ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ശേഷം ഇരുകൂട്ടരും സംഭവസ്ഥലത്തുനിന്നും പോയി. പിന്നീട് വീട്ടിൽ പോയി ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ഷഫീഖ് വീണ്ടും നെൽസണെയും ജെൻസണെയും വഴിയിൽ കാണാനിടയായി.

തുടർന്ന് വീണ്ടും ഇരുകൂട്ടരും തമ്മിൽ തർക്കം തുടങ്ങുകയും അത് കൈയ്യാങ്കളിയിലേക്ക് പോകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ഷഫീഖിനൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും ആക്രമണത്തിൽ കുത്തേറ്റു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഫീഖ് മരിച്ചു.

പരിക്കേറ്റ സുഹൃത്ത് നിലവിൽ ചികിത്സയിലാണ്, ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മറ്റ് ആശങ്കകളില്ലെന്ന് പോലീസ് അറിയിച്ചു. കൊഴിഞ്ഞാമ്പാറ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.