കണ്ണൂർ: പിണറായിയിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ന്യായീകരണവുമായി എസ്ഡിപിഐ. പാർട്ടിയെന്ന തലത്തിലല്ല കുടുംബമെന്ന രീതിയിലാണ് ഇടപ്പെട്ടതെന്നാണ് എസ്.ഡി.പി.ഐയുടെ വാദം.

To advertise here,

മധ്യസ്ഥ ചർച്ച എന്ന നിലയിലാണ് എസ്.ഡി.പി.ഐ. ഓഫീസിൽ വേദിയൊരുക്കിയതെന്നാണ് വിശദീകരണം. ഓഫീസിലെ ചർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിന്റെ ചെറിയ ഒരു ഭാ​ഗം മാത്രമാണ് ആരോപണവിധേയരായവർ തന്നെ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ കേസിൽ ആരോപിക്കപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം, റസീനയുടെ ആൺസുഹൃത്തിനെതിരെ മാതാവ് തലശ്ശേരി എ.എസ്.പി. ഓഫീസിലെത്തി പരാതി നൽകിയിട്ടുണ്ട്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ആൾക്കൂട്ടവിചാരണയ്ക്കു പിന്നാലെ കഴിഞ്ഞദിവസമാണ് കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീനയെ (40) വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റുചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് മൂന്ന് ബൈക്കുകളിലെത്തിയ സംഘം ചോദ്യം ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. തൊട്ടടുത്ത ദിവസം തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് യുവതി മരിച്ചത്. 

യുവാവിന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും വിട്ടുനൽകാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളിൽനിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്‌പെക്ടർ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല. യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ പലതരത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.