
ചെറുതോണി (ഇടുക്കി): മകളുടെയും മരുമകളുടേയും സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ തങ്കമണി സ്വദേശിനിയെ പോലീസ് അറസ്റ്റുചെയ്തു. അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസാ(53)ണ് പിടിയിലായത്. ഇവരുടെ, സൈനികനായ മകനാണ് പരാതി നൽകിയത്. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബിക(49)യും അറസ്റ്റിലായി.
തന്റെ ഭാര്യയുടെയും സഹോദരിയുടെയും സ്വർണം മോഷ്ടിച്ച് പണയപ്പെടുത്തിയെന്നും ഈ പണം ഉപയോഗിച്ച് ആഭിചാരക്രിയയും ധൂർത്തും നടത്തിയെന്നുമാണ് ബിൻസിക്കെതിരേ മകൻ അഭിജിത്തിന്റെ പരാതി. ഇവർക്കെതിരേ തട്ടിപ്പുകേസാണ് എടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപും ബിൻസി സമാനരീതിയിൽ തട്ടിപ്പ് നടത്തി ഒളിവിൽ പോയിരുന്നു.
പരാതിയിൽ പറയുന്നത് ഇങ്ങനെ: മകൾ മീരയുടെ പത്തുപവനും മരുമകൾ സന്ധ്യയുടെ 14 പവനും ബിൻസി മോഷ്ടിച്ചു. ഈ സ്വർണം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി പണം കൈക്കലാക്കി. തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയം സഹായ സംഘങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ലക്ഷങ്ങൾ വായ്പ വാങ്ങി.
ഈ പണമൊക്കെ എന്തുചെയ്തെന്നറിയുവാൻ മക്കളും ഭർത്താവ് ജോസും പലപ്രാവശ്യം ശ്രമിച്ചു. എന്നാൽ, സ്വർണം എടുത്തെന്ന് ഇവർ സമ്മതിച്ചില്ല. പണം എന്തിന് ചെലവഴിച്ചെന്ന് പറയുവാനും തയ്യാറായില്ല. നാട്ടിൽനിന്നും തട്ടിയെടുത്ത പണം തിരികെ ചോദിച്ച് ആളുകൾ വീട്ടിൽവന്നതോടെ ഭർത്താവും ബിൻസിയോടുള്ള നിലപാട് കടുപ്പിച്ചു. ഇതേത്തുടർന്ന് ബിൻസി ഉപ്പുതറയിലുള്ള തന്റെ അമ്മയുടെ അടുത്തേക്ക് മാറി. ഇവിടെ അന്വേഷിച്ചെത്തിയ ഭർത്താവും ബിൻസിയുടെ അമ്മയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിൻസിയുടെ അമ്മയ്ക്ക് വെട്ടേറ്റിരുന്നു.
മകന്റെ ഭാര്യയെ ചായയിൽ വിഷം കലർത്തി നല്കി കൊലപ്പെടുത്തുവാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും ഇതിന് ബിൻസിയെ പ്രേരിപ്പിച്ചത് സുഹൃത്താണെന്നും പരാതിയിലുണ്ട്. സുഹൃത്തുമായുള്ള മൊബൈൽ ചാറ്റിൽ, ഇക്കാര്യം ബിൻസിയോട് നിർദേശിക്കുന്നതിന്റെ ഡിജിറ്റൽ തെളിവുകളും പോലീസിന് കൈമാറിയിട്ടുണ്ട്.
തട്ടിയെടുത്ത പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിൽനിന്നും വിവിധ മതചിഹ്നങ്ങളടങ്ങിയ തകിടും മറ്റും പോലീസ് കണ്ടെടുത്തു. തങ്കമണി പോലീസ് ഇൻസ്പെക്ടർ എം.പി. എബിയും സംഘവുമാണ് ബിൻസിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലേ സംഭവത്തിൽ കൂടുതൽ വ്യക്തതവരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. എസ്.സി.പി.ഒ. സുനിൽകുമാർ, സി.പി.ഒമാരായ പി. പ്രിനീത, ജിതിൻ എബ്രഹാം എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: Woman arrested for stealing gold from daughter and daughter-in-law for witchcraft and luxury life
Published: 25 Mar 2025, 12:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented