വിശാഖപട്ടണം: വിവാഹിതനായ നാവികസേനാ ഉദ്യോഗസ്ഥൻ കാമുകിയെ വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്തു. വിശാഖപട്ടണത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചിന്തട രവീന്ദ്ര എന്നയാളാണ് കാമുകി പൊലിപ്പള്ളി മൗനിക എന്ന യുവതിയെ കൊലപ്പെടുത്തിയത്. ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് ദേഗയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് രവീന്ദ്ര. 2021-ൽ ഡേറ്റിങ് ആപ്പിലൂടെയാണ് രവീന്ദ്ര മൗനികയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പതിവായി കണ്ടുമുട്ടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്രമേണ, അവർ പ്രണയത്തിലായെന്നും പോലീസ് വ്യക്തമാക്കി.

To advertise here,

2024-ൽ രവീന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. രണ്ടാഴ്ച മുമ്പ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത് കാമുകിയോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ അവസരമായി രവീന്ദ്ര കണ്ടു. മൗനികയെ രവീന്ദ്ര വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ രവീന്ദ്ര മൗനികയെ കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. തുടർന്ന് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി, ചില ഭാഗങ്ങൾ ഒരു ബാഗിലാക്കി ഉപേക്ഷിക്കാൻ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇത് കത്തിച്ച് കളഞ്ഞതായും പറപ്പെടുന്നു. ബാക്കിയുള്ള ശരീരഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൃതദേഹം വെട്ടിനുറുക്കുന്നതിനായി ഓൺലൈനിൽ കത്തി ഓർഡർ ചെയ്യുകയായിരുന്നു.

തുടർന്ന് രവീന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം സമ്മതിച്ചു. ബന്ധത്തിനിടയിൽ മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും, തന്റെ ഭാര്യയെ ഈ ബന്ധത്തെക്കുറിച്ച് അറിയിക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടെന്നും പ്രതി അവകാശപ്പെട്ടു. കൊല്ലപ്പെട്ട ദിവസത്തെ തർക്കവും ഇത് സംബന്ധിച്ചാണ്ടുയതാണെന്ന വിവരമാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

രവീന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത് മുതൽ മൗനികയിൽ നിന്നുള്ള നിരന്തരമായ ഭീഷണികളുണ്ടായിരുന്നു, ഇതിൽ മനംമടുത്തിട്ടാണ് രവീന്ദ്ര കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൗനികയുടെ തലയടക്കമുള്ള ശരീരഭാഗങ്ങൾ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്.