തിരുവനന്തപുരം: കടംകൊടുത്ത പണം തിരികെച്ചോദിച്ച് ആരെങ്കിലും വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന ദിവസം പ്രതി അഫാനെ സമ്മർദത്തിലാക്കിയോയെന്ന് അന്വേഷിക്കുന്നതായി തിരുവനന്തപുരം റൂറൽ എസ്.പി. കെ.സുദർശൻ. കടംകൊടുത്തവർ പണം തിരികെച്ചോദിച്ച് സ്ഥിരമായി കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നു. എന്നാൽ, കൊലപാതകം നടത്തിയ ദിവസം അഫാനെ പെട്ടെന്ന് പ്രകോപിതനാക്കുന്നതരത്തിൽ ആരെങ്കിലും പെരുമാറിയതാണോയെന്നു പരിശോധിക്കുന്നുണ്ട്.

To advertise here,

ഒരാളിൽനിന്നു വാങ്ങിയ കടം മടക്കിനൽകാനായി മറ്റു പലരിൽനിന്ന്‌ അഫാന്റെ കുടുംബം കടംവാങ്ങി. അങ്ങനെ നിരവധിപ്പേരിൽനിന്ന് വാങ്ങിയ തുക മടക്കിനൽകാനാകാതെ കുടുംബത്തിന്റെ കടബാധ്യത പെരുകുകയായിരുന്നു. കടംവാങ്ങിയ തുക ധൂർത്തടിച്ചോയെന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുവെന്നും എസ്.പി. പറഞ്ഞു.

അഫാനും ഫർസാനയും തമ്മിലുള്ള ഫോൺ സന്ദേശം പുറത്ത്

തിരുവനന്തപുരം: ഫർസാനയെ കൊലപ്പെടുത്തുന്നതിനു തൊട്ടുമുൻപ് അഫാനും ഫർസാനയും തമ്മിലുള്ള ഫോൺ സന്ദേശവും സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നു. അഫാന്റെ നിർദേശത്തെത്തുടർന്ന് വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടിൽനിന്ന് വെഞ്ഞാറമൂട് ടൗണിലേക്കു പോകാതെ ഇടവഴിയിലൂടെ ഫർസാന കാവറയിലേക്കു നടന്നുവരുന്നതും തൊട്ടുപിന്നാലെ അഫാൻ ബൈക്കിലെത്തി പേരുമലയിലേക്കു കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങൾ.

മുക്കുന്നൂരിലെ വീട്ടിൽനിന്നു പുറത്തിറങ്ങിയ ഫർസാന ഇടവഴിയിലൂടെ നടക്കുന്നതിനിടയിൽ അഫാൻ ഫോൺചെയ്ത് എവിടെയാണുള്ളതെന്നു തിരക്കി. വർക്ക്‌ഷോപ്പിനടുത്തുള്ളതായി ഫർസാന മറുപടി നൽകി. തുടർന്നാണ് ഫർസാന നടന്നുനീങ്ങിയ ഇടവഴിയിലൂടെ അഫാൻ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്.

മുൻപ് ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു. വീട്ടുകാർ തിരിച്ചറിയാതിരിക്കാൻ പകരം മുക്കുപണ്ടവും നൽകി. പണയം വെച്ച മാല തിരികെയെടുത്തുതരാൻ ഫർസാന പിന്നീട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുൻപ് പണത്തിന് ആവശ്യം വന്നപ്പോൾ വാഹനങ്ങൾ പണയപ്പെടുത്തി അഫാൻ പണം കണ്ടെത്തിയെന്നും പിന്നീട് അവ വിറ്റെന്നും ബന്ധുക്കൾ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന കാർ രണ്ടരലക്ഷം രൂപയ്ക്ക് അഫാൻ പണയപ്പെടുത്തിയിരുന്നു. പിന്നീട് ഇത് നാലുലക്ഷം രൂപയ്ക്കു വിൽക്കുകയും സൗദിയിലുള്ള പിതാവിനു പണം അയച്ചുകൊടുക്കുകയും ചെയ്തു. അന്വേഷണസംഘം അഫാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാമ്പത്തികബാധ്യതകളുടെ കണക്കുകൾ രേഖപ്പെടുത്തിയ പുസ്തകം കണ്ടെത്തിയിരുന്നു.