ലണ്ടന്‍: യുകെയില്‍ ട്രക്ക് ഡ്രൈവറുടെ അനാസ്ഥയില്‍ കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് യുകെ കോടതി. ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നതെന്നും ഇതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നും കോടതി കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും തീപിടിക്കുകയുമായിരുന്നു. കാര്‍ ഓടിച്ചിരുന്ന ബ്രിട്ടീഷ് പൗരന്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഡ്രൈവര്‍ക്ക് 10 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 

To advertise here,

2024 മെയ് 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുകെയിലെ ലാന്‍കേഷയറിലുള്ള സ്‌കെല്‍മെര്‍സ്ഡെയ്ലിനടുത്തുള്ള M58-ന് അടുത്തുവെച്ചായിരുന്നു ദാരുണമായ അപകടം.  ഡാനിയല്‍ എയ്ട്ചിസണ്‍ (46) എന്നയാളാണ് കൊല്ലപ്പെട്ടത്. മേഴ്‌സിസൈഡിലെ ബൂട്ടില്‍ സ്വദേശിയായ നെയ്ല്‍ പ്ലാറ്റ് എന്ന 43-കാരനാണ് ട്രക്ക് ഓടിച്ചിരുന്നത്. പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ പ്ലാറ്റ് കുറ്റം സമ്മതിച്ചു. 

സ്‌കോട്ട്‌ലന്‍ഡിലെ ഡംഫ്രൈസില്‍നിന്ന് ലിവര്‍പൂളിലേക്കുള്ള യാത്രയിലായിരുന്നു പ്ലാറ്റ്. മൂന്ന് മണിക്കൂര്‍ നീണ്ട ഈ യാത്രക്കിടെ ഫോണില്‍ എക്‌സ്, വാട്‌സ്ആപ്പ്, യൂട്യൂബ്, ടിക് ടോക്ക് എന്നിവയുള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ കണ്ണോടിച്ചിരുന്നതായി പ്ലാറ്റ് കോടതിയില്‍ സമ്മതിച്ചു. അപകടത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ്, അദ്ദേഹത്തിന്റെ എക്‌സ് ഫീഡില്‍ നഗ്നചിത്രങ്ങള്‍ തെളിഞ്ഞിരുന്നു. ഇതിലേക്ക് ശ്രദ്ധപോയതോടെയാണ് ട്രക്ക് അപകടത്തില്‍ പെട്ടത് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. 

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ എയ്ട്ചിസന്റെ കാറില്‍ പ്ലാറ്റിന്റെ ട്രക്ക് ഇടിക്കുമ്പോള്‍, അദ്ദേഹം തന്റെ പങ്കാളിയായ കെറിയുമായി ഹാന്‍ഡ്സ് ഫ്രീ കോളില്‍ സംസാരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എയ്ട്ചിസന്റെ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ടാങ്കറിലേക്ക് ഇടിച്ചുകയറി. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കാര്‍ പൂര്‍ണ്ണമായി കത്തിനശിക്കുകയും അദ്ദേഹം തല്‍ക്ഷണം മരിക്കുകയും ചെയ്തു. 

റോഡ് സുരക്ഷയേക്കാള്‍ 'സോഷ്യല്‍ മീഡിയ നോക്കുന്നതിന്' പ്ലാറ്റ് മുന്‍ഗണന നല്‍കിയെന്ന് ജഡ്ജി ഇയാന്‍ അണ്‍സ്വര്‍ത്ത് ചൂണ്ടിക്കാട്ടി. 'ചിന്തിക്കാന്‍ പോലും പറ്റാത്തത്ര വിഡ്ഢിത്തം ചെയ്താണ് നിങ്ങളുടെ ശ്രദ്ധ തെറ്റിയത്. മുന്നില്‍ ഉള്ളതില്‍ ആയിരുന്നില്ല, മറിച്ച് നിങ്ങളുടെ ഫോണിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.' ജഡ്ജി പറഞ്ഞു. പ്ലാറ്റ് തന്റെ ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം ജയിലില്‍ അനുഭവിക്കുകയും ഏഴ് വര്‍ഷത്തെ ഡ്രൈവിങ്‌ വിലക്ക് നേരിടുകയും ചെയ്യും.

അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ പ്ലാറ്റ് തുടര്‍ച്ചയായി ഫോണില്‍ വ്യാപൃതനായിരുന്നുവെന്നും, ഇടയ്ക്ക് ഹ്രസ്വമായി മാത്രം റോഡിലേക്ക് നോക്കിയെന്നും ഡാഷ്‌ക്യാം ദൃശ്യങ്ങളും ഫോണ്‍ പരിശോധനയും സ്ഥിരീകരിച്ചു. എന്നാല്‍, യാത്രയുടെ സമയം മാത്രമാണ് പരിശോധിച്ചതെന്നാണ് ചോദ്യംചെയ്യല്‍ വേളയില്‍ പ്ലാറ്റ്  വാദിച്ചിരുന്നത്. പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 

'അദ്ദേഹം എന്റേയും കുട്ടികളുടേയും അടുത്തേക്ക്, വീട്ടിലേക്ക് വരികയായിരുന്നു. അവരുടെ ഹീറോ പോയി. കുട്ടികളോട് ഈ വിവരം പറയുന്നത് എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും കഠിനമായ കാര്യമാണ്.' എന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞതായി ദി എന്‍വൈ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.