ഖൊവായ്: തൃപുരയില്‍ പിതാവ് പെണ്‍കുഞ്ഞിനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായി ആരോപണം. തൃപുര സ്റ്റേറ്റ് റൈഫിള്‍സ് (ടിഎസ്ആര്‍) ഉദ്യോഗസ്ഥനായ രതീന്ദ്ര ദേബ്ബര്‍മയാണ് മകള്‍ സുഹാനിക്ക് വിഷം നല്‍കിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആണ്‍കുഞ്ഞ് വേണം എന്ന ആഗ്രഹം സാധിക്കാഞ്ഞതിനാലാണ് രതീന്ദ്ര ഇത്തരമൊരു കടുംകൈക്ക് മുതിര്‍ന്നതെന്ന് മിതാലി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.  

To advertise here,

തൃപുരയിലെ ഖൊവായ് ജില്ലയിലുള്ള ബെഹലാബാരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പത്താം ബറ്റാലിയന്‍ ടിഎസ്ആര്‍ ഉദ്യോഗസ്ഥനായ രതീന്ദ്ര നിലവില്‍ എഡിസി ഖുമുല്‍വങ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ബിസ്‌ക്കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് കുഞ്ഞിനെ രതീന്ദ്ര വാങ്ങിക്കൊണ്ട് പോയതെന്നും, പിന്നാലെ കുഞ്ഞ് ഛര്‍ദിച്ച് ബോധം കെടുകയായിരുന്നു എന്നും മിതാലി പറയുന്നു. 

'ബെഹലാബാരിയിലുള്ള എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയതായിരുന്നു ഞങ്ങള്‍. ഈ സമയം, എന്റെ ഭര്‍ത്താവ് രതീന്ദ്ര ഞങ്ങളുടെ മകളെയും സഹോദരിയുടെ മകനെയും കൂട്ടി അടുത്തുള്ള കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയി. തിരികെയെത്തി അധികം വൈകാതെ, എന്റെ മകള്‍ അതിയായി ഛര്‍ദ്ദിക്കുന്നതായും അവളുടെ വയറിളകുന്നതായും സഹോദരിയുടെ ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോള്‍ സുഹാനയുടെ വായില്‍ നിന്ന് മരുന്നിന്റെ രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു,' മിതാലി പറയുന്നു. 

'കുഞ്ഞിന് ഇങ്ങനെ വയ്യാതാവാനുംവേണ്ടി എന്താണ് നല്‍കിയെന്ന് ഞാന്‍ രതീന്ദ്രയോട് ചോദിച്ചു. എന്നാല്‍ അദ്ദേഹം ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. വിഷം നല്‍കിയെന്ന കാര്യവും അദ്ദേഹം നിഷേധിച്ചു. എന്നാല്‍, എന്റെ മകള്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. പരിഭ്രാന്തിയില്‍ ഞാന്‍ എന്റെ മുടി വലിച്ചുപറിച്ചപ്പോള്‍ ഭര്‍ത്താവ് എന്റെ മുഖത്തടിച്ചു. എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സുഹാനിയായിരുന്നു ഇളയവള്‍,' മിതാലി മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ ആദ്യം ഖൊവായ് ജില്ലാ ആശുപത്രിയിലും പിന്നീട് സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയിലെ ജിബി ആശുപത്രിയിലേക്കും കൊണ്ടുപോയി, എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രതീന്ദ്ര ദേബ്ബര്‍മയെ പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. കോടതി ഇയാളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു. രതീന്ദ്രയ്ക്ക് എപ്പോഴും ഒരു ആണ്‍കുഞ്ഞിനെയായിരുന്നു ആവശ്യമെന്നും, രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് തന്നോട് വെറുപ്പായിരുന്നെന്നും മിതാലി പറയുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതായും അവര്‍ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവിന് വധശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.