തിരുവനന്തപുരം: കോർപ്പറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയംതൊഴിൽ വായ്പയുടെ സബ്സിഡിയിൽ ക്രമക്കേടുനടത്തി 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി കോർപ്പറേഷൻ മുൻ എസ്.സി. പ്രമോട്ടർ എസ്.സിന്ധു(55)വിനെ വിജിലൻസ് അറസ്റ്റുചെയ്തു.
2021-2022 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽനിന്ന് തുക തട്ടിച്ച കേസിലാണ് അറസ്റ്റ്. സംരംഭകഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 75 ലക്ഷം രൂപ വിതരണംചെയ്തതായി വ്യാജരേഖകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. പ്രതിയായ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തത്.
പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ വായ്പാസബ്സിഡി അനുവദിച്ചതിൽ 1.26 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മറ്റൊരു കേസിലും ജനറൽ വിഭാഗം വനിതകൾക്കുള്ള സ്വയംതൊഴിൽ സംരംഭ പദ്ധതിയിലെ വായ്പ സബ്സിഡിയിൽ 1.14 കോടി രൂപയുടെയും 3.57 കോടി രൂപയുടെയും തട്ടിപ്പുകൾ നടത്തിയതിന് വിജിലൻസ് രജിസ്റ്റർചെയ്ത മറ്റു രണ്ട് കേസുകളിലും സിന്ധു പ്രതിയാണ്.
വർഷങ്ങളായി വായ്പ സബ്സിഡി ക്രമവിരുദ്ധമായി വൻ സംഘം തട്ടിയെടുക്കുകയായിരുന്നു. വ്യവസായവകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് ആദ്യം കേസെടുത്തത്. തുടർന്ന് വിജിലൻസിന് കൈമാറി. സഹകരണ സംഘങ്ങളെ മറയാക്കിയാണ് സബ്സിഡി തുക മാറിയെടുത്തത്.
കോർപ്പറേഷനിൽ വിവിധ ആനുകൂല്യങ്ങൾക്കായി ഗുണഭോക്താക്കൾ നൽകിയ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് തിരിമറി നടത്തിയായിരുന്നു തട്ടിപ്പ്. വർഷങ്ങളായി നടന്ന തട്ടിപ്പ് കണ്ടെത്തിയത് ഓഡിറ്റ് വകുപ്പിന്റെ സംശയത്തിലാണ്. ജാതി സർട്ടിഫിക്കറ്റുകളിൽ സംശയംതോന്നി താലൂക്ക് ഓഫീസിൽ പരിശോധനക്കയച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്.
‘മാതൃഭൂമി’യാണ് ഈ തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവന്നത്. തുടർന്ന് പോലീസ് കേസെടുത്തതോടെ ഇതിനുപിന്നിൽ വൻ സംഘമുണ്ടെന്ന് കണ്ടെത്തി.
കേസ് വിജിലൻസിന് കൈമാറിയെങ്കിലും വർഷങ്ങളായി കേസിൽ തുടർനടപടികളുണ്ടായിരുന്നില്ല. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് ആണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Former SC promoter S. Sindhu arrested for Rs 75 lakh subsidy fraud. Fraud involved creating fake caste certificates to siphon funds. Total scam amount across multiple cases exceeds several crores. Funds were diverted to private accounts using cooperative societies as fronts. Audit department discovery led to the investigation.
Published: 30 Apr 2026, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented