
ജൂബിലി റോഡിലെ പണിതീരാത്ത കെട്ടിടത്തിൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു, കാണാതായ ധനകോടി
തലശ്ശേരി: നഗരമധ്യത്തിലെ പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ടെത്തിയ അസ്ഥിഭാഗം കാണാതായ തമിഴ്നാട് സേലം സ്വദേശിനി ധനകോടിയുടെത് (73) ആണെന്ന് നിഗമനം. ധനകോടിയുടെ ഭർത്താവ് അമ്പായിരത്തെ (77) പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ച വൈകീട്ടാണ് ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്ക് സമീപത്തെ പണി തീരാത്ത പഴയ കെട്ടിടത്തിന്റെ ലിഫ്റ്റ്‌കുഴിയിൽനിന്ന് തലയോട്ടി കണ്ടെത്തിയത്. തുടർന്ന് ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മുഴുവൻ അസ്ഥിഭാഗങ്ങളും കണ്ടെടുത്തു. ആറുമാസത്തോളം പഴക്കമുള്ളതാണ് അസ്ഥിയെന്ന് സംശയിക്കുന്നു. അമ്പായിരവും ധനകോടിയും ആക്രിവില്പനക്കാരാണ്. 30 വർഷമായി ഇവർ കേരളത്തിലാണ്. പലേടത്തായി താമസിച്ചിരുന്ന ഇവർ അടുത്തകാലത്തായി പഴയങ്ങാടി പ്രതിഭാ ടാക്കീസിന് സമീപത്തായിരുന്നു താമസം.
നാലുമക്കളുണ്ട്. തമിഴ്നാട്ടിലുള്ള മക്കൾ അമ്മയെക്കുറിച്ച് തിരക്കുമ്പോൾ നാട്ടിലേക്ക് വിട്ടിട്ടുണ്ട് എന്ന മറുപടികളാണ് അമ്പായിരം നൽകിയിരുന്നത്. വെള്ളിയാഴ്ച മക്കളെല്ലാവരും ചേർന്ന് ചോദ്യം ചെയ്തപ്പോഴാണ് തലശ്ശേരിയിലെ കെട്ടിടത്തിലുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. ഉടൻ മക്കൾ അമ്പായിരത്തെയും കൂട്ടി സ്ഥലത്തെത്തുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
ധനകോടി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത് അമ്മയുടെതാണെന്നും മക്കളും സ്ഥിരീകരിച്ചു.
സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ്, എഎസ്‌പി പി.ബി. കിരൺ, ഇൻസ്പെക്ടർ ബിജു പ്രകാശ്, സബ് ഇൻസ്പെക്ടർമാരായ പി.പി. ഷമീൽ, കെ. അശ്വതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു
ശനിയാഴ്ച രാവിലത്തെ പരിശോധന. ഫൊറൻസിക് വിദ്ഗ്‌ധർ, വിരലടയാള വിദഗ്‌ധർ, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവയും ഉണ്ടായിരുന്നു.
Content Highlights: Skeletal Remains in Thalassery: Tamil Nadu Woman Suspected, Husband in Custody
Published: 30 Nov 2025, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented