നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നഴ്‌സായ ഭാര്യയും ആൺസുഹൃത്തും കൂട്ടാളിയും പിടിയിൽ. വീടിനുമുകളിൽനിന്നും തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ, സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് പ്രശാന്തിനെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ചാണ് ഭാര്യ സന്ധ്യ കൊലപ്പെടുത്തിയത്. സന്ധ്യയും ആൺസുഹൃത്ത് അനിലും, മറ്റൊരു സുഹൃത്തായ വെങ്കട്ട് സായിയും പോലീസ് പിടിയിലായി.
പ്രശാന്തിന്റെ അമ്മയ്ക്ക് തോന്നിയ സംശയത്തിലൂടെയാണ് അപകടമരണമായി മാറേണ്ടിയിരുന്ന ഈ സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നത്. അമ്മയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹേതര ബന്ധത്തിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങൾക്ക് പിന്നാലെ പ്രതികൾ ഗൂഢാലോചന നടത്തിയാണ് കുറ്റകൃത്യം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
പോലീസ് നൽകുന്ന വിവരങ്ങളനുസരിച്ച്; ഗൾഫിൽ ജോലിചെയ്യുന്ന പ്രശാന്ത് അടുത്തിടെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. അനിലുമായുള്ള ബന്ധത്തെച്ചൊല്ലി സന്ധ്യയും പ്രശാന്തും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഒടുവിൽ പ്രശാന്ത് തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് തോന്നിയതോടെ പ്രതികൾ ഇയാളെ ഒഴിവാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. പ്രശാന്തിനെ കൊല്ലാൻ പ്രതികൾ രണ്ടുതവണ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു.
പ്രശാന്തിനെ അമിതമായി മദ്യപിപ്പിച്ച ശേഷമാണ് പ്രതികൾ ആദ്യത്തെ കൊലപാതകശ്രമം നടത്തിയത്. പ്രശാന്ത് പൂസായതോടെ അനിലും വെങ്കട്ടും ചേർന്ന് ഇയാളെ മർദ്ദിക്കുകയും വീടിന്റെ ടെറസിൽനിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രതികൾ പ്രതീക്ഷിച്ചതുപോലെ പ്രശാന്ത് മരിച്ചില്ല. മദ്യപിച്ച് ബോധമില്ലാതെ പ്രശാന്ത് അബദ്ധത്തിൽ കെട്ടിടത്തിൽനിന്ന് വീണതാണ് എന്നാണ് പ്രതികൾ എല്ലാവരോടും പറഞ്ഞത്.
പ്രശാന്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഘട്ടത്തിലാണ് പ്രതികൾ ഗൂഢാലോചനയുടെ രണ്ടാമത്തേതും ഭയാനകവുമായ ഘട്ടം ആരംഭിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന സന്ധ്യ ഭർത്താവിന്റെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനർ കുത്തിവെക്കുകയായിരുന്നു. ഈ വിഷാംശമാണ് മരണത്തിന് കാരണമായത്.
മകന്റെ മരണത്തിലെ അസ്വാഭാവികതയിൽ സംശയം തോന്നിയ പ്രശാന്തിന്റെ അമ്മ ജൂലൈ ഒന്നിന് പോലീസിന് നൽകിയ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അന്വേഷണത്തിനിടെ മൂന്ന് പ്രതികളെയും പോലീസ് ചോദ്യം ചെയ്യുകയും ഗൂഢാലോചന പുറത്തുകൊണ്ടുവരികയും ചെയ്തു.
പ്രശാന്തിനെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തിൽ അയാളെ വീടിന്റെ ടെറസിൽനിന്ന് തള്ളിയിടാൻ സഹായിച്ചതായി വെങ്കട്ട് സായ് പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സന്ധ്യ, അനിൽ, വെങ്കട്ട് സായ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധനകൾ നടക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: A nurse in Nizamabad, Telangana, murdered her husband using her medical training. The murder involved injecting toilet cleaner into the victim's IV line. The crime followed a failed attempt to kill the victim by pushing him off a roof. Police arrested the wife, Sandhya, and two accomplices, Anil and Venkat Sai. The motive was an extramarital affair and marital discord.
Published: 07 Jul 2026, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented