കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശ്ശൂര്‍ സ്വദേശിയായ വിഷ്ണു എന്നയാളാണ് ജഡ്ജിയുടെ ചേംബറിന് മുന്നില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവിനെ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

To advertise here,

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് വിഷ്ണു തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരായത്. നേരത്തെ ഒരു പെണ്‍സുഹൃത്തുമായി ഇയാള്‍ ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തത്. ഇതനുസരിച്ച് വിഷ്ണുവും പെണ്‍സുഹൃത്തും തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരായി. എന്നാല്‍, താന്‍ വീട്ടുകാര്‍ക്കൊപ്പം പോകുകയാണെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് വിഷ്ണു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ജഡ്ജിയുടെ ചേംബറിന് മുന്നില്‍വെച്ചാണ് യുവാവ് കൈഞരമ്പ് മുറിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പോലീസുകാര്‍ ഇടപെട്ട് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവ് അപകടനില തരണംചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)